- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാർ... ഇത് തകരും... ലക്ഷങ്ങൾ മരിക്കും.. കാലിൽ വന്ദിക്കാം.. അപേക്ഷയാണ്.. രാജ്യസഭയിലെ കണ്ണന്താനത്തിന്റെ യാചനയും വെറുതെയായി; സുർക്കി ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കാൻ എന്തും ചെയ്യാൻ മടികാണിക്കാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിൽ രാത്രിയിൽ ഷട്ടർ തുറക്കൽ തുടരുമ്പോൾ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നതിനുമുമ്പ് ഒൻപത് സ്പിൽവേ ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്. ഇന്നലെ വൃഷ്ടി പ്രദേശത്ത് നല്ല മഴ ലഭിച്ചിരുന്നു. ഇതോടെ നീരൊഴുക്ക് കൂടി. അതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ തമിഴ്‌നാട് കള്ളം പറയുകയാണെന്ന വാദവും ശക്തമാണ്. ജലനിരപ്പ് 142 അടിക്ക് മുകളിലാണെന്നും സംശയങ്ങളുണ്ട്. മഴയുടെ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഷട്ടറുകൾ തമിഴ്‌നാട് തുറക്കുന്നില്ല.
വൃഷ്ടിപ്രദേശത്തെ മഴയുടെ സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാട് ഇത്തവണ 142 അടി വരെയെത്തുന്നത് കാത്തിരിക്കാതെ പെരിയാറിലേക്ക് കൂടുതൽ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കിയത് എന്നാണ് ഔദ്യോഗിക അറിയിപ്പ്. സെക്കൻഡിൽ 7341 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ഇത് ഇടുക്കിയിലേക്കാണ് ഒഴുകിയെത്തുന്നത്. മഴ തുടർന്നാൽ പ്രതിസന്ധി പുതിയ തലത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. മുല്ലപ്പെരിയാറിലെ സുർക്കി ഡാമിന്റെ സുരക്ഷയിൽ സംശയങ്ങൾ ഉയരുമ്പോഴാണ് ഇത്. ഈ ഡാമിന്റെ വിഷയങ്ങൾ അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ അവരിപ്പിച്ചിരുന്നു. ഇതും തമിഴ്‌നാടിന്റെ കണ്ണ് തുറപ്പിക്കുന്നില്ല.
എങ്ങനേയും പരമാവധി ജലം സംഭരിക്കാനാണ് ശ്രമം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വൈകീട്ട് അഞ്ചോടെ 5500 ഘനയടിക്ക് മുകളിലായി. ഇതോടെ തമിഴ്‌നാട് ഒൻപത് ഷട്ടറുകളും 90 സെന്റീമീറ്റർ ഉയർത്തി. ഇതിനുമുമ്പ് തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്, 142 അടിയിൽ ജലനിരപ്പ് എത്തിയപ്പോൾ മാത്രമായിരുന്നു. വെള്ളം കൂടുതലായി ഒഴുക്കാൻ തുടങ്ങിയതോടെ പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അണക്കെട്ടിൽനിന്നും തമിഴ്‌നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്.
രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നത് നിർത്തണമെന്നതാണ് കേരളത്തിന്റെ ആവശ്യം. മഴ കുറയും വരെ നിശ്ചിത അളവ് ജലം തുറന്നു വിടണമെന്നും ആവശ്യമുണ്ട്. എന്നാൽ രാത്രിയിൽ ഷട്ടറുകൾ തുറന്ന് രാവിലെ അടയ്ക്കുന്നതാണ് രീതി. എങ്ങനേയും 142 അടിയിൽ ജലനിരപ്പ് നിലനിർത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ന്യായമായ ആവശ്യം പോലും തമിഴ്‌നാട് കേൾക്കുന്നില്ലെന്ന് സാരം.
മുല്ലപ്പെരിയാറിൽ ഒരു മലയാളി ഇതിന് അപ്പുറം അപേക്ഷാ സ്വരത്തിൽ യാചിച്ചിട്ടില്ല. മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ ആവശ്യപ്പെട്ടത് വികാര നിർഭര രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കേരളത്തിലെ ജനങ്ങൾ വലിയ ആശങ്കയോടെയാണ് കഴിയുന്നതെന്നും ഡാമിന് അപകടം സംഭവിച്ചാൽ വലിയ ദുരന്തമാകുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഈ വീഡിയോ വൈറലാണ്. എല്ലാവരും കണ്ടു. പക്ഷേ തമിഴ്‌നാടിന് മാത്രം കുലുക്കമില്ല. ഇതാണ് അർദ്ധ രാത്രിയിൽ ഡാം തുറന്നുവിട്ട് വീണ്ടും കേരളത്തിന് ദുരിതം നൽകുന്നത്.
അത്രയും വികാരമാണ് രാജ്യസഭയിൽ കണ്ണന്താനം നടത്തിയത്. കാലു തൊട്ട് വന്ദിച്ച് ഓരോരുത്തരോടും അഭ്യർത്ഥിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ പുതിയ ഡാം നിർമ്മിക്കാം. നിങ്ങൾ വെള്ളം കൊണ്ടു പോകൂ. മീൻ പിടിക്കൂ. വൈദ്യുതി ഉണ്ടാക്കൂ.. 35 ലക്ഷം ജീവൻ മാത്രം ഞങ്ങൾക്ക് മതി-രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗം തെളിവുകളും രേഖകളും നിരത്തി മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് വേണ്ടി വാദിച്ചു. ഇതൊരു സുർക്കി ഡാമാണ്. കോൺക്രീറ്റില്ല. കോൺക്രീറ്റില്ലാത്ത സുർക്കി ഡാം എങ്ങനെ 126 കൊല്ലത്തെ അതിജീവിക്കും. പറയൂ-ഇതായിരുന്നു ചോദ്യം.
സുർക്കി ഡാം കേരളത്തിന്റെ അഞ്ചു ജില്ലകളെ തകർക്കും. അതുകൊണ്ടു പുതിയ ഡാം. താൻ 1979ൽ ആ മേഖലയിലെ സബ് കളക്ടറായിരുന്നപ്പോൾ പുതിയ ഡാം എന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചുവെന്ന് കണ്ണന്താനം പറയുന്നു. ഈ രേഖയും സഭയിൽ വച്ചു. 1980ൽ ജലകമ്മീഷനും ഈ ആവശ്യം അംഗീകരിച്ചുവെന്ന് കണ്ണന്താനം പറഞ്ഞു. കേസുകളിൽ കേരളം തോറ്റിട്ടുണ്ടാകാം. എന്നാൽ കാലത്തിന്റെ ആവശ്യമാണ് പുതിയ ഡാം. ഇന്ത്യയാണ് പ്രധാനം. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. ഈ വികാരത്തിൽ മലയാളികളെ രക്ഷിക്കണം. ഹിരോഷിമയിൽ 1.5 ലക്ഷം പേരാണ് ന്യൂക്ലിയർ ബോംബിൽ മരിച്ചത്. നാഗസാക്കിയിൽ 75,000വും-ഇതായിരുന്നു ആവശ്യം.
മുല്ലപ്പെരിയാറിൽ 35 ലക്ഷം പേരാണ് ഭീതിയിലുള്ളത്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത് മാറും. അതുകൊണ്ട് കേന്ദ്രം ഇടപെടണം. സഭയിലെ അംഗങ്ങളെല്ലാം കേരളത്തിന് വേണ്ടി ഒരുമിക്കണം-കണ്ണന്താനം ആവശ്യപ്പെട്ടു. ഈ പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. കേരളത്തിൽ വളർന്ന് ഷില്ലോഗിൽ പഠിച്ച ഐ എ എസുകാരനാണ് ഞാൻ. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗം. ഞാൻ വാദിക്കുന്നത് കേരളത്തിന് വേണ്ടിയും-വികാരങ്ങൾ മറിച്ചു വയ്ക്കാതെ കണ്ണന്താനം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ