- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മുന്നറിയിപ്പ് നൽകി തമിഴ്നാട്; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; പുറത്തേക്ക് വിടുക സെക്കൻഡിൽ 3000 ഘനയടി വെള്ളം; ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്; മുല്ലപ്പെരിയാർ ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7 മണിക്ക് തന്നെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുന്നതിനുള്ള വെള്ളമേ പുറത്തേക്ക് ഒഴുക്കി വിടു.3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. മുല്ലപ്പെരിയാർ തുറക്കുമ്പോൾ എത്തുന്ന അധികജലം ഒഴുക്കികളയുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് നാലിനോ മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നേക്കും. ഇതിന് മുൻകൂർ അനുമതി നൽകി. ഇപ്പോൾ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി ആണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് സെക്കൻഡിൽ 3000 ഘനയടി വെള്ളമായിരിക്കും ഒഴുക്കുക. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.പെരിയാറിലെ ജലനിരപ്പ് വാണിങ് ലെവലിനെക്കാൾ രണ്ടു മീറ്റർ താഴെയാണെന്നും മന്ത്രി പറഞ്ഞു. ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കും. നദിയിലെ തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും നദികളിൽ വലിയ തോതിൽ ജലം ഉയരില്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിന്റ സംഭരണ ശേഷി 12.758 ടി എം സി ജലമാണ്. ഇടുക്കിയുടേത് 70.5 ടി എം സി യും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാൽ ഇടുക്കി ഡാമിൽ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുള്ളു. 2398.31 അടി വെള്ളം സംഭരിക്കാൻ ശേഷിയുള്ളപ്പോഴാണ് 2398.08 അടി ജലനിരപ്പെത്തിയപ്പോൾ ഇടുക്കി ഡാം തുറന്നത്. അതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന ജലം ഉൾക്കൊള്ളാൻ ഇടുക്കിക്ക് കഴിയുമെന്നും കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂവെന്നും മന്ത്രി സൂചിപ്പിച്ചു.
ഇപ്പോൾ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി ആണ്.ഈ മാസം 19നു രാവിലെ 11ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ 3 ഷട്ടറുകൾ തുറന്നിരുന്നു. അപ്പോഴത്തെ ജലനിരപ്പ് 2398.08 അടിയായിരുന്നു. മഴ കുറഞ്ഞതോടെ 22നു 2 ഷട്ടറുകളും കഴിഞ്ഞ ദിവസം മൂന്നാമത്തെ ഷട്ടറും അടയ്ക്കുകയായിരുന്നു. 9 ദിവസംകൊണ്ട് 46.296 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുക്കിവിട്ടത്. 6.8 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണിത്.
ജനങ്ങളുടെ ഭീതി അകറ്റുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.പുഴയിൽ രണ്ടടി വെള്ളമുയർന്നാൽ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാർ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുംസജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവർ ബന്ധു ഭവനങ്ങളിലേക്കാണ് മാറിയിട്ടുള്ളത്.
മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാർപ്പിക്കേണ്ട വരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നപ്പോൾ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയർഫോഴ്സ്, വനം, പൊലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി.
കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകൾ എല്ലാം തുറന്നിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വില്ലേജ്, താലുക്ക്, കലക്ട്രേറ്റിൽ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എല്ലവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയർഫോഴ്സും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.