കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. സെക്കൻഡിൽ 15,117 ലീറ്റർ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്. മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി. മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെ.മീ. വീതമാണ് ഉയർത്തിയത്. രാവിലെ 7 മണിയോടെ തുറക്കുമെന്ന് തമിഴ്‌നാട് അധികൃതർ അറിയിച്ചതിനെ തുടർന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയിരുന്നു. തമിഴ്‌നാട് ഉദ്യോഗസ്ഥർ അൽപനേരം വൈകുമെന്നു പിന്നീട് കേരള സംഘത്തെ വിളിച്ച് അറിയിച്ചു. തമിഴ്‌നാട് സംഘം എത്തിയതിനു ശേഷം ഷട്ടറുകൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി.

2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിൽ എത്തും. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയിൽ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പിൽനിന്ന്). ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ വീണ്ടും തുറന്നേക്കും. ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ ഷട്ടർ തുറന്ന് 20 മിനിട്ടുകൊണ്ട് വെള്ളം വള്ളക്കടവിലെത്തി. ഉച്ചയോടെ അയ്യപ്പൻകോവിലിൽ എത്തും. വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ അതീവ ജാഗ്രതയാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്.

ചെറുതോണിയും തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിൽനിന്നും ഒഴുക്കിവിടുന്ന വെള്ളം കൂടി ഇടുക്കി ഡാമിലാണ് എത്തിച്ചേരുന്നത്. അതിനാൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നേക്കും.

ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടതായാണ് വിവരം. ചെറുതോണിയുടെ ഷട്ടറുകൾ വൈകുന്നേരം നാലിനു ശേഷമോ, ശനിയാഴ്ച രാവിലെയോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് കളക്ടർ അനുമതി നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

ഇടുക്കിയിലും ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. തുറക്കാൻ തീരുമാനിച്ചാൽ ചെറുതോണി അണക്കെട്ടിന്റെ ഒരുഷട്ടർ മാത്രമാകും തുറക്കുക.