- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈരാറ്റുപേട്ടയിലെ വീട്ടിൽ കാണെത്തിയ തമിഴ്‌നാട് പ്രതിനിധികളെ വേണ്ടവിധം ഓടിച്ചു വിട്ട പിസി ജോർജ്; മുല്ലപ്പെരിയാർ തണലിൽ കേരളത്തിലെ രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പ്രമുഖർ നേടിയത് കോടികൾ വിലവരുന്ന ഭൂമി; മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ മരംമുറി ഉത്തരവ്; മുല്ലപ്പെരിയാറിൽ മണക്കുന്നത് അഴിമതി ഗന്ധം
തിരുവനന്തപുരം: വർഷം പഴക്കമുള്ള മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം മാറി മാറി ഭരിച്ചവർ നടത്തുന്ന പ്രസ്താവനയ്ക്ക് കേരളപ്പിറവിയോളം പഴക്കമുണ്ട്. പക്ഷേ ഡാം ഉയർന്നില്ലെന്നു മാത്രമല്ല . അതിനുള്ള കടലാസ് ജോലി പോലും ആരംഭിച്ചിട്ടില്ല. ഇതിനൊപ്പം നടത്തുന്നതെല്ലാം തമിഴ്‌നാടിന് വേണ്ടിയുള്ള കള്ളക്കളികളും. തിരുവനന്തപുരത്ത് തമിഴ്‌നാടിന്റെ ചാരനുണ്ടെന്ന മുൻ ഡിജിപി ടിപി സെൻകുമാറിന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. അത്തരത്തിലുള്ള സ്വാധീനങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ വിവാദവും.
മുഖ്യമന്ത്രി പിണറായി വിജയനും വനംമന്ത്രി എകെ ശശീന്ദ്രനും അറിയാതെ മുല്ലപ്പെരിയാറിലെ മരങ്ങൾ വെട്ടാൻ തമിഴ്‌നാടിന് കേരളം അനുമതി നൽകി. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് ബേബി ഡാം പരിസരത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതി കൊടുക്കുന്നത്. ഇതോടെ കേരളത്തിൽ തമിഴ്‌നാടിനുള്ള സ്വാധീനം വീണ്ടും ചർച്ചയാവുകയാണ്. ജലവിഭവ മന്ത്രിയായി എൻകെ പ്രേമചന്ദ്രൻ എത്തും വരെ മുല്ലപ്പെരിയാറിൽ കേരളത്തിന് സ്ഥിരം തോൽവിയാണ്. അന്ന് മുതൽ കേരളം പൊരുതാൻ തുടങ്ങി. പുതിയ ഡാമിനായി വാദങ്ങൾ ശക്തമാക്കി. ഇതെല്ലാം പൊളിക്കുന്നതാണ് ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കുള്ള അനുമതി.
1970ൽ അച്യുതമോനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേവലം ജലസമുദ്ധിയിലായിരുന്നപ്പോൾ കൂടിയാലോചന നടത്താതെ മുല്ലപ്പെരിയാർ കരാർ പുതുക്കി കൊടുത്തതാണ് കോടതിയിൽ കേരളത്തിന് പാര്. പിന്നീട് കരാർ റദ്ദാക്കണമെന്നോ പുതിയ ഡാം വേണമെന്നോ ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയാൽ അവരെയെല്ലാം വേണ്ട രീതിയിൽ തമിഴ്‌നാട് കാണുന്നതാണ് നാട്ടു നടപ്പ്. കേരളത്തിലെ പലർക്കും കമ്പം തേനി ഭാഗത്ത് തമിഴ്‌നാട് ഉദ്ധിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി പതിച്ചു കൊടുത്ത തോട്ടങ്ങളുണ്ടെന്നും പ്രചാരമുണ്ട്. തമിഴ്‌നാട് ബജറ്റിൽ തന്നെ കേരളത്തിലെ നേതാക്കളേയും ഉദ്യോഗസ്ഥരേയും സ്വാധീനിക്കാൻ വൻ തുക മാറ്റി വയ്ക്കാറുണ്ടെന്നാണ് വിലയിരുത്തൽ.
നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാൻ ശ്രമിച്ച സമയത്ത് ഈരാറ്റുപേട്ടയിലെ വീട്ടിൽ തമിഴ്‌നാട് പ്രതിനിധികൾ തന്നെ വേണ്ട രീതിയിൽ കാണാനെത്തിയെന്നും ഓടിച്ചുവിട്ടുവെന്നും പി.സി ജോർജ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വന്നാൽ 140 അടിയിലുള്ള ജലബോംബിനെക്കുറിച്ചുള്ള ഭീതി മദ്ധ്യ കേരളത്തിലെ ജനങ്ങൾക്ക് ഇല്ലാതാകും. ഈ വിഷയത്തിൽ തമിഴ് നാട്ടിലെ ഭരണ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയം മറന്ന് നാടിനായ് ഒന്നിക്കും. എന്നാൽ കേരളത്തിൽ എന്നും അട്ടിമറികൾ സജീവമാണ്. അതിന്റെ പുതിയ തെളിവാണ് ഇപ്പോഴത്തെ മരം മുറി ഉത്തരവും.
കുറച്ചു കാലം മുമ്പ് മുല്ലപ്പെരിയാർ സമരം ശക്തമായ സമയത്ത്, തങ്ങൾ പണം കൊടുത്തവരുടെ ലിസ്റ്റ് പുറത്താകുമെന്നു വരെ തമിഴ്‌നാട്ടിൽ നിന്ന് ഭീഷണിയുണ്ടായി. എന്നാൽ, ലിസ്റ്റുണ്ടെങ്കിൽ പുറത്തുവിടട്ടെ എന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും പറഞ്ഞില്ലെന്നതാണ് വസ്തുത. 2011ൽ മുല്ലപ്പെരിയാറിനെതിരെ സമരം ശക്തമായി. ഇതോടെ കേരളത്തിൽ മുല്ലപ്പെരിയാറിൽ സമരത്തിന് നേതൃത്വം വഹിക്കുന്നവരടക്കമുള്ളവർക്ക് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഉള്ള സ്ഥലത്തിന്റെയും സ്വത്തിന്റെയും വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു ജയലളിത പറഞ്ഞത്. അവർ പറയുക മാത്രമല്ല, തേനി ജില്ലയിലെ ചില രജിസ്ട്രാർ ഓഫീസുകളിൽ അന്വേഷണവും തുടങ്ങി. മുല്ലപ്പെരിയാറിലെ സമരത്തിന്റെ ഫ്യൂസൂരുകയായിരുന്നു ജയലളിതയുടെ ലക്ഷ്യം. എന്തായാലും ഉറക്കം നഷ്ടപ്പെട്ടവരും ഏറ്റവും കൂടുതൽ ദിവസം ഉപവാസമിരുന്നവരുമൊക്കെ പതുക്കെ പിൻവലിഞ്ഞു. എന്തായാലും സമരം പൊളിഞ്ഞതോടെ ജയലളിത ലിസ്റ്റ് പുറത്തുവിട്ടില്ല. ഇതിന് ശേഷം സമരം പൊളിഞ്ഞു.
കേരളത്തിലെ പല രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരുടെ തമിഴ്‌നാട്ടിലെ സമ്പാദ്യം തന്നെയായിരുന്നു ഇതിനു കാരണം. ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ നേതാവ്, സമരത്തിന്റ മുൻനിരയിലുണ്ടായിരുന്ന ഈ നേതാവിന് തേനി ജില്ലയിൽ ഉള്ളത് 200 ഏക്കർ തങ്ങിൻ തോപ്പും രണ്ടു ഫാം ഹൗസുമായിരുന്നു. തമിഴ്‌നാട് സർക്കാരിൽ നിന്നും കേരളത്തിലെ നാലു അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്ത വകയിൽ കേരളത്തിലെ ഒരു നേതാവിന് കിട്ടിയത് 2000 ഏക്കർ ഭൂമിയാണ്. ഇന്നു ജീവിച്ചിരിപ്പില്ലാത്ത നേതാവിന്റെ രക്തബന്ധുക്കളടക്കമുള്ളവരാണ് ഇന്നു ആ സ്വത്തുവകകൾ നിയന്ത്രിച്ചു പോരുന്നതെന്നാണ് സൂചന.
മുല്ലപ്പെരിയാർ സമരത്തെ പരാജയപ്പെടുത്താൻ പിന്നെയും തമിഴ്‌നാടിന്റെ സൗജന്യം പറ്റിയവർ നിരവധിയാണ്. തമിഴ്‌നാട്ടിൽ അഞ്ച് എൻജിനീയറിങ് കോളേജുള്ള കേരളത്തിലെ ഒറു പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന് അതുണ്ടായത് മുല്ലപ്പെരിയാറിലെ അണക്കെട്ടിലെ കൃഷിതന്നെയാണ്. സമരത്തിന്റെ പേരിൽ തുടങ്ങിയ ഒരു സന്നദ്ധ സംഘടനയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും കിട്ടിയത് കോടികളുടെ ഒരു പ്രോജക്ട് ആണ്. പ്രോജക്ടിന്റെ പേരിൽ കിട്ടിയ പണം പോയത് ചില മതനേതാക്കളുടെ അക്കൗണ്ടിലേക്കായിരുന്നു എന്നും ആക്ഷേപം ഉണ്ട്.
ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്കുള്ള റോഡിലെ മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുഗൻ നേതൃത്വം നൽകിയ മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് മരം മുറിച്ചുനീക്കാനുള്ള വിവാദ തീരുമാനം. ബേബി ഡാം ബലപ്പെടുത്താനായി മരങ്ങൾ മുറിച്ചു നീക്കണമെന്നും അതിനു കേരളം സഹകരിക്കുന്നില്ലെന്നും നേരത്തേ ദുരൈമുരുഗൻ കുറ്റപ്പെടുത്തിയിരുന്നു.
വർഷങ്ങളായുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് കത്തെഴുതിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ ഈ തീരുമാനം സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതിയും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരങ്ങൾ വെട്ടിമാറ്റുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. ഇതിനു ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനാണു നീക്കം.
ബേബി ഡാമിനു മുന്നിലെ റിസർവ് വനത്തിൽ നിന്നു മരം മുറിക്കാനുള്ള അനുമതി നൽകാനാവില്ലെന്നായിരുന്നു ഇത്രയും നാൾ കേരള സംസ്ഥാന വനംവകുപ്പിന്റെ വാദം. ഡാമിനു മുന്നിൽ 50 മീറ്റർ ചുറ്റളവിൽ 3 വന്മരങ്ങളുണ്ട്. അതിനു സമീപത്തായി 15 മരങ്ങൾ വേറെയുണ്ട്. യന്ത്രങ്ങൾ എത്തിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെങ്കിൽ ഈ 3 മരങ്ങൾ മുറിച്ചു മാറ്റണം. ഡാമിന് അടുത്തേക്കു വാഹനമെത്തിക്കണമെങ്കിൽ മറ്റു മരങ്ങളും മുറിക്കണം. നിലവിൽ സ്പിൽവേയുടെ ഒരു വശം വരെയാണു വാഹനം എത്തുക. വാഹനങ്ങൾ ബേബി ഡാമിന്റെ അടിവശം വരെ എത്തിക്കാനാണു തമിഴ്‌നാടിന്റെ നീക്കം.
ബേബി ഡാം പുതുക്കിപ്പണിയണമെന്നതു തമിഴ്‌നാടിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ ബേബി ഡാമിനു കൂടി സഹായക ഡാം പണിയുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനുള്ള പദ്ധതി തമിഴ്‌നാട് ഒട്ടേറെ തവണ മേൽനോട്ട സമിതിക്കു മുന്നിൽ വച്ചെങ്കിലും കേരളത്തിന്റെ പ്രതിഷേധം മൂലം ഫലം കണ്ടില്ല. സഹായക ഡാം പണിയുക എന്നാൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനു തുല്യമാണെന്ന കാര്യമാണു കേരളം ചൂണ്ടിക്കാട്ടിയത്. 2016 ൽ ബേബി ഡാമിനു മുന്നിലുള്ള മരങ്ങളിൽ തമിഴ്‌നാട് നമ്പറിട്ടതു വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ