- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്! പൃഥ്വിരാജിന്റെ ഈ വാക്കുകൾ മലയാളിക്ക് നൽകുന്നത് പുതു പ്രതീക്ഷ; ജലനിരപ്പ് ഉയരുമ്പോഴും മുല്ലപ്പെരിയാറിൽ മൗനം തുടർന്ന് തമിഴ്‌നാട്; കേരളത്തിന് 'ജലബോംബ്' ഭീതിയാകുമ്പോൾ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത് എത്തുമ്പോൾ ആ സോഷ്യൽ മീഡിയാ കാമ്പയിന് ലഭിക്കുന്നത് വലിയ പിന്തുണ. സാധാരണ മലയാള സിനിമാക്കാർ തമിഴ്‌നാടിനെ പിണക്കാൻ ആഗ്രഹിക്കാറില്ല. തമിഴ്‌നാട്ടിലെ വിപണി മൂല്യം കണക്കിലെടുത്താണ് ഇത്. ഈ സാഹചര്യത്തിൽ പൃഥ്വിരാജ് ഉയർത്തുന്നത് സിനിമയ്ക്ക് എതിരെ ഉയരാവുന്ന തമിഴ് വികാരം പോലും അവഗണിച്ചാണ്. ഇതാണ് ഈ നടന് ഇപ്പോൾ മലയാളികളുടെ കൈയടി നേടിക്കൊടുക്കുന്നത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.
മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് പോലും ഒരിക്കലും പറയാനാകാത്തതാണ് ഇത്. ലക്ഷദ്വീപിലെ പൃഥ്വിയുടെ ഇടപെടലിന് ശേഷം ഇതാ മറ്റൊരു മാസ് നടപടി-ഇതാണ് സിനിമാക്കാർ പോലും ആ ഇടപെടലിനെ വിശേഷിപ്പിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർത്ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.
കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തിൽ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക. ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ നഗരത്തിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴ പെയ്തു. നഗരത്തിൽ പലയിടങ്ങളിലും കെ.കെ.ആർ ജംഗ്ഷനിലെ മൂന്ന് വീടുകളിലും വെള്ളം കയറി. മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സിന്റെ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു. ഈ മഴയെല്ലാം മുല്ലപ്പെരിയാറിലെ ഭീതിയും കൂടുന്നു. തുലാമഴ തിമിർത്ത് പെയ്താൽ ഭീതി ശക്തമാകും.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഈ മാസം 137.75 അടിയിലെത്തിയാൽ വെള്ളംതുറന്നു വിടണമെന്ന കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശം തമിഴ്‌നാട് അട്ടിമറിച്ചു. ഒക്ടോബർ 20- 30 വരെ ഉയർത്താവുന്ന ജലനിരപ്പ് ഇത്രയുമാണെന്ന് തമിഴ്‌നാട് തന്നെ ജല കമ്മിഷന് സമർപ്പിച്ച റൂൾ ലെവലാണ് അവർ അട്ടിമറിക്കുന്നത്. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് അപ്പർ റൂൾ ലെവൽ. തമിഴ്‌നാട് നൽകിയ റൂൾ ലെവൽ ജല കമ്മിഷൻ അംഗീകരിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇതുപ്രകാരം, ജലനിരപ്പ് 136.75 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കണം. എന്നാൽ, 142 അടിയാക്കി ഉയർത്തി അണക്കെട്ട് സുരക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.
മറ്റ് വലിയ അണക്കെട്ടുകൾക്കെല്ലാം റൂൾ ലെവലുണ്ടെങ്കിലും മുല്ലപ്പെരിയാറിനുണ്ടായിരുന്നില്ല. അതിനാൽ, തമിഴ്‌നാടിന് തോന്നിയ അളവുവരെ ജലം സംഭരിക്കാനും കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വെള്ളമൊഴുക്കാനും കഴിയുമായിരുന്നു. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയ ഹർജിയിലാണ് റൂൾ ലെവലും, ഷട്ടർ പ്രവർത്തന മാർഗരേഖയുണ്ടാക്കാനും സുപ്രീംകോടതി മാർച്ച് 16ന് ഉത്തരവിട്ടത്. തുടർന്ന് തമിഴ്‌നാട് ജൂൺ 10 മുതൽ നവംബർ 30വരെയുള്ള റൂൾ ലെവൽ ജലകമ്മിഷന് സമർപ്പിച്ചു. ഇതുപ്രകാരം വർഷത്തിൽ രണ്ട് തവണ (സെപ്റ്റംബർ 20നും നവംബർ 30നും)? ജലനിരപ്പ് 142 അടിവരെ ഉയർത്താം. ഇതാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു. തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നാണ് തമിഴ്‌നാട് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കത്തിനോട് ഇതുവരെ തമിഴ്‌നാട് പ്രതികരിക്കുക പോലും ചെയ്തിട്ടില്ല.
ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. മുല്ലപ്പെരിയാറിൽ ഒക്ടോബർ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്‌നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസർവോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. അതിനു മുന്നോടിയായി ഇടമലയാർ അണക്കെട്ടും തുറന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളൽനില ഒക്ടോബർ 20ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലെവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും കത്തിൽ തമിഴ്‌നാടിനെ അറിയിച്ചു.
ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ