- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ 142 അടി ജലനിരപ്പ് എന്ന ആദ്യ ലക്ഷ്യം ഈ മഴക്കാലത്ത് നേടി തമിഴ്‌നാട്; ഇനി ബേബി ഡാം ശക്തിപ്പെടുത്തൽ അജണ്ട; ആറു ഷട്ടറുകളിലൂടെ അധിക ജലം പെരിയാറ്റിലേക്ക് തുറന്ന് വിട്ട് സ്റ്റാലിൻ സർക്കാർ; പ്രതിരോധം തീർക്കാത്ത കേരളത്തിന്റെ മൗനം തീരത്തുള്ളവർക്ക് ആശങ്ക; മഴ തുടർന്നാൽ ജലബോംബിൽ ഭീതി കൂടും
ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് ആദ്യ ലക്ഷ്യം നേടി. അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനിടെയാണ് കേരളത്തെ ഭീതിയിലാക്കി ലക്ഷ്യം നേടുന്നത്. ഇതോടെ സ്പിൽവേയിലെ അഞ്ച് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതിലൂടെ 2100 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്.
142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 142 അടിയാക്കാനാണ് നേരത്തെ വെള്ളം കൊണ്ടു പോകുന്നത് പോലും തമിഴ്‌നാട് വേണ്ടെന്ന് വച്ചത്. അണക്കെട്ട് 142 അടി ജലനിരപ്പിൽ എത്തിയാലും ഭീഷണിയിൽ അല്ലെന്ന് വീമ്പു പറയാൻ വേണ്ടിയാണ് ഇത്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ വേണ്ടിയുള്ള ആദ്യ കുതന്ത്രമാണ് ഇത്. കേരളം കണ്ണടച്ചതും സുപ്രീംകോടതിയിലെ കേസിൽ ഇരട്ടത്താപ്പ് കാട്ടിയതും തമിഴ്‌നാടിന് തുണയായി. ഇനി ബേബി ഡാം ശക്തിപ്പെടുത്തലാണ് തമിഴ്‌നാടിന്റെ അജണ്ട.
ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനാണ് ഇത്. റൂൾ കർവ്വ് പ്രകാരം 142 അടിയിൽ ജലനിരപ്പ് തമിഴ്‌നാട് നിലനിർത്തും. കേരളം പ്രതിരോധത്തിന് ശ്രമിക്കാത്തതു കൊണ്ട് തന്നെ ഈ നില മുമ്പോട്ട് കൊണ്ടു പോകാനും കഴിയും.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. 142 അടിയായി ജലനിരപ്പ് എത്തിയതിനാൽ ഇനിയുള്ള അധിക ജലം മുഴുവൻ പെരിയാറ്റിലേക്ക് തമിഴ്‌നാട് ഒഴുക്കും. ഇത് ഇടുക്കി അണക്കെട്ടിനും ഭീഷണിയാണ്. തമിഴ്‌നാട്ടിലും മഴയുള്ള സാഹചര്യത്തിൽ ടണൽ വഴി കൂടുതൽ ജലം തമിഴ്‌നാട് ഇനി കൊണ്ടു പോകില്ല.
പുലർച്ചെ നാല് മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്. 2100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ അഞ്ച് ഷട്ടറുകൾ 30 സെ.മി വീതം ഉയർത്തിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ട് പോകുന്നത്ത് 1,867 ഘനയടി വെള്ളം.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേ?ഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ഇടുക്കിയിലും മഴ തുടരും. ഇത് മുല്ലപ്പെരിയാർ പ്രതിസന്ധി കൂട്ടും.
തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ