കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെ ബേബി ഡാമിന് അടിഭാഗത്ത് ചോർച്ച വർധിച്ചു. കഴിഞ്ഞ ദിവസം അണക്കെട്ടിൽ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്ക കൂട്ടുന്നതാണ് ഈ സംഭവം.

മുല്ലപ്പെരിയാറിലെ സംഭരണിയിൽ ജലനിരപ്പ് 115 അടിക്കു മുകളിലെത്തുമ്പോഴാണ് ബേബി ഡാമിന്റെ അടിത്തട്ടിൽ വെള്ളമെത്തുന്നത്. ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തമിഴ്‌നാടും അംഗീകരിച്ചിട്ടുണ്ട്. അതിനാലാണ് ഇവിടെ ബലപ്പെടുത്തലിന് അനുവാദത്തിനായി കേരളത്തിനുമേൽ നിരന്തരം സമ്മർദം ചെലുത്തുന്നത്. ബേബി ഡാമിന്റെ താഴ്ഭാഗത്തു കൂടിയുള്ള ജലമൊഴുക്ക് വ്യക്തമാണ്.

മഴ മാറിയതോടെയാണ് ചോർച്ച തെളിഞ്ഞത്. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നുണ്ടെന്നും തൽക്കാലം ബേബിഡാമിന് ഭീഷണിയില്ലെന്നുമാണ് തമിഴ്‌നാടിന്റെ വിലയിരുത്തൽ. ബേബിഡാം ബലപ്പെടുത്താതിരുന്നാൽ അപകടമാണെന്ന ബോധ്യമുണ്ടെന്ന് തമിഴ്‌നാടും പറയുന്നു. ഇതിന് തടസ്സം കേരളമാണെന്നാണ് അവരുടെ വാദം. മുല്ലപ്പരിയാറിലെ മരം മുറി ഉൾപ്പെടെ വീണ്ടും സജീവമാക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം.

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്ക് ജലം ഒഴുകിയിരുന്ന സ്പിൽവേയിലെ അവസാനത്തെ ഷട്ടറും തിങ്കളാഴ്ച തമിഴ്‌നാട് അടച്ചിരുന്നു. രണ്ടു മാസത്തോളം നീണ്ട ജലമൊഴുക്കലിന് ശേഷമാണ് ഷട്ടറുകൾ പൂർണമായും അടച്ചത്. ഒക്ടോബർ 29നാണ് മുല്ലപ്പെരിയാർ ജലം ഇടുക്കിയിലേക്ക് ഒഴുക്കി തുടങ്ങിയത്. 138.75 അടിയായിരുന്നു അന്നത്തെ ജലനിരപ്പ്. പിന്നീട് ഷട്ടറുകൾ പലതവണ അടക്കുകയും തുറക്കുകയും ചെയ്‌തെങ്കിലും ജലം ഒഴുക്കുന്നത് പൂർണമായും നിർത്തിയിരുന്നില്ല.

മഴയുടെ ശക്തികുറയുകയും നീരൊഴുക്കിൽ കുറവ് വരുകയും ചെയ്തതോടെയാണ് 10 സെ.മീ. മാത്രം തുറന്നിരുന്ന വി.മൂന്ന് ഷട്ടർ തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ അടച്ചത്. അണക്കെട്ടിൽ നിലവിൽ 141.90 അടി ജലമാണുള്ളത്. സെക്കൻഡിൽ 169 ഘനയടി ജലം മാത്രമാണ് നീരൊഴുക്ക്. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 1200നിന്ന് 600 ഘനയടിയാക്കി കുറച്ചിട്ടുണ്ട്

അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്നും പിന്നെന്തിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. കേരളം പലതവണ ആവശ്യപ്പെട്ടിട്ടും സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി യോഗം ചേർന്നില്ല. സുപ്രീംകോടതി വിധി എല്ലാവർക്കും ഒരുപോലെ ബാധകമാണ്. 2014ലെ കോടതിവിധിക്കുശേഷം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.

രാത്രിയിൽ വെള്ളം തുറന്നുവിട്ടു, മുന്നറിയിപ്പുകൾ നൽകിയില്ല തുടങ്ങിയ വിഷയങ്ങളെല്ലാം കൃത്യമായി സെൻട്രൽ വാട്ടർ കമീഷൻ അംഗം, മേൽനോട്ട സമിതി ചെയർമാൻ, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരെയും കേന്ദ്ര സർക്കാറിനെയും അറിയിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാ രേഖകളും കൈയിലുണ്ട്. ഡാം ഡീകമീഷൻ ചെയ്യുന്ന കാര്യത്തിൽ അന്തർദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു