ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുല്ലപ്പെരിയാർ മരംമുറിയിൽ ഫയൽ ഇല്ലെന്ന സർക്കാർ വാദം നേരത്തെ പൊളിഞ്ഞിരുന്നു. മരംമുറി നടപടികൾ മാസങ്ങൾക്ക് മുമ്പേതന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നു. മെയ്‌ 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ ജലവിഭവ വകുപ്പിൽ എത്തിയിരുന്നുവെന്നാണ് സർക്കാരിന്റെ ഇ-ഫയൽ രേഖകളിൽ വ്യക്തമാകുന്നത്. ഇതോടെ വലിയ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഉന്നതതല ഗൂഢാലോചന ഇതിൽ നടന്നുവെന്നു വേണം മനസ്സിലാക്കാൻ. മുഖ്യമന്ത്രി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും, നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്‌നാടിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഇടതു പാർട്ടികൾക്ക് തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെ 25 കോടി നൽകിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പാർട്ടി ഫണ്ടായി ഇത്രയും തുക നൽകിയത് മുല്ലപ്പെരിയാറിന് വേണ്ടിയാണെന്ന ആരോപണം പ്രതിപക്ഷവും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ രേഖയും പുറത്തു വരുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്.

മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. സെപ്റ്റംബർ 17ന് കേരളവും തമിഴ്‌നാടും തമ്മിൽ ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന രേഖകളിൽ സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്‌നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പുറത്തു വന്നിരുന്നു. തമിഴിനാടിന് ടി.കെ.ജോസ് നൽകിയ മിനിട്‌സിലായിരുന്നു മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നത്. തമിഴ്‌നാടും കേരളവുമായി നടത്തിയ ചർച്ചയുടെ മിനിട്‌സിൽ ഇത് വ്യക്തമായിരുന്നു.

നവംബർ ഒന്നിന് മരംമുറിക്ക് അനുമതി നൽകുന്ന യോഗം ചേർന്നിട്ടില്ലെന്നും അതിനാൽ ഇതിന് മിനുട്ട്സ് ഇല്ലെന്നുമുള്ള വാദമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ ജലവിഭവ വകുപ്പിൽ നിന്ന് മരംമുറിക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ വളരെ നേരത്തെ തുടങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന രേഖകൾ വിശദീകരിക്കുന്നത്.

മെയ്‌ 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ ജലവിഭവ വകുപ്പിൽ എത്തിയിരിക്കുന്നു. വനംവകുപ്പിൽ നിന്നാണ് ഫയൽ എത്തുന്നത്. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ബേബി ഡാമിലെ 23 മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയൽ ജലവിഭവ വകുപ്പിലേക്കെത്തിയത്. ഇതുനുശേഷം ടികെ ജോസിന്റെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേർന്നു. സെപ്റ്റംബർ 15ന് ടികെ ജോസും ചീഫ് വൈൽഡ്ലൈഫ് വാർഡന്റെയും നേതൃത്വത്തിലും യോഗം ചേർന്നു.

ഒക്ടോബർ 17ന് അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ തമ്മിൽ ധാരണയിലെത്തി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചൻ തോമസ് വനംമന്ത്രിക്ക് നൽകിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു.