- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനീർസെൽവത്തിന് ജലനിരപ്പ് 142 അടിയായി കാണണം; അണക്കെട്ടിന് താഴെയുള്ളവരുടെ ജീവന് തമിഴ്‌നാട്ടിലെ പ്രതിപക്ഷം നൽകുന്നത് പുല്ലുവില; ഡാം തുറന്നത് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ തന്നെയെന്ന് മന്ത്രി ദുരൈമുരുഗനും; മുല്ലപ്പെരിയാർ ആളിക്കത്തിച്ച് തമിഴ് വികാരം ഉയർത്താൻ ശ്രമം
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത് കേരളത്തിന്റെ ഉദ്യോഗസ്ഥർ അല്ലെന്ന് തമിഴ്‌നാട്. അണക്കെട്ടിന്റെ പരിപൂർണ അധികാരവും അവകാശവും തങ്ങൾക്കാണെന്നു തമിഴ്‌നാട് ആവർത്തിച്ചു. മറിച്ചുള്ള ചില മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജലവിഭവ മന്ത്രി എസ്.ദുരൈമുരുഗൻ പറഞ്ഞു. മുല്ലപ്പെരിയാറിലെ രാഷ്ട്രീയം വീണ്ടും തമിഴ്‌നാട്ടിൽ ഉയരുകയാണ്. കേരളത്തിന്റെ ആശങ്ക മാറ്റാൻ സ്പിൽവേ തുറന്നത് തമിഴ്‌നാട്ടിലെ പ്രതിപക്ഷത്തിന് പിടിച്ചിട്ടില്ല.
1886ലെ കേരളവുമായുള്ള കരാർ പ്രകാരം അണക്കെട്ട് പരിപാലിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും തമിഴ്‌നാടാണ്. 28ന് അണക്കെട്ടിന്റെ 2 ഷട്ടറുകൾ തമിഴ്‌നാട് തുറന്നപ്പോൾ കേരളത്തിലെ ജലമന്ത്രിയും സന്നിഹിതനായിരുന്നു. എന്നാൽ, കേരളത്തിലെ ഉദ്യോഗസ്ഥരാണു ഷട്ടറുകൾ തുറന്നതെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യം കണക്കിലെടുത്ത് ഇത് ഒഴിവാക്കണമെന്നു ദുരൈമുരുഗൻ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിൽ നിന്നു ജലമൊഴുക്കി കളയുന്നതിനെ എതിർത്ത് അണ്ണാഡിഎംകെ രംഗത്തെത്തി. ജലനിരപ്പ് 142 അടിയാക്കി നിലനിർത്തണമെന്നു പാർട്ടി കോഓർഡിനേറ്റർ ഒ.പനീർസെൽവം ആവശ്യപ്പെട്ടു. അതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. വെള്ളം 138.95 അടിയിൽ നിന്ന് 130.85 അടിയിലേക്ക് താഴ്ന്നിട്ടുണ്ട്. സ്പിൽവേ വഴി സെക്കൻഡിൽ 1974 ഘനയടി വെള്ളം ഇടുക്കിയിലേക്കും 2340 ഘനയടി വീതം തമിഴ്‌നാടും കൊണ്ടുപോകുന്നുണ്ട്. എന്നിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകുന്നില്ല
നിലവിലെ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നുവിട്ടേക്കും. സ്പിൽവേ വഴി കൂടുതൽ വെള്ളം ഒഴുകി വന്നതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയരുകയും ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ ഡാം സന്ദർശിച്ചു. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മഴ ശക്തമായാൽ ഭീതി കൂടും. ഇതിനിടെയാണ് മുല്ലപ്പെരിയാർ തുറന്നതിനെതിരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷം രംഗത്ത് വരുന്നത്.
ആകെയുള്ള 13 ഷട്ടറുകളിൽ ആറ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്‌നാടിന് സാധിച്ചിട്ടില്ല.ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാദ്ധ്യതയുണ്ട്. നിലവിൽ സെക്കൻഡിൽ 2974 ഘനയടി വെള്ളമാണ് (84,214 ലിറ്റർ) പുറത്തേക്കൊഴുക്കുന്നത്. 2, 3, 4 നമ്പർ ഷട്ടറുകൾ 70 സെന്റിമീറ്ററും 1, 5, 6 നമ്പർ ഷട്ടറുകൾ 50 സെന്റിമീറ്ററുമാണ് ഉയർത്തിയത്.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് 9 മണിയോടെ മൂന്നാമത്തെ ഷട്ടറുകളും ഉയർത്തുകയായിരുന്നു. മുല്ലപ്പെരിയാറിലേക്കുള്ള ഇൻഫ്ളോ വലിയ തോതിൽ കുറയുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ റെഡ് അലർട്ടല്ല ഓറഞ്ച് അലർട്ടാണ്. ഇടുക്കി അണക്കെട്ടിലും ആശങ്കയ്ക്ക് വകയില്ല. വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.
സൗഹൃദപരമായ സമീപനമാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ ഞായറാഴ്ചയ്ക്ക് മുമ്പ് 138 അടിയിലെത്തിക്കണം എന്നാണ് സുപ്രീം കോടതി നിർദ്ദേശം. അത് പാലിക്കേണ്ട കടമ തമിഴ്‌നാട് സർക്കാരിനാണ്. അത് അവർ പാലിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ