- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി; തുറക്കുക മൂന്ന്-നാല് ഷട്ടറുകൾ; ഇടുക്കി ഡാമും തുറക്കും; ചപ്പാത്ത് മുങ്ങില്ലെന്ന് വിലയിരുത്തൽ; സുസജ്ജമെന്ന് സർക്കാർ; തിരുവിതാംകൂർ മഹാരാജാവ് ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച ആ പാട്ടക്കരാറിന് ഇന്ന് 135 വയസ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി സംഭരണശേഷി 136 അടിയിൽനിന്ന് 142-ലേക്ക് ഉയർത്തിയശേഷം തുറക്കാൻ പോകുന്നത് ഇത് മൂന്നാംതവണ. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരം കനത്ത ജാഗ്രതയിലാകും. കൊച്ചിയും ഭീതിയിലാകും.
മുല്ലപ്പെരിയാർ തുറക്കുമ്പോൾ എത്തുന്ന അധികജലം ഒഴുക്കികളയുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് നാലിനോ ശനിയാഴ്ച രാവിലെയോ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നേക്കും. ഇതിന് മുൻകൂർ അനുമതി നൽകി. ഇപ്പോൾ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി ആണ്. മുല്ലപ്പെരിയാറിൽ 139.5 അടി ജലമാകുമ്പോൾ തുറക്കണമെന്നാണ് സുപ്രീംകോടതി വിധി. കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാറിൽ അടിയന്തര സാഹചര്യമാണുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്ന്, നാല് ഷട്ടറുകകളാണ് തുറക്കുന്നത്. തുടക്കത്തതിൽ 534 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കും. പടിപടിയായി ഇത് 1000 ഘന അടിയാക്കും. ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് തുറക്കുന്നത്. സുപ്രീം കോടതിയുടെ ഇടക്കാല വിധിയെത്തുടർന്നാണ് ഷട്ടറുകൾ തുറക്കുന്നത്. പെരിയാർ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
ഇപ്പോഴത്തെ തീരുമാന പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നത്. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. റവന്യു, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. 2014 മേയിലാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ അനുമതിനൽകിയത്. അതേവർഷം ഡിസംബറിൽ ജലനിരപ്പ് 140 അടിയെത്തി. അണക്കെട്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തമിഴ്‌നാട് വൈഗ ഡാമിലേക്ക് കൂടുതൽ വെള്ളമൊഴുക്കി ജലനിരപ്പ് നിയന്ത്രിച്ചു. ഇതോടെ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലാതായി.
2015 ഡിസംബർ ഏഴിന് രാത്രി ജലനിരപ്പ് 142 അടിയിലേക്കെത്തിയതോടെ അഞ്ച് സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി. അന്ന് കാര്യമായ നാശനഷ്ടങ്ങൾ പെരിയാർ തീരത്തുണ്ടായില്ല. 2018 ഓഗസ്റ്റിലാണ് രണ്ടാമതായി അണക്കെട്ട് തുറന്നത്. ഒമ്പതുദിവസംകൊണ്ട് 6.5 ടി.എം.സി. വെള്ളം ഒഴുകിയെത്തി. ഇതോടെ, ഇടുക്കി ജില്ലാഭരണകൂടത്തിനുപോലും മുന്നറിയിപ്പ് നൽകാതെ ഓഗസ്റ്റ് 15-ന് പുലർച്ചെ തമിഴ്‌നാടിന് വെള്ളമൊഴുക്കേണ്ടിവന്നു.
സെക്കൻഡിൽ എട്ടുലക്ഷം ലിറ്റർ വെള്ളംവരെ പെരിയാറിലേക്ക് ഒഴുക്കി. ഇത് പെരിയാർ തീരങ്ങളെ വെള്ളത്തിലാക്കി. ഓഗസ്റ്റ് 23-ന് ജലനിരപ്പ് 139.99 അടിയായി കുറഞ്ഞതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇത്തവണ പെരിയാർ നദിയിൽ ജലനിരപ്പ് തീരെ കുറവാണ്. അണക്കെട്ടിൽനിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടുതലായാൽപ്പോലും പെരിയാർ തീരവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്.
ഈ മാസം 19നു രാവിലെ 11ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ 3 ഷട്ടറുകൾ തുറന്നിരുന്നു. അപ്പോഴത്തെ ജലനിരപ്പ് 2398.08 അടിയായിരുന്നു. മഴ കുറഞ്ഞതോടെ 22നു 2 ഷട്ടറുകളും കഴിഞ്ഞ ദിവസം മൂന്നാമത്തെ ഷട്ടറും അടയ്ക്കുകയായിരുന്നു. 9 ദിവസംകൊണ്ട് 46.296 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുക്കിവിട്ടത്. 6.8 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണിത്. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയതായും മന്ത്രി പറഞ്ഞു..
ഹൃദയരക്തം കൊണ്ട് ഒപ്പുവയ്ക്കുന്നു' എന്നു തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രഖ്യാപിച്ച മുല്ലപ്പെരിയാർ പാട്ടക്കരാറിന് ഇന്ന് 135 വയസ്സാകുകയാണ്. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി കൃഷി ചെയ്യുന്നതിന്, 1886 ഒക്ടോബർ 29നാണ് ശ്രീമൂലം തിരുനാളും ബ്രിട്ടിഷ് ഭരണകൂടവും 'പെരിയാർ ലീസ് എഗ്രിമെന്റ്' എന്നറിയപ്പെടുന്ന കരാർ ഉണ്ടാക്കിയത്. 999 വർഷത്തേക്കുള്ള കരാർ ഒപ്പിടേണ്ടിവന്നതിനെക്കുറിച്ചാണ് ശ്രീമൂലം തിരുനാൾ ഹൃദയവേദനയോടെ പ്രതികരിച്ചത്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടതോടെ സാധുത നഷ്ടപ്പെട്ട കരാർ, മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് 1970 മെയ് 29ന് 2 അനുബന്ധകരാറുകളിലൂടെ പുതുക്കി.
മറുനാടന് മലയാളി ബ്യൂറോ