- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ; ഒറ്റരാത്രിക്കൊണ്ട് അണക്കെട്ടിൽ ഉയർന്നത് ഒരടിയോളം ജലനിരപ്പ്; രാവിലെ തന്നെ മൂന്ന് ഷട്ടറുകൾ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് വിട്ട് തമിഴ്‌നാട്; ഇന്ന് ആറുമണിക്ക് ഡാമിലുണ്ടായിരുന്നത് 138.9 അടിയോളം വെള്ളം; മുല്ലപ്പെരിയാറിൽ ആശങ്ക വിട്ടൊഴിയുന്നില്ല; തേക്കടിയിലും പരിസരത്തും മഴ തുടരുമ്പോൾ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും കൂടുതൽ ഷട്ടറുകൾ തുറന്നു. ഇന്നലെ രാത്രി പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഇത്. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വി2, വി3, വി4 ഷട്ടറുുകൾ 65സെന്റീ മീറ്റർ വീതം തുറക്കുകയായിരുന്നു. ഇന്നലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഷട്ടർ അടച്ചിരുന്നു. നിലവിൽ 138.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ഇന്നലെ രാത്രിയിലെ മഴയിൽ അതിവേഗം ജലനിരപ്പ് ഉയരുകയായിരുന്നു. ഒരടിയോളം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അതിവേഗം വീണ്ടും മൂന്ന് ഷട്ടറുകൾ ഉയർത്തുന്നത്. തേക്കടിയിലും നല്ല മഴ പെയ്തിട്ടുണ്ട്. വൃഷ്ടി പ്രദേശത്തെ പ്രധാന സ്ഥലങ്ങളിൽ മഴ തുടരുന്നതും ആശങ്കയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് അടിയന്തര ഇടപെടൽ നടത്തുന്നത്. 138 അടിയിൽ ജലനിരപ്പ് നിജപ്പെടുത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം.
മുല്ലപ്പെരിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഇന്നലെ അടച്ചിരുന്നു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഷട്ടറുകൾ അടച്ചത്. 70 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്ന 1,5,6 ഷട്ടറുകളാണ് രാവിലെ അടച്ചത്. വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചു. ഒരു ഷട്ടർ ചെറുതായി തുറന്നു വച്ചിരുന്നു. എന്നാൽ അതിലൂടെ ജലനിരപ്പ് 138 അടിയിൽ പിടിച്ചു നിർത്താൻ പറ്റില്ലെന്ന് മനസ്സിലാക്കിയാണ് കൂടുതൽ ഷട്ടറുകൾ ഉയർത്തുന്നത്.
കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് നവംബർ 1 മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാൻ തമിഴ്‌നാട് ശ്രമിക്കുന്നില്ല. ജലനിരപ്പ് 138 അടിയിലേക്ക് കുറഞ്ഞതോടെയാണ് നാല് ഷട്ടറുകൾ അടയ്ക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. പക്ഷേ വീണ്ടും മഴ എത്തിയപ്പോൾ അതിവേഗം ജലനിരപ്പ് ഉയർന്നു.
അതേസമയം, ഡാമിന്റെ മേൽനോട്ടത്തിൽ വീഴ്‌ച്ചയുണ്ടായി എന്ന് നിയമസഭയിലടക്കം ഉയർന്ന വിമർശനങ്ങൾക്കിടെ ഉപസമിതി ഡാം സന്ദർശിച്ചു. കേന്ദ്ര ജല കമ്മിഷൻ എക്‌സികൂട്ടിവ് എൻജിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളുമുണ്ട്. വിശദമായ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് കൈമാറും. ഒക്ടോബർ 31 വരെ 138 അടി എന്ന റൂൾ കർവ് പാലിക്കാൻ തമിഴ്‌നാട് തയാറാകാത്തതിലുള്ള വിമർശനം കേരളമുന്നയിച്ചിട്ടുണ്ട്.
നവംബർ 11ന് മുല്ലപ്പെരിയാർ വിഷയം വീണ്ടും പരിഗണിക്കുമ്പോൾ ഇകാര്യം കേരളം സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും നീരൊഴുക്ക് ശക്തമല്ലാത്തത് ആശ്വാസമാണ്. വരും ദിവസങ്ങളിൽ മഴയുടെ തോത് പരിശോധിച്ച് ജലനിരപ്പ് നിയന്ത്രിക്കാൻ കൂടുതൽ ഷട്ടറുകൾ തുറക്കാനും തമിഴ്‌നാട് തയ്യാറായേക്കും.
മറുനാടന് മലയാളി ബ്യൂറോ