- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പത്തും തേന്നിയിലും വസ്തു കൈമാറ്റം? 25 കോടിയുടെ പാർട്ടി ഫണ്ടുകൾക്കൊപ്പം സംശയങ്ങൾ വീണ്ടും ഉയരുന്നു; എല്ലാം എല്ലാവരും അറിഞ്ഞിട്ടെന്ന തെളിവുകൾ പുറത്തു വന്നിട്ടും ഒന്നുമിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ; കോടതി നടപടികളിൽ മുൻതൂക്കം നേടാൻ തമിഴ്നാടും
തിരുവനന്തപുരം: എല്ലാം എല്ലാവരും അറിഞ്ഞു തന്നെ. പക്ഷേ ആരും ഒന്നും പ്രതികരിക്കുന്നില്ല. വനം മന്ത്രി എകെ ശശീന്ദ്രനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായുള്ള തർക്കമായി ഇതിനെ മാറ്റാനാണ് ശ്രമം. വൈകിട്ട് ആറുമണിക്ക് പത്ര സമ്മേളനത്തിലൂടെ കേരളത്തെ കോരിത്തരിപ്പിച്ചവരൊന്നും ഇത് കേൾക്കുന്നുമില്ല. ഡിഎംകെ കൊടുത്ത ആ 25 കോടിയുടെ പാർട്ടി ഫണ്ടിന് ഗുണം കിട്ടിയെന്ന വിലയിരുത്തലിലാണ് തമിഴ്‌നാട്ടിലെ ജനങ്ങളും. ചതിക്കപ്പെടുന്നത് മുല്ലപ്പെരിയാറിന് താഴെ കഴിയുന്ന പാവങ്ങളും.
മുല്ലപ്പെരിയാർ മരം മുറി അനുമതി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹയും ഇടപെട്ടതിനു തെളിവ് പുറത്തു വന്നിരുന്നു. മരം മുറി അനുമതിക്കു ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ കൂടാതെ വനം പ്രിൻസിപ്പൽ സെക്രട്ടറിയും വനം വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിരന്തരം സമ്മർദം ചെലുത്തിയെന്നും പലതവണ കത്തിടപാടുകൾ നടത്തിയെന്നുമുള്ള രേഖകളാണു പുറത്തായത്. ഇതെല്ലാം രാഷ്ട്രീയ ഗൂഢാലോചന നടന്നതിന് തെളിവായി വിലയിരുത്തുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നുമില്ല.
അതിനിടെ മുല്ലപ്പെരിയാർ ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്താനുള്ള നിർമ്മാണപ്രവർത്തനം കേരളം തടസ്സപ്പെടുത്തുന്നെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു. ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാനും റോഡ് നന്നാക്കാനുമുള്ള അനുമതി നൽകുന്നതിൽനിന്ന് കേരളം ഒഴിഞ്ഞുമാറുന്നു. മേൽനോട്ട സമിതി ബേബി ഡാം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് പലപ്രാവശ്യം ശുപാർശ ചെയ്തിരുന്നു. ആവർത്തിച്ച് നിർദ്ദേശം ലഭിച്ചിട്ടും മരങ്ങൾ മുറിക്കാനോ റോഡ് നന്നാക്കാനോ കേരളം അനുവദിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഈ സത്യവാങ്മൂലത്തിന് കരുത്ത് പകരുന്നതാണ് കേരളത്തിന്റെ മരം മുറി അനുമതിയും പിന്നീട് മരവിപ്പിക്കലും.
2014ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, അതിന് തയ്യാറാകുന്നില്ല. മരങ്ങൾ മുറിക്കാൻ ഉത്തരവിറക്കിയെങ്കിലും പിന്നീട് അത് മരവിപ്പിച്ചെന്നാണ് മാധ്യമറിപ്പോർട്ടുകൾ- തമിഴ്‌നാട് ആരോപിച്ചു. നല്ല രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയാൽ അണക്കെട്ട് എത്രകാലം വേണമെങ്കിലും നിലനിൽക്കുമെന്ന് തമിഴ്‌നാട് അവകാശപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നേരത്തേ ഇറക്കിയ വിശദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം തള്ളണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഈ വാദങ്ങൾക്ക് കരുത്ത് പകരാൻ സഹായിക്കുന്നതാണ് ഈ വിവാദ ഉത്തരവ്.
കമ്പത്തും തേനിയിലും കേരളത്തിലെ രാഷ്ട്രീയക്കാർക്ക് വൻതോതിൽ ഭൂമി അനുവദിക്കുന്നത് തമിഴ്‌നാടിന്റെ രീതിയാണ്. മുല്ലപ്പെരിയാറിൽ പ്രക്ഷോഭത്തിന് ഇറങ്ങുന്നവരെ വരച്ച വലയിൽ നിർത്താനുള്ള കുതന്ത്രം. ഇത്തവണയും ഇത്തരം ഇടപാടുകൾ നടന്നുവെന്ന സംശയം ശക്തമാണ്. ഏതായാലും മരമുറിക്ക് അനുമതി കൊടുത്തുള്ള ഉത്തരവ് തമിഴ്‌നാടിന് നിയമപരമായി കൂടുതൽ കരുത്ത് നൽകും. ഈ ഉത്തരവ് പിൻവലിച്ചെങ്കിലും കോടതിയിൽ കേരളത്തിലെ രാഷ്ട്രീയമാണ് മുല്ലപ്പെരിയാറിന് പിന്നിലെന്ന കള്ളം പ്രചരിപ്പിക്കാൻ തമിഴ്‌നാടിന് കരുത്ത് പകരും. ഇടതു പാർട്ടികൾക്ക് 25 കോടി ഫണ്ടായി ഡിഎംകെ നൽകിയെന്ന റിപ്പോർട്ടുകൾ പോലും ഈ സാഹചര്യത്തിൽ ഗൗരവതരമാണ്.
വിവാദ ഉത്തരവിറക്കിയതു സർക്കാർ അറിയാതെയാണെന്ന് അവകാശപ്പെടുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാടുകളിലെ പൊരുത്തക്കേട് വ്യക്തമാക്കുന്നതാണു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തുകൾ. ടി.കെ.ജോസിന്റെ അറിവോടെയാണു ഉത്തരവ് ഇറക്കിയതെന്നും 3 തവണ അദ്ദേഹം വിളിച്ച് അനുമതി വേഗത്തിലാക്കണമെന്നു നിർദ്ദേശിച്ചതായും മുൻ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാരിനു നൽകിയ വിശദീകരണക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തുകളും പുറത്തായത്.
മരം മുറി അനുമതിക്കായി വനം മേധാവി പി.കെ.കേശവൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് വനം പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ 3 കത്തുകളാണു പുറത്തു വന്നത്. വകുപ്പു മന്ത്രിയും ഓഫിസും വനം മേധാവിയും അറിയാതെ പ്രിൻസിപ്പൽ സെക്രട്ടറി കത്തുകൾ അയയ്ക്കുമോ എന്ന ചോദ്യവും ഉയരുന്നു. ഇതെല്ലാം ദുരൂഹമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 19നാണു പ്രിൻസിപ്പൽ സെക്രട്ടറി, വനം മേധാവിയും ബെന്നിച്ചൻ തോമസും ഉൾപ്പെടെ 4 ഉന്നത വനം ഉദ്യോഗസ്ഥർക്ക് ആദ്യ കത്ത് നൽകിയത്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആ ഭാഗത്തെ മരങ്ങൾ മുറിക്കാൻ നിലവിലുള്ള സുപ്രീം കോടതി വിധി പ്രകാരം നടപടിയെടുക്കണം എന്നായിരുന്നു ഉള്ളടക്കം.
എന്നാൽ വിവാദത്തിൽ മുഖ്യമന്ത്രി ഒരാഴ്ചയായി മൗനം തുടരുന്നു. 5 നാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിസഭായോഗം ഉത്തരവ് റദ്ദാക്കിയെങ്കിലും ചീഫ് സെക്രട്ടറിയുടെ അന്വേഷണം പുരോഗമിക്കുന്നു. ഉത്തരവിറക്കുന്നതിനു മുൻപ്, ഈ മാസം ഒന്നിനു ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറിൽ യോഗം നടന്നിട്ടില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിക്കുമ്പോൾ, യോഗത്തിലെ മിനിറ്റ്‌സ് കണ്ടെന്നു നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി ശശീന്ദ്രൻ ഇതുവരെ അതു തിരുത്തിയിട്ടില്ല.
മുല്ലപ്പെരിയാർ വിഷയം ഒറ്റത്തവണ കൊണ്ട് തീർപ്പാക്കാവുന്ന വിഷയമല്ലെന്ന് സുപ്രീം കോടതിയും വിശദീകരിക്കുന്നു. ഈ വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യത്തിനനുരിച്ചായിരിക്കും. പുതിയ സംഭവവികാസങ്ങളിൽ അതിനുകൂടി പ്രാധാന്യം നൽകിയേ മുന്നോട്ടു പോകുവാനാകുകയുള്ളൂവെന്നും ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം കേരളമാവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് 22ലേക്കു മാറ്റിവച്ചു.
തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത് ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. മരംമുറിയും റോഡ് നന്നാക്കലുമുൾപ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ. കേരളത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നതുവരെ ഒകേ്ടാബർ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കും. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ