- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്രം അംഗീകരിക്കില്ല; മരംമുറി ഉത്തരവ് പിൻവലിച്ചത് സുപ്രീംകോടതിയിൽ തിരിച്ചടിയാകും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് കേരളം തുറന്നു കൊടുത്തത് സുവർണ്ണാവസരം; ബേബി ഡാം ബലപ്പെടുത്തലിൽ കോടതി വിധി നിർണ്ണായകമാകും; പെരിയാറിന്റെ തീരത്തുള്ളവരെ ഒറ്റിക്കൊടുത്തത് ആര്?
തിരുവനന്തപുരം: ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ വിവാദ ഉത്തരവും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിഷയത്തിൽ കള്ളക്കളി നടന്നതിന് തെളിവ്. അഴിമതി സംശയം രാഷ്ട്രീയക്കാരിലേക്ക് നീളുന്നതാണ് സംഭവ വികാസങ്ങൾ. മരംമുറി ഉത്തരവിറക്കിയ ശേഷം എന്തിനു റദ്ദാക്കിയെന്ന കോടതിയുടെ ഒറ്റ ചോദ്യം തമിഴ്‌നാടിന് കാര്യങ്ങൾ അനുകൂലമാക്കും. അതിനുള്ള ഗൂഢാലോചനയാണ് കേരളത്തിൽ സംഭവിച്ചതെന്ന് വ്യക്തം.
അതിനിടെ ഈ വിവാദ ഉത്തരവിന്റെ പേരിൽ സസ്‌പെൻഷനിലായ ബെന്നിച്ചൻ തോമസ് നടപടി ക്രമങ്ങളിൽ വീഴ്ച വന്നിട്ടില്ലെന്നും വിശദീകരിക്കുന്നുണ്ട്. ഇതിനൊപ്പം ബെന്നിച്ചന്റെ സസ്‌പെൻഷൻ കേന്ദ്രത്തെ കേരളം അറിയിച്ചതുമില്ല. ഐഎഫ് എസ് ഉദ്യോഗസ്ഥർ കേന്ദ്രത്തിന് കീഴിലുള്ളവരാണ്. അതുകൊണ്ട് തന്നെ സസ്‌പെൻഷന് അംഗീകാരം കിട്ടാൻ കേന്ദ്രാനുമതി വേണം. ബെന്നിച്ചന്റെ സസ്‌പെൻഷനും കേന്ദ്രം അംഗീകരിക്കില്ലെന്നാണ് സൂചന. കേരളം നൽകുന്ന വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കും.
ഡിഎംകെ ഇടതുപാർട്ടികൾക്ക് നൽകിയ കോടികളുടെ രാഷ്ട്രീയ സംഭാവന മുല്ലപ്പെരിയാറിനൊപ്പം ചർച്ചയായിരുന്നു. മരം മുറിക്ക് അനുമതി നൽകിയതിന് പിന്നിൽ ചില ഇടപെടലുണ്ടെന്നും ആക്ഷേപം ഉണ്ടായി. ഇതിന് പിന്നാലെയാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ സംശയിച്ചതു പോലെ തമിഴ്‌നാട് സുപ്രീംകോടതിയിൽ വിഷയം എത്തിച്ചത്. മരം മുറിക്ക് കേരളം എതിരു നിൽക്കുന്നതിന് കാരണം രാഷ്ട്രീയമാണെന്ന് കോടതിയിൽ അവർക്ക് വാദിക്കാം. ഇതിനെ സാധൂകരിക്കാൻ വസ്തുകളും അവർക്ക് കിട്ടിക്കഴിഞ്ഞു. ഇതിന് വേണ്ടിയായിരുന്നു മരം മുറി ഉത്തരവിലെ കേരളത്തിലെ നാടകം.
മരംമുറി അനുമതി പുനഃസ്ഥാപിക്കണമെന്നും വള്ളക്കടവിൽ നിന്നുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അഭ്യർത്ഥിച്ച്, തമിഴ്‌നാട് കോടതിയെ സമീപിച്ചതോടെ കേരളം കൂടുതൽ വെട്ടിലാകും. മുല്ലപ്പെരിയാർ വിഷയത്തിൽ അടുത്ത മാസം തമിഴ്‌നാട് കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാടിന്റെ ഹർജിക്കു കേരളം എന്തു മറുപടി നൽകുമെന്നതും നിർണായകം. മരംമുറി വിഷയത്തിൽ തമിഴ്‌നാടിന് അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കിൽ, പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം അവർ തള്ളുമോ എന്ന ആശങ്കയും ഉണ്ട്.
സെപ്റ്റംബർ 17 ന് സെക്രട്ടറിതല യോഗത്തിൽ മരംമുറിക്കാൻ തീരുമാനമെടുക്കുകയും സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തശേഷം പിന്മാറിയത് എന്തു കൊണ്ട് എന്നതാണ് പ്രധാനം ചോദ്യം. കോടതിയലക്ഷ്യമെന്നു വാദം തമിഴ്‌നാട് ഉയർത്തും. ഈ മാസം 5 ന് അന്നത്തെ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മരംമുറിക്ക് അനുമതി നൽകി ഇറക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചതും റദ്ദാക്കിയതും എന്തുകൊണ്ടെന്ന് കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും തിരിച്ചടിയാകും.
മരംമുറിക്ക് വീണ്ടും അനുമതി നൽകി ഉത്തരവിറക്കാനാകുമോ എന്നും സുപ്രീംകോടതി തിരക്കിയേക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യജീവി ബോർഡിന്റെയും അനുമതിയില്ലാതെ മരം മുറിക്കാൻ ഉത്തരവ് നൽകാൻ കഴിയുമോ എന്നതും ശ്രദ്ധേയമായ ചോദ്യമാണ്. പുതിയ അണക്കെട്ടിനായുള്ള ആവശ്യം തമിഴ്‌നാട് തള്ളിയാൽ എന്തു ചെയ്യണമെന്നതും കേരളത്തെ സുപ്രീംകോടതിയിൽ ഇനി കുഴക്കും. ബേബി ഡാം ബലപ്പെടുത്തലുമായി തമിഴ്‌നാട് മുന്നോട്ടുപോകുമ്പോൾ എങ്ങനെ പ്രതിരോധിക്കാൻ കേരളത്തിന് കഴിയില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ