- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോ'; അത് ഞാൻ അറിയേണ്ടതല്ലല്ലോ എന്ന വിചിത്ര പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ; ഭരണകക്ഷിയിൽ എതിർപ്പ്; ഗൗരവമായി അന്വേഷിക്കണമെന്ന് വാഴൂർ സോമൻ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ; മുല്ലപ്പെരിയാറിൽ നടക്കുന്നത് കള്ളക്കളിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം അനുമതി നൽകിയ ഉത്തരവിൽ വിചിത്രമായ പ്രതികരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. 'തമിഴ്നാട് മരംമുറി തുടങ്ങിയിട്ടുണ്ടാ'കാമെന്നാണ് ഉത്തരവ് റദ്ദാക്കുന്നതിനെ കുറിച്ച് അടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി നൽകിയ ഉത്തരം.
''അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോ. അത് ഞാൻ അറിയേണ്ടതല്ലല്ലോ'' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ശനിയാഴ്ച രാത്രിയാണ് ഉത്തരവിനെ കുറിച്ച് അറിഞ്ഞത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടതായും അതിനാലാണ് വൈകുന്നതെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ വെട്ടുന്നതിന് കേരളം അനുമതി നൽകിയത് ഉദ്യോഗസ്ഥ തലത്തിലാണെന്നും മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നുമുള്ള വാദമാണ് വനംമന്ത്രി എ കെ ശശീന്ദ്രൻ ഉന്നയിക്കുന്നത്.
മരംമുറി ഉത്തരവിൽ ഉദ്യോഗസ്ഥരെ പഴിചാരി ഒളിച്ചു കളിക്കുകയാണ് സംസ്ഥാന സർക്കാർ. തമിഴ്നാട് മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകാമെന്ന വനംമന്ത്രിയുടെ വിവാദം പ്രതികരണം സർക്കാർ നീക്കങ്ങളെ കൂടുതൽ സംശയത്തിലാക്കുന്നതാണ്. ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും അനുമതി ഉത്തരവിന്റെ പകർപ്പ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ടെന്നാണ് രേഖകൾ തെളിയിക്കുന്നത്.
മരം മുറി ഉത്തരവിൽ ജനം ആശങ്കപ്പെടുമ്പോഴും ഉത്തരവ് പിൻവലിക്കാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുമ്പോഴുമാണ് മുറിച്ചു തുടങ്ങിയാൽ എന്ത് ചെയ്യുമെന്ന മന്ത്രിയുടെ പ്രതികരണം. മരംമുറി തടയേണ്ട മന്ത്രി തന്നെ കൈമലർത്തുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വാദം കൂടുതൽ ദുർബ്ബലമാകുന്നത്.
മന്ത്രിയുടെ വാദങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ വെള്ളം ചേർക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചതിനെതിരെ സർക്കാർ അന്വേഷണം വേണം. മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത് പീരുമേടിലെ എംഎൽഎ കൂടിയാണ് വാഴൂർ സോമൻ.
''മാധ്യമങ്ങളിലൂടെയാണ് മരംമുറിക്ക് കേരളം അനുമതി നൽകിയതെന്ന വിവരമറിഞ്ഞത്. ഉടൻ തന്നെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. പാട്ട ഭൂമിയിലെ മരംമുറിക്ക് ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കാമെന്നാണ് അവർ അറിയിച്ചത്. എന്നാൽ പാട്ടഭൂമിയെന്നതിലുപരി സുപ്രീം കോടതി ഇടപെട്ട രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമാണിത്. അത്തരത്തിലൊരു വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഉദ്യോഗസ്ഥർ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പുതിയ ഡാമെന്ന ആവശ്യത്തിൽ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുന്ന സമത്ത് നയപരമായ ഒരു തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. സുപ്രീം കോടതി പറഞ്ഞുവെന്ന പേരിൽ ഉദ്യോഗസ്ഥർ എടുക്കേണ്ട തീരുമാനമല്ലിത്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ വെള്ളം ചേർക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു''. ധിക്കാരപരമായ നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് ഗൗരവകരമായി എടുത്ത് സർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു.
മുല്ലപ്പെരിയാരിൽ മരംമുറിക്കുള്ള അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ താത്പര്യമാണ് കേരള സർക്കാർ സംരക്ഷിക്കുന്നത്. ആഭ്യന്തര വകുപ്പ് അറിഞ്ഞാണ് ഉത്തരവിട്ടതെന്നതിന് തെളിവുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് പിൻവലിക്കണം. കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് ഉണ്ടായത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒന്നും അറിഞ്ഞില്ലെന്ന് പറയുന്ന വനം മന്ത്രി സ്ഥാനത്ത് ഇരിക്കണോ എന്ന് അദ്ദേഹം ചിന്തിക്കണം. മാനാഭിമാനമുണ്ടെങ്കിൽ മന്ത്രി രാജിവക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അറിഞ്ഞുള്ള നാടകമാണ് നടന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നത്. ബേബിഡാമിലെ മരം മുറിക്കുള്ള അനമതി മുഖ്യമന്ത്രി അറിഞ്ഞാണ് നൽകിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രിയും അറിയാതെ മരംമുറിക്കാൻ അനുമതി നൽകാനാകില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. നടന്നത് വൻ ചതിയാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ