- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും തമിഴ്‌നാട് പറഞ്ഞത് അതേ പടി അംഗീകരിച്ച് സുപ്രീംകോടതി; നവംബർ 10 വരെ 139.5 അടിയായി ജലനിരപ്പ് നിജപ്പെടുത്തി പരമോന്നത കോടതി; അംഗീകരിച്ചത് മേൽനോട്ട സമിതിയുടെ ശുപാർശ; റൂൾ കർവ്വിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കേരളത്തിന് നിർദ്ദേശം
തിരുവനന്തപുരം: മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 11വരെ 139.5 അടിക്ക് മുകളിൽ ഉയരരുതെന്ന് സുപ്രീംകോടതി നിർദ്ദേശം. ഈ കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും. നവംബർ 9ന് അകം വിശദമായ സത്യവാങ്മൂലം ഇക്കാര്യത്തിൽ കേരളം നൽകണം. റൂൾ കവർവ്വ് തർക്കത്തിലാണ് സത്യവാങ്മൂലം നൽകേണ്ടത്. മേൽനോട്ട സമിതി തീരുമാനം അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.
തമിഴ്‌നാട് സർക്കാരിന്റെ റൂൾ കർവ്വാണ് മേൽനോട്ട സമിതി പരിഗണിക്കുന്നതെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണഅ കേരളത്തോട് സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചത്. ഈ തർക്കത്തിൽ സുപ്രീംകോടതി തുടർവാദം കേൾക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137.55 അടിയായി ഉയർന്നിരുന്നു. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ തമിഴ്‌നാട് കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്. 139 അടി കവിയുമ്പോൾ ഡാം തുറക്കാനായിരുന്നു ഏകദേശ തീരുമാനം. എന്നാൽ സുപ്രീംകോടതി വിധിയോടെ 139.5 അടിയിലേക്ക് കാര്യങ്ങളെത്തി.
142 അടി പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പു സന്ദേശം നൽകേണ്ട 138 അടിയിലേക്ക് അടുക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് എടുത്തിരുന്നു. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാർ അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശ് ആണ് സംസ്ഥാന സർക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്.
ഇടുക്കി അണക്കെട്ടിൽ പരമാവധി സംഭരിക്കാൻ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതൽ ജലം കുറഞ്ഞ സമയത്തിന് ഉള്ളിൽ എത്തുന്നത് സ്ഥിതി സങ്കീർണമാക്കും എന്നും കേരളം വ്യക്തമാക്കുന്നു. അതിനാൽ പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് സ്വീകാര്യം അല്ലെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. തമിഴ്‌നാട് തയ്യാറാക്കിയ റൂൾ കെർവ് ആണ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചത്. ഇത് സ്വീകാര്യമല്ല. തമിഴ്‌നാട് തയ്യാറാക്കിയ റൂൾ കെർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബർ 31 വരെ 138 അടിയാകാം. നവംബർ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബർ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബർ 30-ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാൽ പ്രവചനാതീതമായ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ല എന്ന് കേരളം വ്യക്തമാക്കുന്നു.
ഒക്ടോബർ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയാകാം എന്നാണ് കേരളത്തിന്റെ നിലപാട്. നവംബർ പത്തിലെ പരമാവധി ജലനിരപ്പ് 138.3 അടിയും നവംബർ 20-ലെ പരമാവധി ജലനിരപ്പ് 139.6 അടിയും, നവംബർ 30-ലെ പരമാവധി ജലനിരപ്പ് 140 അടിയുമാണ് കേരളത്തിന്റെ റൂൾ കെർവ് വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയർത്തരുതെന്നും കേരളം സുപ്രീം കോടതിയിൽ നൽകിയ വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താം എന്നാണ് മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ മേൽനോട്ട സമിതി യോഗത്തിൽ തങ്ങൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജന കുറിപ്പും സുപ്രീം കോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്.
2012-ൽ വിദഗ്ധ സമിതി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയർത്താം എന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, നിലവിൽ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്നും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ