ന്യൂഡൽഹി: സമാജ് വാദി പാർട്ടിയിൽ മകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി പാർട്ടി നേതാവ് മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പിനു സജ്ജമാകാൻ തന്റെ അനുയായികൾക്ക് മുലായം നിർദ്ദേശം നല്കിയതായി അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. അഖിലേഷുമായുള്ള തർക്കത്തിൽ തനിക്ക് പാർട്ടി അനുയായികളുടെ പിന്തുണ കുറവാണെന്ന കാര്യവും മുലായം സമ്മതിച്ചതായാണ് അറിയുന്നത്. ഡൽഹിയിൽ ചേർന്ന മുലായം അനുയായികളുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കുവാൻ അഖിലേഷ് യാദവ് ആറു പെട്ടി രേഖകൾ ഇലക്ഷൻ കമ്മീഷനു മുന്നിൽ സമർപ്പിച്ചതിനു പിറ്റേന്നാണ് മൂലായം തന്റെ അനുയായികളുടെ യോഗം വിളിച്ചത്. ജനുവരി ഒന്നിന് അഖിലേഷ് വിളിച്ചുചേർത്ത തന്റെ അനുയായികളുടെ യോഗത്തിൽ അയ്യായിരം പേർ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽവച്ചാണ് അച്ഛനെ മാറ്റി താൻ പാർട്ടിയുടെ ദേശിയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതായും അഖിലേഷ് പ്രഖ്യാപിച്ചത്.

ഒരു മാസം മാത്രം അവശേഷിക്കുന്ന ഉത്തർപ്രദേശ് നിമയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി അച്ഛനും മകനും ഇടയിൽ ഉടലെടുത്ത തർക്കം പാർട്ടിയെ പിളർപ്പിലേക്കു നയിക്കുന്നതയാണ് അവസാനം ലഭിക്കുന്ന വിവരങ്ങളിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത്.

സൈക്കിൾ ചിഹ്നം ലഭിക്കാനായി മുലായവും അനുയായികളും നാളെ ഇലക്ഷൻ കമ്മീഷനെ കാണുന്നുണ്ട്. ഡൽഹിയിലെത്തിയ മുലായം തന്റെ സഹോദരനും വിശ്വസ്തനുമായ ശിവലാൽ യാദവുമായും അമർ സിംഗുമായും കൂടിക്കാഴ്ച നടത്തി. ഇവർ രണ്ടു പേരും ചേർന്നാണ് അച്ഛനെ താനുമായി തെറ്റിക്കുന്നതെന്നാണ് അഖിലേഷ് ആരോപിക്കുന്നത്.

ഏറ്റവും കൂടുതൽ പിന്തുണയുള്ളവർക്കായിരിക്കും ഇലക്ഷൻ കമ്മീഷൻ സൈക്കിൾ ചിഹ്നം അനുവദിക്കുകയെന്ന് അറിയുന്നു. കഴിഞ്ഞയാഴ്ച ഇരുവിഭാഗവും ഇലക്ഷൻ കമ്മീഷനെ സമീപിച്ചതിനെത്തുർന്നാണ് പിന്തുണ വെളിപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞദിവസം അഖിലേഷ് തന്റെ വിശ്വസ്തനും അമ്മാവനുമായ രാംഗോപാൽ യാദവിനൊപ്പമാണ് പിന്തുണ തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചത്. തന്നെ പിന്തുണയ്ക്കുന്ന അനുയായികളുടെ ഒപ്പോടുകൂടിയ സത്യവാങ്മൂലങ്ങളാണ് സമർപ്പിച്ചതെന്നാണ് അഖിലേഷ് വ്യക്തമാക്കിയത്.