തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനു വീണ്ടും നീക്കം തുടങ്ങി കേരളം. 10 വർഷം മുൻപു തയാറാക്കിയ ഡിപിആർ ആണു പുതുക്കുന്നത്. 2011 ലാണ് പുതിയ അണക്കെട്ടിനു കേരളം ശുപാർശ ചെയ്തത്. 663 കോടി രൂപയാണ് ചെലവായി കണക്കാക്കിയിരുന്നത്. 4 വർഷത്തിനുള്ളിൽ അണക്കെട്ടു നിർമ്മിക്കാനാകും എന്നായിരുന്നു കേരളത്തിന്റെ ശുപാർശ. എന്നാൽ ശുപാർശ നിയമക്കുരുക്കിൽപെട്ടതോടെ പദ്ധതി മരവിച്ചു. ഇതാണ് വീണ്ടും സജീവമാക്കുന്നത്.

ഡിപിആർ തയാറാക്കുന്നതിനു ചീഫ് എൻജിനീയർ (ഇറിഗേഷൻ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ, തിരുവനന്തപുരം) ചെയർമാനും, ചീഫ് എൻജിനീയർ (ഐഡിആർബി) കോ ചെയർമാനും, ഐഡിആർബി ഡയറക്ടർ, സൂപ്രണ്ടിങ് എൻജിനീയർ (മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ, എറണാകുളം), എക്‌സിക്യൂട്ടീവ് എൻജിനീയർ (മൈനർ ഇറിഗേഷൻ ഡിവിഷൻ, കട്ടപ്പന) തുടങ്ങിയവർ അംഗങ്ങളുമായ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ പുതിയ ഡാം നിർമ്മിക്കുന്നതിനു മുന്നോടിയായി മണ്ണു പരിശോധനയും മറ്റും കേരളം പൂർത്തിയാക്കിയെങ്കിലും തമിഴ്‌നാട് എതിർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ പദ്ധതി താൽക്കാലികമായി തടസ്സപ്പെട്ടു. പരിശോധനയുമായി മുന്നോട്ടു പോകാമെന്നു കേരളത്തിനു സുപ്രീംകോടതി പച്ചക്കൊടി കാട്ടിയതോടെ തടസ്സങ്ങൾ നീങ്ങി. പുതിയ അണക്കെട്ടു നിർമ്മിക്കണമെങ്കിൽ, കുറഞ്ഞത് 1000 കോടി രൂപയെങ്കിലും വേണ്ടി വരും.

അണക്കെട്ടു നിർമ്മിക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനത്തിന് 2014ൽ കേരളം അപേക്ഷ നൽകിയെങ്കിലും 4 വർഷത്തിനു ശേഷമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആൻഡ് കൺസൽറ്റന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്. ഈ മാസം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം. കോവിഡ് പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിക്കാനും മറ്റും കഴിയാത്ത സാഹചര്യമാണെന്നു പ്രഗതി ലാബ്‌സ്, കേരള സർക്കാരിനെ അറിയിച്ചു. 6 മാസം കൂടി നീട്ടി നൽകും

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനു കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം.