തിരുവനന്തപുരം: മുല്ലപ്പെരിയാർ എന്നു കേട്ടാൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ചുറ്റിക്കളിയാണ്. മുട്ടിൽ മരം മുറിക്ക് അനുമതി നൽകിയ ഉത്തരവ് തന്നെ ഇതിന് തെളിവാണ്. ഇത്തരമൊരു ഉത്തരവ് കേരളം അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നന്ദി പറച്ചിലൂടെയാണ്. ഇങ്ങനെ കേരളത്തിന് ഇനിയും തമിഴ്‌നാടിന് നന്ദി പറയുന്നത് തുടരാം. അത്തരത്തിലൊരു നിയമോപദേശവും എത്തുകയാണ്. പെരിയാറിന്റെ തീരത്തുള്ളവരുടെ ദുരിതം കാണാത്ത കേരളത്തിലെ ഭരണാധികാരികൾ.

ഡാമിൽ നിന്നു മുന്നറിയിപ്പില്ലാതെ അർധരാത്രി പെരിയാർ നദിയിലൂടെ പത്തിലൊന്നു വെള്ളം മാത്രമാണു തമിഴ്‌നാട് ഒഴുക്കിയതെന്നും ഇതിന്റെ പേരിൽ നഷ്ടപരിഹാരം ചോദിക്കുന്നതു ശരിയല്ലെന്നും കേരളത്തിനു നിയമോപദേശം. പെരിയാർ നിവാസികൾക്കുണ്ടായ ദുരിതത്തിന് തമിഴ്‌നാടിനോടു നഷ്ടപരിഹാരം ചോദിക്കണമെന്ന തീരുമാനത്തിൽ നിന്നു കേരളം പിന്മാറിയത് ഇതേത്തുടർന്നാണെന്നാണ് മനോരമയുടെ റിപ്പോർട്ട്. നഷ്ടപരിഹാരം വേണ്ടെന്ന് വച്ച് തമിഴ്‌നാടിനെ കൂട്ടുകാരനാക്കാനുള്ള നീക്കം. തമിഴ്‌നാടിനെ പിണക്കാൻ ആരും ആഗ്രഹിക്കുന്നില്ലത്രേ. ഇതിൽ നിന്ന് തന്നെ ഒത്തുകളി വ്യക്തമാണ്.

ബേബിഡാം മരം മുറി വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന തമിഴ്‌നാടിനോടു നഷ്ടപരിഹാരം കൂടി ചോദിച്ചു കൂടുതൽ പ്രകോപിപ്പിക്കരുതെന്നും മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്താനിരിക്കുന്നതു പരിഗണിക്കണമെന്നുമുള്ള ഉപദേശവും കേരളത്തിനു ലഭിച്ചു. കഴിഞ്ഞ 30 നും ഈ മാസം 1, 2, 6 തീയതികളിലുമായി പുലർച്ചെ 1 മുതൽ 5 വരെ 12 തവണയാണു മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിട്ടത്. വള്ളക്കടവു മുതൽ മ്ലാമല വരെയുള്ള ഭാഗങ്ങളിലെ 71 വീടുകളിൽ വെള്ളം കയറിയെന്നാണു പീരുമേട് തഹസിൽദാറുടെ റിപ്പോർട്ട്. തൽകാലം ഈ ദുരിതം കേരളം അങ്ങ് സഹി്ക്കും.

മുഖ്യമന്ത്രിയുമായി മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ കൂടിക്കാഴ്ചയിലാണു നഷ്ടപരിഹാരം ചോദിക്കാൻ തീരുമാനിച്ചത്. പുതിയ ഹർജി തയാറാക്കിയപ്പോൾ കേരളം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഇത് അഞ്ചാമതായി ചേർത്തു. എന്നാൽ, കഴിഞ്ഞ മാസം 21 മുതൽ ഈ മാസം 8 വരെ 1.22 ലക്ഷം ഘനയടി വെള്ളം മാത്രമാണു തമിഴ്‌നാട് ഒഴുക്കിവിട്ടതെന്നും ഇതിന്റെ പേരിൽ നഷ്ടപരിഹാരം ചോദിക്കുന്നതു ശരിയല്ലെന്നുമാണ് സുപ്രീം കോടതിയിലെ കേരളത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ ആ നീക്കം വേണ്ടെന്ന് വച്ചു.

അർധരാത്രി മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽനിന്നു തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്കു മാറ്റിയിരുന്നു. കേരളത്തിന്റെ പുതിയ അപേക്ഷയിൽ മറുപടി സമർപ്പിക്കണമെന്നും കേസ് ബുധനാഴ്ച പരിഗണിക്കണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് നഷ്ടപരിഹാരം വേണ്ടെന്ന് കേരളം തീരുമാനിച്ചത്.

തമിഴ്‌നാടിന്റെ അഭിഭാഷകൻ ശേഖർ നഫാഡെയാണ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യമുന്നയിച്ചത്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്‌നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്നും കേരളം സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബേബിഡാമിനു സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും കോടതിക്കു മുന്നിലുണ്ട്.