- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയിൽ നിന്നും പത്ത് കോടി ഫണ്ട് വാങ്ങി സിപിഎം; മുല്ലപ്പെരിയാറിൽ കേരള ജനതയുടെ താൽപ്പര്യം സംസ്ഥാന സർക്കാർ അവഗണിക്കുന്നത് വാങ്ങിയ കാശിന്റെ കൂറു കാണിക്കലോ? പിണറായിയെ വെട്ടിലാക്കാൻ പ്രതിപക്ഷവും കച്ചമുറുക്കുന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയം ഒരു കാലത്ത് കേരളത്തിൽ പ്രധാന ചർച്ചാവിഷയമാക്കി മാറ്റിയത് ഇടതുപക്ഷമായിരുന്നു. അന്ന് മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനാണ് കേരള താൽപ്പര്യം ബലികഴിക്കാൻ രാഷ്ട്രീയ നേതാക്കൾ തമിഴ്നാടിന്റെ അച്ചാരം വാങ്ങുന്നു എന്ന് ആരോപിച്ച് രംഗത്തുവന്നത്. കാലങ്ങൾ ഏറെ കഴിഞ്ഞ് സിപിഎം തുടർഭരണവുമായി അധികാരത്തിൽ എത്തിക്കഴിഞ്ഞപ്പോൾ ഈ ആരോപണം വീണ്ടും ഇടതുപക്ഷത്തിന് തന്നെ തിരിച്ചടിയാകുകയാണ്. കാരണം ഇപ്പോൾ ഉയരുന്ന മുല്ലപ്പെരിയാർ വിവാദങ്ങളിലെ സർക്കാറിന്റെ നിലപാട് തന്നെയാണ്.
കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യത്തെ ബലികഴിക്കന്ന വിധത്തിലാണ് ഇടതു സർക്കാറിന്റെ മുല്ലപ്പെരിയാർ നിലപാടെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ഡാമിന് കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു. ഇതോടെ സുപ്രീംകോടതിയിലെ കേസുകളിൽ അടക്കം കേരളത്തിന്റെ വാദങ്ങൾ ദുർബലമായി. ഇത് കൂടാതെയാണ് ബേബി ഡാമിന്റെ അറ്റകുറ്റപ്പണികൾക്കായി മരം മുറിക്കാൻ സർക്കാർ അനുമതി നൽകിയതും. ഈ വിവാദത്തിലും പ്രതിക്കൂട്ടിലായത് സർക്കാറായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഒന്നുമറിയില്ലെന്ന് പറയുമ്പോഴും ഒന്നും നിഷേധിക്കാൻ സർക്കാറിന് കഴിയുന്നില്ല.
വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസരം സിപിഎമ്മിനെതിരെ ഉപയോഗിക്കാനാണ് കോൺഗ്രസ തീരുമാനം. ഇതിന് കാരണം ഡിഎംകെയിൽ നിന്നും സിപിഎം പണം കൈപ്പറ്റിയിട്ടുണ്ട് എന്ന കണക്കുകൾ തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം ഡിഎംകെയിൽ നിന്നും തെരഞ്ഞെടുപ്പു ഫണ്ട് വാങ്ങിയത്. സിപിഎമ്മിന്റെ കണക്കിൽ പത്ത് കോടിയും ഡിഎംകെയുടെ കണക്കിൽ 25 കോടിയുമാണ് സിപിഎം കൈപ്പറ്റിയത്. ഇതോടെ ഇപ്പോഴത്തെ വിഷയത്തിൽ സിപിഎം സംസ്ഥാന താൽപ്പര്യം ബലികഴിക്കുന്നത് വാങ്ങിയ കാശിനോടുള്ള കൂറു കാണിക്കൽ ആണെന്നാണ് ഉയരുന്ന ആരോപണം.
ബേബി ഡാം മരം മുറി ഉത്തരവ് പിൻവലിച്ച നടപടി അസാധാരണ വേഗത്തിലാണെന്ന് കെ ബാബു എംഎൽഎയും നിയമസഭയിൽ പരിഹസിക്കുകയുണ്ടായി. ഉത്തരവ് കേരളത്തിന്റെ കേസ് ദുർബലമാക്കും. മുഖ്യമന്ത്രി ഇതുവരെ ഇതേക്കുറിച്ച് മിണ്ടിയില്ല. മൗനിബാബയായി തുടരുകയാണ്. സംസ്ഥാന സർക്കാർ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ സിപിഎം താത്പര്യം സംരക്ഷിക്കാനാണ് ഈ ഉത്തരവ്. ഡിഎംകെ തെരഞ്ഞെടുപ്പ് ചെലവിനായി 10 കോടി രൂപ സിപിഎമ്മിന് കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈ കഴുകാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ വെള്ളരിക്ക പട്ടണമാക്കുകയാണെന്ന് ആരോപിച്ച കെ ബാബു, സംസ്ഥാന സർക്കാർ തന്നെ രാജി വച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിഎംകെയിൽ നിന്നും പണം പറ്റിയത് ലോക്സഭാ തെരഞ്ഞെടുപ്പിൽ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുസമയത്ത് സിപിഎം ഡിഎകെയിൽ നിന്ന് പത്തു കോടി വാങ്ങിയെന്നും സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനാണ് പണം വാങ്ങിയത്. മുൻപ് ഇക്കാര്യം പുറത്തുവന്നപ്പോൾ സിപിഎം പ്രതികരിച്ചിരുന്നില്ല. എട്ട് ഇടപാടുകൾ വഴിയാണ് പത്തു കോടി വാങ്ങിയത്. 2019 ഏപ്രിൽ അഞ്ച്, ഒൻപത്, 11 തീയതികളാലായിരുന്നു ഇലക്ട്രോണിക് ഇടപാടുകൾ. 2019ൽ സിപിഎമ്മിന് മൊത്തം ലഭിച്ചത് 20 കോടിയാണ്. അതിന്റെ പകുതിയും ഡിഎംകെ നൽകിയതാണ്. 2018ൽ വെറും മൂന്നു കോടി മാത്രം ലഭിച്ച പാർട്ടിക്കാണ് 2019ൽ 20 കോടി ലഭിച്ചത്, 550 ശതമാനം വർദ്ധന.
ഇത് കൂടാതെ സിപിഎമ്മിനും സിപിഐയ്ക്കും കോടികൾ നൽകിയതായി ഡിഎംകെയും വെളിപ്പെടുത്തുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിനും സിപിഐക്കുമായി ഇരുപത്തിയഞ്ച് കോടി രൂപ നൽകിയതായാണ് ഡി എം കെ വെളിപ്പെടുത്തിയത്. ഇതിൽ പതിനഞ്ച് കോടി രൂപ സിപിഐക്കും പത്ത് കോടി സി പി എമ്മിനുമാണ് നൽകിയിരിക്കുന്നതെന്നും ഡി എം കെ തിരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
അന്ന് സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽഹാസൻ പരസ്യമായി പറഞ്ഞിരുന്നു. പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്നാട്ടിൽ സിപിഎം ഡിഎംകെ മുന്നണിയിൽ ചേർന്നതെന്നും കമൽഹാസൻ പറയുകയുണ്ടായി. ഡിഎംകെയിൽ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തിൽ ഖേദിക്കുന്നുവെന്നും കമൽഹാസൻ. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമൽ ഹാസൻ അനന് പറയുകയുണ്ടായി.
മരംമുറിയിലെ കള്ളം പുറത്ത്, തലയൂരാൻ സർക്കാർ
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖം രക്ഷിക്കാൻ സർക്കാർ സംസ്ഥാന സർക്കാർ തീവ്രശ്രമങ്ങളാണ് നടത്തുന്നത്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിശദമായ നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട നടപടികൾ ഭാഗികമായി മരവിപ്പിക്കുന്ന രീതിയിലാണ് നിലവിൽ സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്.
ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിലും സർക്കാർ നിയമോപദേശം തേടും. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത് ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ്. എന്നാൽ ബെന്നിച്ചൻ തോമസിനെതിരെ മാത്രം നടപടിയെടുത്താൽ നിയമപരമായ വേദികളിൽ ഇത് ചോദ്യചെയ്യപ്പെടുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. അതിനാൽ വിശദമായ നിയമോപദേശത്തിന് ശേഷം മാത്രമാകും സർക്കാർ നടപടികളിലേക്ക് കടക്കുന്നത്.
അതേസമയം മരംമുറി അനുമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വനംമന്ത്രി നൽകിയ മറുപടിയും പാളി. ഇത് സംബന്ധിച്ച് തിരുത്തൽ പ്രസ്താവന സഭയിൽ നൽകിയേക്കും. ഉത്തരവിറക്കുന്നതിന് മുൻപ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലത്ത് പരിശോധന നടത്തിയത്. വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു സന്ദർശനം. ഫയലുകൾ പരിശോധിച്ച ശേഷം സഭയിൽ തിരുത്തൽ സ്റ്റേറ്റ്മെന്റ് വെക്കാനാണ് നീക്കം.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാറിൽ പരിസ്ഥിതി ആഘാത പഠനം നടക്കുന്നതായി മന്ത്രി സഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ എംഎൽഎമാർ മുല്ലപ്പെരിയാറിലെ മരംമുറി വിഷയം ഉന്നയിച്ചപ്പോൾ ഇന്നലെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ