ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചാൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മുലായത്തിന്റെ മകനും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അച്ഛനെ പ്രധാനമന്ത്രിയായാൽ തന്റെ സ്വപ്‌നം യാഥാർത്ഥ്യമാകുമെന്നും അഖിലേഷ് കൂട്ടിചേർത്തു.

ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മേളനത്തിലാണ് അഖിലേഷ് യാദവ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മുലായത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉപപ്രധാനമന്ത്രിയാക്കിയുള്ള ഫോർമുലയാണ് അഖിലേഷിന്റെ മനസ്സിലുള്ളത് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ സഖ്യം രൂപവത്കരിക്കാനാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധി തന്റെ പഴയകാല സുഹൃത്താണെന്നും അഖിലേഷ് പറഞ്ഞു.

സമ്മേളനത്തിനെത്തിയ രാഹുലിന്റെ മുമ്പാകെയാണ് അഖിലേഷ് ഈ ഫോർമുല മുന്നോട്ടുവച്ചത്. എന്നാൽ ഈ നിർദേശത്തോട് രാഹുൽ പ്രതികരിക്കാൻ തയ്യാറായില്ല. ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി അംഗം ആസംഖാനെ പുറത്താക്കാനുള്ള ആവശ്യത്തെ താൻ പിന്തുണക്കുന്നില്ലെന്നും അഖിലേഷ് വ്യക്തമാക്കി. പ്രസ്താവനകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ ജനതയ്ക്ക് അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള അവകാശമുണ്ടെന്നും അഖിലേഷ് പറഞ്ഞു.