- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ ഡാം ശക്തമെന്ന മുൻനിലപാട് ആവർത്തിച്ചു ജസ്റ്റിസ് കെ ടി തോമസ്; ഡാമിന് അപകടസാധ്യത ഉള്ളതായി താൻ കരുതുന്നില്ല; മൂന്നു തവണ ബലപ്പെടുത്തൽ നടത്തിയതോടെ ഡാം പുതിയ ഡാമിനു തുല്യം ശക്തമെന്നും വാദം; വിയോജിപ്പുമായി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി പി.ജെ.ജോസഫും
കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ട് ശക്തമെന്ന് തന്റെ മുൻനിലപാട് ആവർത്തിച്ചു ജസ്റ്റിസ് കെ ടി തോമസ്. അതേ അഭിപ്രായം പറഞ്ഞ തോമസിനോട് വിയോജിപ്പുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയം പി ജെ ജോസഫ് എംഎൽഎയും. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിലാണു മുല്ലപ്പെരിയാർ വിഷയം ചർച്ചയായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളടുെ അഭിപ്രായ പ്രകടനങ്ങൾ.
ചടങ്ങിൽ മുഖ്യാതിഥിയായ ജസ്റ്റിസ് കെ.ടി.തോമസ് പുസ്തകത്തിൽ മുല്ലപ്പെരിയാർ ഡാമിനെ പറ്റി പരാമർശിച്ചിട്ടുണ്ടെന്നും ഡാമിന് അപകടസാധ്യത ഉള്ളതായി താൻ കരുതുന്നില്ലെന്നും പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച ഹൈ എംപവേഡ് കമ്മിറ്റിയിൽ അംഗമായിരുന്നപ്പോൾ ഡാമിനെക്കുറിച്ചു വിശദമായി പഠിച്ചിരുന്നു.1984ൽ മൂന്നു തവണ ബലപ്പെടുത്തൽ നടത്തിയതോടെ മുല്ലപ്പെരിയാർ ഡാം പുതിയ ഡാമിനു തുല്യം ശക്തമാണ്. അതുകൊണ്ട് 1984 മുതലാണ് ഡാമിന്റെ പ്രായം കണക്കാക്കേണ്ടത്. താനും രണ്ടു ഡാം വിദഗ്ധരും അടങ്ങുന്ന സംഘം തയാറാക്കിയ പഠനറിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചതായും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.
ഈ വാദങ്ങൾ എതിർത്താണ് ഉമ്മൻ ചാണ്ടിയും പി.ജെ.ജോസഫും പ്രസംഗിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്ന പരിഹാരം ഉടൻ കണ്ടെത്തണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആയിരം വർഷത്തേക്കുള്ള ഉടമ്പടിയാണു നിലവിലുള്ളത്. അത്രയും നാൾ ഡാം എന്തായാലും നിലനിൽക്കില്ല. പുതിയ ഡാം ഇന്നോ നാളെയോ വരേണ്ടതാണ്. രണ്ടു സംസ്ഥാനങ്ങളുടെയും താൽപര്യം സംരക്ഷിച്ച് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി, റൂർക്കി ഐഐടികൾ മുല്ലപ്പെരിയാറിൽ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണു അധ്യക്ഷത വഹിച്ച പി.ജെ.ജോസഫ് മറുപടി നൽകിയത്. 48 മണിക്കൂറിനിടെ ഡാമിൽ 65 സെന്റിമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ ഡാം കവിഞ്ഞൊഴുകുകയും ഗ്രാവിറ്റി ഡാം എന്ന നിലയിൽ മുല്ലപ്പെരിയാർ അതു താങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.ടി.തോമസ് അതു ശരിവച്ചു. ഡാം സ്ഥിതി ചെയ്യുന്നത് ഭൂചലന ഭീഷണിയുള്ള സ്ഥലത്താണെന്നും പുതിയ ഡാം അത്യാവശ്യമാണെന്നും പി.ജെ.ജോസഫ് വാദിച്ചു.
മുൻപും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ജസ്റ്റിസ് കെ ടി തോമസ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിൽ നിന്ന് ഉയർത്തരുതെന്നായിരുന്നു കെ.ടി തോമസിന്റെ മുൻനിലപാട്. ഈ നിലപാടിന്റെ പേരിൽ കടുത്ത വിമർശനങ്ങളും അദ്ദേഹം കേൾക്കേണ്ടി വന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ