കുമളി: കേരളത്തിന്റെ നിരന്തര ആവശ്യം തള്ളി തിങ്കളാഴ് ച രാത്രിയും വൻതോതിൽ ജലം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്‌നാട് അധികൃതർ തുറന്നുവിട്ടപ്പോൾ വെള്ളം കയറിയത് ചപ്പാത്ത പാലത്തിലും വീടുകളിലും. അണക്കെട്ടിൽ നിന്നും സെക്കൻഡിൽ 12,654 ഘന അടി ജലമാണ് രാത്രി ഒമ്പതോടെ തുറന്നുവിട്ടത്. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി. പകൽ മുഴുവൻ ജലം ഒഴുക്കുന്നത് കുറച്ചശേഷമാണ് രാത്രി ജലനിരപ്പ് ഉയർന്നതിന്റെ പേരിൽ സ്പിൽവേയിലെ ഒമ്പത് ഷട്ടർ 120 സെ.മീ ഉയർത്തി ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടത്. രാവിലെയോടെ എട്ട് ഷട്ടറുകളും അടച്ചു. തുറന്ന ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നിലവിൽ ജലനിരപ്പ് 141.85 അടിയാണ്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് വിടുമ്പോഴുണ്ടാവുന്ന വിഷമമാണ് കഴിഞ്ഞ ദിവസം ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. രാത്രി വെള്ളം തുടർന്ന് വിടരുതെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ രാത്രി വീണ്ടും തമിഴ്‌നാട് വെള്ളം തുറന്ന് വിടുകയാണുണ്ടായത്. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പടെ ഇടപ്പെട്ടപ്പോൾ വെള്ളത്തിന്റെ അളവ് കുറക്കാൻ തമിഴ്‌നാട് തയാറായി.

മുല്ലപ്പെരിയാറിൽ ഡാം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം മേൽനോട്ട സമിതിയേയും സുപ്രീംകോടതിയേയും അറിയിക്കും. ധിക്കാരപരമായ സമീപനമാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന ജനങ്ങളുടെ വിമർശനത്തെ തള്ളിക്കളയാനാവില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

അതേസമയം, മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കുന്ന തമിഴ്‌നാട് നടപടിക്കെതിരെ കേരള കോൺഗ്രസ് പ്രതിഷേധിക്കും. പാർലമെന്റിന് മുന്നിലായിരിക്കും കേരള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. ജോസ്.കെ.മാണിയും തോമസ് ചാഴിക്കാടനുമായിരിക്കും വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധമുയർത്തുക.