- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്തപ്രളയമുണ്ടായ സമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു; 2018ലെ പ്രളയ കാരണം മുല്ലപ്പെരിയാർ! സിഎജിയോട് എല്ലാം സമ്മതിച്ച പിണറായി സർക്കാർ ചെയ്തത്് ഈച്ച പോലും അറിയാതെ മരം മറുക്കാൻ തമിഴ്‌നാടിന് അനുമതി നൽകൽ; ദുരന്തം ഒഴിവാക്കാൻ മുന്നറിയിപ്പുമായി സിഎജിയും
തിരുവനന്തപുരം: ആദ്യ പ്രളയത്തിന്റെ മൂലകാരണം ഡാം തുറക്കൽ തന്നെ. ഇതുമായി ഇതുവരെ സർക്കാർ നടത്തിയ വിശദീകരണമെല്ലാം കള്ളമായിരുന്നുവെന്ന് സർക്കാർ തന്നെ ഒടുവിൽ സമ്മതിക്കുകയാണ്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാൻ ഡാം തുറന്നത് കാരണമായെന്നു സമ്മതിച്ച് സർക്കാർ. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് സർക്കാർ സി.എ.ജി.യെ അറിയിച്ചത്. ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നത്. അതായത് കേരളത്തിന് മുല്ലപ്പെരിയാർ എത്രത്തോളം ഭീഷണിയാണെന്ന് സർക്കാർ തിരിച്ചറിയുന്നു. എന്നിട്ടും മരം മുറിക്കാനും മറ്റും വിവാദ ഉത്തരവുകൾ തമിഴ്‌നാടിന് വേണ്ടി ഇറക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പാണ് സിഎജി റിപ്പോർട്ടിലെ സമ്മതവും ചർച്ചയാക്കുന്നത്.
അണക്കെട്ടുകൾ ഏറെയുള്ള ഇടുക്കി ജില്ലയെയാണ് സി.എ.ജി. പഠനജില്ലയായി കണക്കാക്കിയിട്ടുള്ളത്. 2018 ഓഗസ്റ്റ് 15 മുതൽ 18 വരെ കനത്തപ്രളയമുണ്ടായ സമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നാണ് സർക്കാർ വിശദീകരണത്തിലുള്ളത്. ഒരു മുന്നറിയിപ്പുമില്ലാതെ ഏതുനിമിഷവും തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഇടുക്കി അണക്കെട്ടിന്റെ ഭദ്രത ഉറപ്പുവരുത്താൻ, അതിൽനിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടൽ ഉറപ്പുവരുത്താനുള്ള സജ്ജീകരണം കെ.എസ്.ഇ.ബി.ക്ക് ചെയ്യേണ്ടിവന്നു. കനത്ത പ്രളയദിവസങ്ങളിൽ മുല്ലപ്പെരിയാറിൽനിന്ന് 169.97 എം.സി.എം. വെള്ളം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിഞ്ഞേനെയെന്നാണ് സർക്കാർ വിശദീകരിച്ചത്. ആ പ്രളയം ഉണ്ടായ ആഘാതം എത്രയെന്ന് കേരളത്തിന് നന്നായി ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ സിഎജിയുടെ കണ്ടെതലുകൾ കേരളത്തിന് സുപ്രീംകോടതിയിലും ഹാജരാക്കാൻ ഖഴിയും.
ഏകീകൃത റിസർവോയർ മാനേജ്മെന്റ് പ്ലാൻ ഇല്ലാത്തതിന്റെ അപകടമാണ് സർക്കാർ വിശദീകരണത്തിലുള്ളതെന്ന് സി.എ.ജി. റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. റിസർവോയറുകളിൽനിന്ന് വെള്ളം പുറന്തള്ളുന്ന സംവിധാനം മെച്ചപ്പെടുത്തേണ്ടതു സംസ്ഥാനത്തിന്റെ ചുമതലയാണെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നത് 'റൂൾകർവ്' അടിസ്ഥാനമാക്കിയാണ്. എന്നാൽ, പ്രളയകാലത്ത് റിസർവോയർ പ്രവർത്തനങ്ങൾക്ക് ഒരു റൂൾകർവും പിന്തുടർന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതായും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദുരന്തസാധ്യത കൂടുതലാണ്. ഇതിൽ പ്രളയമാണ് കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. ഇത് നേരിടാൻ മികച്ച ആസൂത്രണം, നിർവഹണം എന്നിവ സംസ്ഥാനത്തുണ്ടാകണം. ജലവിഭവ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ, നദികളുടെ മാസ്റ്റർപ്ലാൻ, നദീതടപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കായി പ്രത്യേകം അഥോറിറ്റി രൂപവത്കരിക്കണം. വിശ്വസനീയമായ ഫ്‌ളഡ് ഹസാർഡ് മാപ്പ് തയ്യാറാക്കാനുള്ള മാർഗങ്ങൾ സംസ്ഥാനം തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മഴയുടെ തോത് അളക്കാൻ വേണ്ടത്ര സംവിധാനമില്ല. പെരിയാർ നദീതടത്തിൽ 32 റെയിൻ ഗേജ് സ്ഥാപിക്കാനാണ് നിർദ്ദേശം. ആറെണ്ണം മാത്രമാണ് സ്ഥാപിച്ചത്. കേന്ദ്ര ജലക്കമ്മിഷൻ ആവശ്യപ്പെട്ടിട്ടും പ്രളയപ്രവചനകേന്ദ്രം സ്ഥാപിക്കാനുള്ള വിശദാംശങ്ങൾ സംസ്ഥാനം നൽകിയില്ല. 17 അണക്കെട്ടുകളുള്ള ഇടുക്കിയിൽപ്പോലും നല്ല ഭൂകമ്പമാപിനികൾ സ്ഥാപിച്ചില്ല. 90 കോടി ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ ഉപകരണം വെറുതേയായി. 50.93 ലക്ഷത്തിന് വാങ്ങിയ ഗുരാൽപ് ഭൂകമ്പമാപിനി മൂന്നുവർഷമായി തിരുവനന്തപുരത്തെ ഓഫീസിൽ കെട്ടിക്കിടക്കുന്നുവെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ