മാങ്കുളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി യോഗത്തിൽ ധാരണ ആയതോടെ എപ്പോൾ വേണമെങ്കിലും അണക്കെട്ട് തുറക്കാൻ സാധ്യത. കോടതിയിൽ കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടുപ്രകാരം ഇപ്പോഴത്തെ റൂൾ കർവ് 138 അടിയാണ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവിൽ 137.6 അടിയാണ് ജലനിരപ്പ്. വെള്ളം തുറന്നുവിടുകയാണെങ്കിൽ 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ തുറന്നാൽ ഇടുക്കി ഡാമിലേക്കാകും വെള്ളം ഒഴുകിയെത്തുക. മുല്ലപ്പെരിയാറിൽ ചൊവ്വാഴ്ച രാവിലെയുള്ള കണക്കുപ്രകാരം സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിൽ നൽകിയ സ്റ്റാറ്റസ് റിപ്പോർട്ടിൽ റൂൾ കർവ് വിശദമായി പറഞ്ഞിട്ടുണ്ട്. ജൂൺ പത്ത് മുതൽ നവംബർ 30 വരെ പത്തുദിവസം ഇടവിട്ടുള്ള റൂൾ കർവാണിത്.

ജൂണ് പത്തിന് 136 അടിയാണ് റൂൾ കർവ്. പിന്നെ കൂടുന്നു. സെപ്റ്റംബർ പത്തിന് 140 അടിയും 20-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ്. പിന്നെ വീണ്ടും കുറയുന്നു. ഒക്ടോബർ 20 മുതൽ 138 അടിയും നവംബർ 20-ന് 141 അടിയും 30-ന് പരമാവധി ജലനിരപ്പായ 142 അടിയുമാണ് നിശ്ചയിച്ചത്. രണ്ടുതവണ 142 അടിയിൽ റൂൾ കർവ് നിശ്ചയിച്ചത് ശരിയല്ല എന്ന നിലപാടാണ് കേരളത്തിന്. ഇതുമൂലം റൂൾ കർവിൽ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല.

സുപ്രീംകോടതി നിർദേശമനുസരിച്ചാണ് ചൊവ്വാഴ്ച അടിയന്തര മേൽനോട്ടസമിതി ഓൺലൈനായി യോഗം ചേർന്നത്. ജലകമ്മിഷൻ ചീഫ് എൻജിനീയർ, കേരളം, തമിഴ്‌നാട് എന്നിവരുടെ ഓരോ പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ. പലചർച്ച നടന്നെങ്കിലും ഒടുവിൽ തമിഴ്‌നാട് പ്രതിനിധിയും ജലകമ്മിഷൻ ചീഫ് എൻജിനീയറുമാണ് നിലവിൽ തയ്യാറാക്കിയ റൂൾ കർവ് പ്രകാരം ജലനിരപ്പ് നിയന്ത്രിക്കും എന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ച കോടതിയിൽ അറിയിക്കും. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിനും റൂൾ കർവ് നിലവിൽവരും.

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതിനാൽ ജലനിരപ്പ് കുറഞ്ഞില്ല. ജലനിരപ്പ് ഉയരുന്നതിനിടെ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രധാന യോഗങ്ങൾ നടക്കും. കേരള -തമിഴ്‌നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും. തമിഴ്‌നാട് കൊണ്ടു പോകുന്നതിനേക്കാളാണ് ഡാമിലേക്കുള്ള നീരൊഴുക്കിന്റെ തോത്. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തി. ഈ നില തുടർന്നാൽ വളരെ വേഗത്തിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും.

അതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെടും. നേരത്തെ മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിരുന്നു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നും ജലനിരപ്പ് കുറയ്ക്കാൻ തമിഴ്‌നാട് തയാറാകുമെന്നാണു വിശ്വാസമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഇടുക്കി വണ്ടിപ്പെരിയാറിൽ കലക്ടറുടെ അധ്യക്ഷതയിൽ 11 അണ് യോഗം.

തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പൊലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.