- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ തുടരുമ്പോഴും ഷട്ടറുകൾ താഴ്ത്തി തമിഴ്‌നാട്; ലക്ഷ്യം നവംബർ 30ന് ജലനിരപ്പ് 142 അടിയാക്കൽ; പേമാരി തുടർന്നാൽ മധ്യകേരളത്തിന് മുമ്പിലുള്ളത് വൻ പ്രളയ ഭീതി; പെരിയാറിന്റെ തീരും ഭയന്ന് വിറയ്ക്കുന്നു; തമിഴ്‌നാടിന്റെ ധാർഷ്ട്യത്തെ നേരിടാനാകാതെ കേരളവും; മുല്ലപ്പെരിയാറിൽ ആശങ്ക ശക്തം
തൊടുപുഴ: മുല്ലപെരിയാർ ഡാമിലെ രണ്ടു ഷട്ടറുകൾ അടച്ചു. ജലനിരപ്പ് ഈ വർഷത്തെ ഏറ്റവു ഉയർന്ന നിലയിൽ എത്തുമ്പോഴാണ് ഇത്. 141.5 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയിരുന്നു. ഇതടക്ക നിലവിൽ ഏഴ് ഷട്ടറുകളാണ് ഇന്നലെ ഉയർത്തിയത്. ഇതിൽ രണ്ടെണ്ണമാണ് അടച്ചത്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ കേരളത്തിന് ആശങ്കയാണ്. എങ്ങനേയു 142 അടിയിൽ ജലനിരപ്പ് ഉയർത്താനാണ് നീക്കം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നവംബർ 30 ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. കനത്ത മഴ പെയ്താൽ പ്രതിസന്ധി മറ്റൊരു തരത്തിലാകും.
ഒക്ടോബർ 28-ന് സുപ്രീം കോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിറുത്തണമെന്ന് നിർദേശിച്ചത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതിനെ തമിഴ്‌നാട് എല്ലാ അർത്ഥത്തിലും അവസരമാക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്‌നാട് തീരംവരെ ന്യൂനമർദ പാത്തി നിലവിലുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനകം ന്യൂനമർദമായി ശക്തിപ്രാപിച്ച് ശ്രീലങ്കയുടേയും തെക്കൻ തമിഴ്‌നാടിന്റെയും കരയിൽ പ്രവേശിക്കും. അതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റീമീറ്റർ മഴയാണ് പ്രവചിക്കുന്നത്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.
നവംബർ 30ന് ശേഷവും മഴ തുടർന്നാൽ 142 അടിക്ക് ശേഷം തമിഴ്‌നാട് ക്രമാതീതമായി വെള്ളം സ്പിൽവേയിലൂടെ ഒഴുക്കി വിടും. ഇത് ഇടുക്കി ഡാമിലേക്ക് നീരൊഴുക്കും കൂട്ടും. ഈ സാഹചര്യത്തിൽ പെരിയാറിലേക്ക് ഏറെ വെള്ളം തുറന്നു വിടേണ്ടിയും വരും. ഇത് വലിയ പ്രളയമുണ്ടാക്കുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ