- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റാംപുരിലും അസംഗഡിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ലോക്സഭയിലേക്കും മുക്താർ അബ്ബാസ് നഖ്വിക്ക് സീറ്റില്ല; കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നതിൽ അനിശ്ചിതത്വം; ഉപരാഷ്ട്രപതിയാക്കാൻ നീക്കമെന്ന സൂചന ശക്തം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്‌സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാകും സ്ഥാനാർത്ഥികൾ. റാംപൂരിൽ മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ നഖ്വി കേന്ദ്ര മന്ത്രിസഭയിൽ തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായി. അതേ സമയം അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാനാണ് ബിജെപി നീക്കമെന്ന സൂചനകൾ ശക്തമായിട്ടുണ്ട്.
മുക്താർ അബ്ബാസ് നഖ്വിയെ റാംപൂരിൽനിന്ന് മത്സരിപ്പിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. മൂന്നു തവണ രാജ്യസഭാ അംഗമായി സേവനമനുഷ്ഠിച്ച നഖ്വി അടുത്തിടെയാണ് കാലാവധി പൂർത്തിയാക്കിയത്. നിർമല സീതാരാമൻ, പിയൂഷ് ഗോയൽ അടക്കമുള്ള നേതാക്കന്മാർക്ക് ഒരിക്കൽകൂടി ബിജെപി രാജ്യസഭാ സീറ്റ് നൽകിയെങ്കിലും നഖ്വിയെ പരിഗണിച്ചിരുന്നില്ല. പകരം രാംപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പാർലമെന്റിൽ എത്തിക്കുമെന്നായിരുന്നു റിപ്പോർട്ട്.
ജൂലായ് ഏഴിനാണ് നഖ്വിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മോദി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗമായ നഖ്വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്സഭയിലും ബിജെപിക്ക് മുസ്ലിം എംപിമാർ ആരുമുണ്ടാകില്ല. പാർലമെന്റിൽ പാർട്ടിക്ക് മുസ്ലിം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാൽ ലോക്സഭാ ഉപതിരഞ്ഞടുപ്പിൽ റാംപുരിൽ നിന്ന് നഖ്വിയെ മത്സരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
യു.പിയിൽ എസ്‌പിയുടെ അഖിലേഷ് യാദവും അസം ഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒഴിവു വന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുവരും ലോക്സഭാ അംഗത്വം രാജിവച്ചിരുന്നു. ഘനശ്യാം ലോധി മുൻ എസ്‌പി നേതാവാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റവും അഴിമതി ആരോപണവും നടത്തിയായിരുന്നു ഘനശ്യാം പാർട്ടി വിട്ടത്. ദിനേശ് ലാൽ യാദവ് ബോജ്പുരി നടൻ കൂടിയാണ്. നിരാഹുവ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ തവണയും എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ബിജെപി മത്സരിപ്പിച്ചിരുന്നതും ദിനേശിനെയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. 26നു വോട്ടെണ്ണൽ. കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ബിജെപി മാറ്റിയിരുന്നു. നിയമസഭാ അംഗമല്ലാത്ത മാണിക് സാഹയെയാണ് പകരം നിയമിച്ചത്. ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ടൗൺ ബോർഡോവാലി മണ്ഡലത്തിലാണ് മണിക് സാഹയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം അഗർത്തലയിൽ അശോക് സിൻഹ, സുർമയിൽ സ്വപ്ന ദാസ് പോൾ, ജുബരാജ് നഗറിൽ മലീല ദേബ്നാഥ്, ആന്ധ്രപ്രദേശിലെ ആത്മികൂറിൽ ഭരത് കുമാർ യാദവ്, ഡൽഹിയിലെ രജീന്ദർ നഗറിൽ രാജേഷ് ഭാട്ടിയ, ഝാർഖണ്ഡിലെ മന്ദറിൽ ഗംഗോത്രി കുജൂർ എന്നിവരെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.




