- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലനിരപ്പ് താഴുന്നില്ല; കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് 138.90 അടിയായി തുടരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ 70 സെന്റിമീറ്ററായി ഉയർത്തി; സ്ഥിതിഗതികൾ വിലയിരുത്താനായി വൈകിട്ട് നാല് മണിക്ക് തേക്കടിയിൽ ഉന്നതതല യോഗം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തന്നെ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉർത്തി. ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് നടപടി. രാവിലെ പതിനൊന്നോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വീതം ഉയർത്തിയത്. കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി തുടരുകയാണ്.
നേരത്തെ 30 സെന്റിമീറ്റർ മാത്രമായിരുന്നു ഉയർത്തിയിരുന്നത്. ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തിലാണ് നടപടി. സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് ഒഴിക്കിയിരുന്നത്. 70 സെ.മീ ഉയർത്തിയതോടെ മുല്ലപ്പെരിയാറിൽ നിന്ന് ഒഴുകിയിരുന്ന വെള്ളത്തിന്റെ അളവ് 1675 ഘനയടിയായി ഉയർന്നു. സ്ഥിതിഗതികൾ വിലയിരുത്താനായി വൈകിട്ട് നാല് മണിക്ക് തേക്കടിയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.
അതേസമയം, മുല്ലപ്പെരിയാറിൽനിന്നും തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണമെന്നും റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ്നാടിന്റെ വീഴ്ചയായി കാണണമെന്നും മന്ത്രി പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാറിൽ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്നും മന്ത്രി റോഷി മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തേക്കടിയിൽ തുടരുകയാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാർ ഡാം തുറന്നത്. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപാർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ