ചെന്നൈ : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവിൽ കേരളത്തെ കളിയാക്കി തമിഴ്‌നാട്. ബേബി ഡാമിലെ മരം മുറിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാർ മാത്രം തീരുമാനമെടുക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് തമിഴ്‌നാട് ഉയർത്തുന്നത്.. സുപ്രധാന തീരുമാനം ഇറങ്ങിയത് മന്ത്രിമാർ ആരുമറിയാതെയെന്ന് വിശ്വസിക്കാനാവില്ലെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ.

നീക്കംചെയ്യേണ്ട മരങ്ങൾ പ്രത്യേകമായി നമ്പറിട്ട് വിശദമായ ഉത്തരവാണ് കേരളത്തിൽ നിന്നും ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കിൽ എന്തുഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ ഉത്തരവു മരവിപ്പിച്ചതിന്റെ പേരിൽ കേരളവുമായി ഏറ്റുമുട്ടലിനില്ല. സംസ്ഥാനത്തിന്റെ താത്പ്പര്യം മാനിക്കുന്നു. നിയമ നടപടിക്ക് നീങ്ങാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തമിഴ്‌നാട് മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്നും ദുരൈമുരുകൻ പറഞ്ഞു.

സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് മുല്ലപ്പെരിയാറിലെ കാര്യങ്ങൾ നടക്കുക. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ സന്ദർശിച്ച ദുരൈമുരുകൻ ഉൾപ്പെടെയുള്ള തമിഴ്‌നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നാണ് മുമ്പ് പ്രതികരിച്ചത്. ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് തത്കാലം നടപ്പാക്കേണ്ടെന്ന് കേരള സർക്കാർ തീരുമാനിച്ചിരുന്നു.

അതിനിടെ ബേബി ഡാം വിഷയത്തിൽ വീണ്ടും കേരളത്തിന് തിരിച്ചടിയുണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കത്തയച്ചത്. എർത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും കേന്ദ്ര ജല ജോയിന്റ് സെക്രട്ടറി നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കത്തിനു മറുപടി നൽകണമെന്നും നിർദേശമുണ്ട്.

ബേബി ഡാം ശക്തിപ്പെടുത്തൻ അണക്കെട്ടിനോട് ചേർന്ന 23 മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം 15 മരങ്ങൾ മുറിക്കാൻ അനുമതി കൊടുത്തു. ഇതു വലിയ വിവാദമായതിനെത്തുടർന്ന് സർക്കാർ ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥർ മാത്രമറിഞ്ഞ് ഇറക്കിയ ഉത്തരവാണെന്നാണു സർക്കാർ വാദം. ഇക്കാര്യത്തിൽ പരസ്പര വിരുദ്ധമായ മറുപടിയാണ് മന്ത്രി എ.കെ.ശശീന്ദ്രനും നൽകുന്നത്. കേന്ദ്രത്തിന്റെ കത്ത് പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

രണ്ടാം വട്ടവും അധികാരത്തിൽ എത്തിയ പിണറായി വിജയൻ എന്ന രാഷ്ട്രീയനേതാവിന്റെ പ്രായോഗിക ബുദ്ധിയും രാഷ്ട്രീയ കൗശലവും മാറ്റുരക്കുന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിലെ വിവാദം. സംസ്ഥാന താൽപര്യം ഒരുവശത്തും ബിജെപി വിരുദ്ധ സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുന്ന നേതാവായ സ്റ്റാലിൻ എന്ന വെല്ലുവിളി മറുഭാഗത്തുമായാണ് പരീക്ഷണം നേരിടുന്നത്.

ജലപ്രശ്‌നത്തിൽ തമിഴ്‌നാടുമായി കൊമ്പ്‌കോർക്കുന്നത് തീക്കളിയാണെന്ന് തിരിച്ചറിഞ്ഞവരാണ് സംസ്ഥാനത്തെ രണ്ട് മുന്നണികളും. പക്ഷേ അതിപ്പോൾ പിണറായി വിജയന്റെ മാത്രം തലവേദനയാവുകയാണ്. അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാറെന്ന പ്രതിപക്ഷ ആരോപണത്തിൽനിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. ഇടുക്കി ഉൾപ്പെടെ മലയോരമേഖലയിൽ എൽ.ഡി.എഫ് ശക്തമായ സാന്നിധ്യം ഉറപ്പിക്കുമ്പോളാണിത്.

അന്തർസംസ്ഥാന നദീജലം മുഖ്യമന്ത്രിക്ക് കീഴിലാണ്. മുല്ലപ്പെരിയാറിൽ നയപരമായതും അല്ലാത്തതുമായ ഏത് നിലപാട് സ്വീകരിക്കുമ്പോഴും അത് അദ്ദേഹത്തിന്റെ ഓഫിസ് അറിയുക സ്വാഭാവികമാണ്. ജലവിഭവ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ ചേർന്ന് ബേബിഡാം തമിഴ്‌നാടിന് ബലപ്പെടുത്താൻ കേരളത്തിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകുമ്പോൾ പ്രത്യേകിച്ചും. അത് സംസ്ഥാന മുഖ്യമന്ത്രി അറിയാതെ തമിഴ്‌നാട് മുഖ്യമന്ത്രി അറിഞ്ഞുവെന്ന് സമ്മതിക്കുമ്പോൾ ഭരണത്തുടർച്ചയിലും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പിടിപ്പ്‌കേട് വിവാദത്തിലാകും.