തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം പരിസരത്ത് മരംമുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറയുമ്പോഴും സംശയങ്ങൾ ഏറെ. മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്ന് മന്ത്രി പ്രതികരിച്ചു. എന്നാൽ ആഭ്യന്തര വകുപ്പാണ് ഇതിന് അനുമതി നൽകിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. ഇതിനുള്ള തെളിവ് പക്കലുണ്ടെന്നും സുധാകരൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം അറിയാമെന്നാണ് സുധാകരന്റെ ആക്ഷേപം. ഏതായാലും മരം മറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ ആശങ്കയിൽ കഴിയുന്ന സമൂഹത്തെ വഞ്ചിക്കലാണ്. ഇതിന് പിന്നിൽ വലിയ ചതിയുണ്ടായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചർച്ചകൾക്ക് ഇടയായ വിഷയങ്ങളാണെന്ന് വനം മന്ത്രി ചൂണ്ടിക്കാട്ടി കഴി്ു. അത്തരത്തിലുള്ള ഒരു പ്രശ്‌നത്തിൽ തീരുമെനമെടുക്കുമ്പോൾ ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരാ. ഏത് സഹാചര്യത്തിലാണ് മരംമുറിക്കാനുള്ള തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. അതിനിടെ തമിഴ്‌നാട് മരം മുറി തുടങ്ങിയെന്ന സൂചനയും മന്ത്രി നൽകുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിക്കുന്നു. മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ട്. ഇത് സമയമാവുമ്പോൾ പുറത്തുവിടുമെന്നും സുധാകരൻ പറഞ്ഞു. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് നാടിന് മനസ്സിലാവും. സർക്കാർ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാൽ അത് മുഖവിലയ്ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങൾക്കില്ല. തമിഴ്‌നാടിന്റെ താൽപര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മരംമുറിയെന്നാണ് സർക്കാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു നിർദ്ദേശം സുപ്രീംകോടതി നൽകിയിട്ടില്ല. മുമ്പൊരിക്കൽ മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് മുമ്പിൽ ഈ ആവശ്യം തമിഴ്‌നാട് ഉന്നയിച്ചിരുന്നു. അത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും അനുമതി നൽകുമെന്ന ഉറപ്പ് കേരളം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ഇറങ്ങിയ ഉത്തരവിൽ ദുരൂഹത ഏറെയാണ്.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞദിവസം തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പു തന്നെ മരം മുറി തുടങ്ങിയെന്നാണ് സൂചന. വിവാദമുണ്ടായാൽ ഉത്തരവ് പിൻവലിക്കുമെന്ന തിരിച്ചറിവ് തമിഴ്‌നാടിനുണ്ടായിരുന്നു. മരം മുറിയുടെ കാര്യങ്ങൾ വിലയിരുത്താനാണ് ഇന്നലെ തമിഴ്‌നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാറിൽ എത്തിയതെന്നാണ് സൂചന. ബേബി ഡാം ബലപ്പെടുത്തുന്ന ചർച്ചകൾക്കും തമിഴ്‌നാട് ഇതിന് ശേഷം തുടക്കമിട്ടു.

ബേബി ഡാം ബലപ്പെടുത്തിയതിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് ശേഷമാണ് അനുമതി കിട്ടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ ഇക്കാര്യങ്ങൾ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ദുരൈ മുരുകൻ പറഞ്ഞു. അതേസമയം മരംമുറിക്കാൻ അനുമതി നൽകിയതിനു പിന്നിൽ ഹിഡൻ അജണ്ട ഉണ്ടെന്ന് മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

ഉദ്യോഗസ്ഥതലത്തിൽ മാത്രമെടുക്കുന്ന തീരുമാനമാണ് ഇതെന്ന് കരുതാൻ കഴിയില്ല. ബേബി ഡാമിനു സമീപത്തെ മരംമുറിച്ചാൽ ഡാം ദുർബലമാവുമെന്ന കണ്ടെത്തലുകളുണ്ട്. മരംമുറിക്കണമെന്ന് തമിഴ്‌നാട് പലതവണ ആവശ്യപ്പെട്ടിട്ടും അത് നടക്കില്ലെന്ന് കേരളം സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞ് അനുമതി നൽകിയ ഉദ്യോഗസ്ഥന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

മരം മുറിക്കാൻ സർക്കാർ അനുമതി നൽകിയത് വിചിത്രമായ കാര്യമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ വിമർശിച്ചു. സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഡാമിന്റെ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സുധീരൻ ആവശ്യപ്പെട്ടു.