- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ ജലനിരപ്പ് 141.40 അടിയിൽ; ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പിൽ; കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 141.40 അടിയിലാണ് ഇപ്പോഴത്തെ ജലനിരപ്പുള്ളത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇത്. 142 അടിയാക്കി ജലനിരപ്പ് ഉയർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത് എന്നതാണ് ശ്രദ്ധേയം. ഇന്നലെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടിലെ ഒരു സ്പിൽവെ ഷട്ടർ തുറന്നു.
തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചത്. കൃത്യം 24 മണിക്കൂറിന് ശേഷം അണക്കെട്ടിന്റെ ഒരു ഷട്ടർ വീണ്ടും തുറന്നിരിക്കുകയാണ്. വി3 ഷട്ടറാണ് ഉയർത്തിയത്. 30 സെന്റീമീറ്റർ ഉയർത്തി 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാൽ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് സാധിക്കും. എന്നാൽ വലിയ രീതിയിൽ മഴ പെയ്യുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ ജലനിരപ്പ് വർധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നതുകൊണ്ടാണ് ഇപ്പോൾ ഒരു ഷട്ടർ തുറന്നിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള അനുമതി തമിഴ്നാടിനുണ്ട്. അതനുസരിച്ച് അവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചായിരിക്കും അത്തരം നടപടി ഉണ്ടാകുക.
റൂൾകർവ് പ്രകാരം ഈ മാസം 30 മുതൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കുമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അനന്തമായി നീട്ടിക്കൊണ്ടുപോകാതെ എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിച്ച് തർക്കം അവസാനിപ്പിക്കാനാണ് കേരളത്തിന്റെ നീക്കം. ഇതോടെ കേസ് വിശദമായി പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റി.
അണക്കെട്ടിനു വിള്ളലും ബലക്ഷയവും ഇല്ലെന്ന തമിഴ്നാടിന്റെ വാദം തെറ്റാണെന്നു തെളിവുകളിലൂടെ കോടതിയെ ബോധ്യപ്പെടുത്തുകയും ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് കേരളത്തിന്റെ ഉദ്ദേശ്യം. മുല്ലപ്പെരിയാർ അണക്കെട്ടിൽ അസാധാരണ സ്ഥിതിവിശേഷമാണെന്നു ചൂണ്ടിക്കാട്ടി, സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തുടർച്ചയായ മഴയിൽ ജലനിരപ്പുയരുന്നതും സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരുന്നതും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ