- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ടണലിലൂടെ കൂടുതലായി വെള്ളം കൊണ്ടു പോകണം; സ്പിൽവേയിലൂടെ ജലം താഴേയ്ക്ക് വിട്ട് അടിയന്തര ഇടപെടൽ വേണം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തെഴുതി പിണറായി വിജയൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ഭീതി ഔദ്യോഗികമായി തമിഴ്‌നാടിനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിൽ നിന്ന് അടിയന്തരമായി ജലം തുറന്നുവിടണമെന്നാണ് ആവശ്യം. മഴ കനത്താൽ കേരളത്തെ മുല്ലപ്പെരിയാർ വമ്പൻ ഭീഷണിയിലാക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.
ഡാമിൽ നിന്ന് വെള്ളം തമിഴ്‌നാട്ടിലെ ടണലിലൂടെ കൂടുതലായി പുറത്തു വിടണമെന്നാണ് ആവശ്യം. സമയബന്ധിതമായി ഇതിൽ ഇടപെടണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടു. വൈഗാ ഡാമിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകണം. ഇതിനൊപ്പം വെള്ളത്തെ താഴേക്ക് തുറന്നു വിടുകയും വേണം. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് കേരളത്തെ അറിയിക്കണമെന്നതാണ് കത്തിലെ മറ്റൊരു ആവശ്യം. ആളുകളെ ജീവൻ രക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്ന് പിണറായി വിജയൻ ഓർമിപ്പിക്കുന്നു.
ലോകത്തിലെ അപകടകരമായ അവസ്ഥയുള്ള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി വിശദീകരിച്ചിരുന്നു. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അണക്കെട്ടിലെ ചോർച്ചകളും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും കാലാവധി കഴിഞ്ഞവയാണ്. മുല്ലപ്പെരിയാറിൽ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യൺ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആറ് അണക്കെട്ടുകളിൽ എറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ.
1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്. അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമോ ഇല്ലെങ്കിൽ 100 വരെയാണ്.എന്നാൽ 100 ൽ കൂടുതൽ വർഷമായ മുല്ലപ്പെരിയാറിന്റെ കാലാവധി കഴിഞ്ഞ അവസ്ഥയിലാണെന്ന് കോടതി വ്യക്തമാക്കി. നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. ആറുമണി വരെയുള്ള കണക്ക് പ്രകാരം 136.80 ആണ് ജലനിരപ്പ്. 138-ലേക്ക് എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പും നൽകും. കേരളത്തിലെ പ്രളയാവസ്ഥയിൽ ഡാം ജീവനുകൾക്ക് ഇതൊരു ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ അതീവ ഗുരുതര പ്രതിസന്ധിയെയാണ് കേരളം ഇപ്പോൾ നേരിടുന്നത്.
ഇടുക്കി ഡാം ഉൾപ്പെടെ തുറക്കേണ്ട അവസ്ഥ വന്നു. തുലാമഴ ശക്തമായാൽ ഇടുക്കിയിൽ അനിയന്ത്രിതമായി വെള്ളമെത്തും. ഈ സമയം ഇടുക്കി തുറന്നാൽ അത് പ്രതിസന്ധി രൂക്ഷമാക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. ജലനിരപ്പ് 136 അടിയിൽ എത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിന് ആദ്യ അറിയിപ്പ് തമിഴ്‌നാട് സർക്കാർ നൽകിയിരുന്നു. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്‌നാട് കേരളത്തിന് നൽകും. ഇതിന് പിന്നാലെ സ്പീൽവേയിലൂടെ വെള്ളം ഒഴുക്കി വിടാൻ നടപടി സ്വീകരിക്കും.
അതേസമയം, തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 2150 ഘനയടിയാണ്. ഈ വെള്ളത്തിന്റെ അളവ് ഉയർത്തണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മഴക്കാലമായതു കൊണ്ട് തന്നെ തമിഴ്‌നാട് അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് കത്തെഴുതിയത്. ഉദ്യോഗസ്ഥ തല ഇടപെടലുകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ഇത്.
മുല്ലപ്പെരിയാറിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന വെള്ളം ഇടുക്കി ജല സംഭരണിയിലേക്കാണ് എത്തുന്നത്. ഈ വെള്ളം ഉൾകൊള്ളാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടോ എന്ന സംശയം സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ