തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർകൂടി തുറന്നുവെങ്കിലും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നത് കേരളത്തിന് ആശ്വാസമാണ്. കേരളത്തെ തമിഴ്‌നാട് കേൾക്കുന്നതിന് തെളിവാണ് ഒരു ഷട്ടർ കൂടി തുറന്ന നടപടി. കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. തുലാവർഷം ഇനിയും ശക്തിപ്പെട്ടാൽ മുല്ലപ്പെരിയാറിൽ ആശങ്ക കൂടും.

ഒരു ഷട്ടർ കൂടി തുറക്കുമ്പോൾ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയർന്നു. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ അധികജലം മൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നാമമാത്രമായ വ്യതിയാനമേ ഉണ്ടാക്കൂ. ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്.

മുല്ലപ്പെരിയാറിൽനിന്നും നിലവിൽ കുറച്ചു വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സ്പിൽവേ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. ജലനിരപ്പ് 138.70 അടിയിലെത്തിയപ്പോഴാണ് ഇന്നലെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. ഇപ്പോഴും 138 അടിക്ക് മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാർ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരു സംസ്ഥാനങ്ങളുമായുണ്ടായി. ഡാമിൽനിന്നു പോകുന്ന വെള്ളം സുഗമമായി ഒഴുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നീരൊഴുക്ക് കൃത്യമായി നിർണയിക്കാൻ കഴിയാത്തതിനാൽ കടുത്ത ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.

മുല്ലപ്പെരിയാറിൽനിന്നും കുത്തി ഒഴുകി വരുന്ന ജലത്തിൽ കൃഷിയും വസ്തുവകകളും നശിക്കുമോയെന്ന ആശങ്കയിൽ ദിവസങ്ങൾ തള്ളി നീക്കിയ നദീതീരവാസികൾക്ക് വെള്ളിയാഴ്ച ആശ്വാസത്തിന്റെ ദിനമായിരുന്നു. 2018ൽ അണക്കെട്ടിൽനിന്ന് ജലം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതോടെ വീടും കൃഷിയിടങ്ങളും നശിച്ച നാട്ടുകാരിൽ പലർക്കും സ്പിൽവേ ഷട്ടർ തുറന്ന് മുല്ലപ്പെരിയാർ ജലം ഒഴുക്കുന്നത് ഭീതി നിറഞ്ഞ ഓർമയായിരുന്നു, അന്ന് അണക്കെട്ടിലെ ജലനിരപ്പ് 142 ലേക്ക് കുത്തനെ ഉയർന്നതും റെക്കോഡ് നീരൊഴുക്കുമാണ് മുന്നറിയിപ്പില്ലാതെ ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ അന്ന് തമിഴ്‌നാടിനെ പ്രേരിപ്പിച്ചത്.

എന്നാൽ, ഇത്തവണ ജലനിരപ്പ് 142 ലേക്ക് ഉയരുംമുമ്പേ ഇടുക്കിയിലേക്ക് ജലം തുറന്നു വിടണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചതാണ് ആശ്വാസമായത്. ഇന്നലെ രാവിലെ 7.30 ഓടെ ഷട്ടർ തുറന്നെങ്കിലും ഒന്നര മണിക്കൂറിനുശേഷമാണ് ജലം ജനവാസ മേഖലയായ വള്ളക്കടവിലെത്തിയത്. നദി മുഴുവൻ പരന്ന് നിറഞ്ഞ് ശാന്തമായി ഇടുക്കിയിലേക്ക് ജലം ഒഴുകിയപ്പോൾ പ്രദേശവാസികളുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദേശീയ ദുരന്തനിവാരണ സംഘം, പൊലീസ്, റവന്യൂ, വനം ഉദ്യോഗസ്ഥർ എന്നിവരെല്ലാം വള്ളക്കടവിൽ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ട്. ജലനിരപ്പ് താഴുന്നതിനായി ശനിയാഴ്ച വരെ സ്പിൽവേ ഷട്ടറുകൾ തുറന്നു വെക്കാനാണ് അധികൃതരുടെ തീരുമാനം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതും പ്രതിസന്ധിക്ക് അയവ് വരുത്തിയിട്ടുണ്ട്.