തൊടുപുഴ: 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും 240 അടി നീളവും എട്ടടി വീതിയുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുള്ള എർത്ത് ഡാമും പിന്നെ സ്പിൽവേയും. ഇതിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് അടിത്തറയില്ലാതെ വെറും 3 അടി മാത്രം കോൺക്രീറ്റ് ചെയ്ത് 53 അടി ഉയരത്തിൽ കെട്ടിപ്പൊക്കിയ ബേബി ഡാമും. ഇതാണ് മുല്ലപ്പെരിയാർ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കാൻ തടസ്സം ബേബി ഡാമിന്റെ ബലക്ഷയമാണ്. പ്രധാന അണക്കെട്ടിൽ വീണ്ടുംഅറ്റകുറ്റപ്പണി നടത്താതെ ജലനിരപ്പ് 152 അടിയാക്കാൻ ബേബി ഡാമിനെ ശക്തിപ്പെടുത്തുകയാണ് തമിഴ്‌നാടിന്റെ തന്ത്രം. ഈ തന്ത്രമാണ് വിവാദ മരമുറി ഉത്തരവിലേക്ക് കാര്യങ്ങളെത്തിയത്.

തമിഴ്‌നാട് ബജറ്റിൽ കോടികൾ മുല്ലപ്പെരിയാറിന് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. കേരളത്തിലെ ജലവിഭവ ഉദ്യോഗസ്ഥരെ കൈയിലെടുത്താണ് പലപ്പോഴും മുല്ലപ്പെരിയാറിൽ തമിഴ്‌നാട് അട്ടിമറി നടത്തിയത്. ഇത്തരത്തിൽ വിവാദ ഉത്തരവിന് വേണ്ടി ഇത്തവണയും കോടികൾ തമിഴ്‌നാട് ചെലവഴിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിവാദ ഉത്തരവിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്. എന്നാൽ തൽകാലം ഒരു അന്വേഷണത്തിനും പിണറായി സർക്കാർ തയ്യാറുമല്ല. വൻ അട്ടിമറികൾ മുല്ലപ്പെരിയാറിൽ തമിഴ് നാട് നടത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇതിനെ പ്രതിരോധിക്കാൻ കേരളം മടികാണിക്കുകയാണ്.

ജലനിരപ്പു 118 അടിയിൽ നിന്ന് ഉയർത്തുന്നതിനായാണു ബേബി ഡാം നിർമ്മിച്ചത്. ആദ്യം ഷട്ടർ നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിനായി മണ്ണുനീക്കി. പിന്നീട് പ്രത്യേക അടിത്തറ നിർമ്മിക്കാതെ ഡാം നിർമ്മിച്ചു. ഇതിനു ശക്തമായ അടിത്തറയില്ലെന്നു ഏവർക്കും അറിയാവുന്നതാണ്. ജലനിരപ്പ് 118 അടി പിന്നിടുമ്പോഴാണ് ബേബി ഡാമിലേക്കു വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുമ്പോൾ 24 അടി വെള്ളമാകും ബേബി ഡാമിൽ എത്തുക. ബേബി ഡാം ഉയർത്തുന്നത് വൻ സുരക്ഷാ ഭീഷണിയാണ്. അഠിത്തറയില്ലാത്ത ഈ ഡാം ശക്തിപ്പെടുത്തണമെങ്കിൽ തൊട്ടടുത്തു നിൽക്കുന്ന 3 വന്മരങ്ങളും 10 മീറ്റർ ചുറ്റളവിലുള്ള 24 മറ്റു മരങ്ങളും മുറിക്കണം. 3 വലിയമരങ്ങൾ താന്നി, വഴന, ഉന്നം എന്നിവയാണ്. ഇത് മുറിക്കേണ്ടത് അനിവാര്യതയും.

മരങ്ങൾ മുറിച്ചാൽ ഡാമിനടുത്തേക്കു വാഹനങ്ങളും നിർമ്മാണ സാമഗ്രികളും സുഗമമായി എത്തിക്കാം. എർത്ത് ഡാമും ശക്തിപ്പെടുത്താം. മുല്ലപ്പെരിയാറിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് ബേബി ഡാമാണ്. തമിഴ്‌നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് മുല്ലപ്പെരിയാർ അണക്കെട്ടുകൾ.

ചൊക്കംപെട്ടി, പ്ലാച്ചിമല, നാഗമല, ശിവഗിരിമല, മദളംതൂക്കിമല എന്നീ അഞ്ചു മലകളിൽനിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകൾ ചേർന്നാണു പെരിയാർ നദിയുടെ ഉത്ഭവം. മുല്ലത്തോട് വെള്ളിമലയിൽനിന്നാണ് ഉത്ഭവിക്കുന്നത്. മുല്ലത്തോട്ടിൽ കല്ലിടിച്ചാൽ ഭാഗത്ത് അണക്കെട്ടു നിർമ്മിക്കാനുള്ള ശ്രമത്തിനിടെയാണ് പെരിയാർ മുല്ലത്തോടിനേക്കാൾ വലിയ നദിയാണെന്നും ഇവ രണ്ടും ചേർന്നൊഴുകുന്ന ഭാഗത്ത് അണക്കെട്ടു നിർമ്മിക്കണമെന്നുമുള്ള ആശയം ജോൺ പെന്നിക്വിക് എന്ന എൻജിനീയറുടെ മനസ്സിലുദിക്കുന്നത്. അങ്ങനെ അവിടെ ഡാം ഉയർന്നു.1895 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്തു. 126 വയസ്സായി മുല്ലപ്പെരിയാർ ഡാമിന് ഇപ്പോൾ.

ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് പ്രധാന ഡാമിന്റെ അടിത്തറ. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിർത്തിയിരുന്നത്. 1978ൽ അണക്കെട്ടിനു ബലക്ഷയം എന്നു കണ്ടെത്തിയതോടെയാണു സംഭരണശേഷി 136 ആയി നിജപ്പെടുത്തി. ബേബി ഡാമിനെ ഉയർത്തിക്കാട്ടി പിന്നീട് ജലനിരപ്പ് ഉയർത്താൻ ശ്രമിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ തമിഴ്‌നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്‌നാട് ശ്രമിക്കുന്നത്.

മരങ്ങൾ മുറിച്ചു മാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ച് മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങൾ മുറിച്ച് ബേബി ഡാം പണി തുടങ്ങിയാൽ തമിഴ്‌നാടിന് ലഭിക്കുന്ന മേൽക്കൈ തടയാൻ കേരളം മുൻപുതന്നെ ജാഗ്രത കാട്ടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം അല്ല അനുവാദം കൊടുക്കേണ്ടത് എന്നതാണു മറ്റൊരു കാര്യം. മരങ്ങൾ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലും ബഫർ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാൻ അനുമതി നൽകേണ്ടത്. മരം മുറിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റാണ് കേരളം നൽകേണ്ടത്. പാട്ടക്കരാർ പ്രകാരം തമിഴ്‌നാടിന് മരങ്ങൾ മുറിക്കാൻ അധികാരമുണ്ടെന്ന് കാട്ടിയാണ് നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. എന്നാൽ ബഫർസോണിലെ മരങ്ങൾ മുറിക്കുന്നതിന് മുൻപ് കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ അനുവാദത്തിന് സമർപ്പിച്ചിട്ടും ഇല്ല.

ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. അനുവാദത്തിന് അപേക്ഷയില്ലാതെ എന്തിന് അനുമതി നൽകിയെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഉത്തരവ് കേരളം മരവിപ്പിച്ചെങ്കിലും ഭാവിയിൽ ഈ ഉത്തരവ് കോടതിയിൽ ഹാജരാക്കി അനുമതി നേടിയെടുക്കാൻ തമിഴ്‌നാട് ശ്രമിക്കും. രാഷ്ട്രീയ കാരണങ്ങളാൽ മരം മുറിക്കാൻ അനുവദിക്കുന്നില്ലെന്ന ചർച്ച സുപ്രീംകോടതിയിൽ അടക്കം ചർച്ചയാക്കും. ഇത് കേരളത്തിന് തിരിച്ചടിയാകാൻ സാധ്യത ഏറെയാണ്.