മുല്ലപ്പെരിയാർ: വനം മന്ത്രി അറിയാതെ മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയത് വിവാദമാകുന്നു. വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ ഈ ഉത്തരവിനെ കുറിച്ച് വനംവകുപ്പ് മന്ത്രി പോലും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മരം മുറി വാർത്തയായതോടെ മന്ത്രി വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുകയെന്നത് തമിഴ്‌നാട് ഏറെ കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാൽ മുല്ലപ്പെരിയാറിലെ ജല നിരപ്പ് കൂട്ടണമെന്ന വാദം തമിഴ്‌നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഡാം ബലപ്പെടുത്തൽ തിരിച്ചടിയാകും.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. എന്നാൽ മരംമുറി അനുമതി നൽകിയ കേരളത്തിന് നന്ദിയറിയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തിൽ പരാമർശിച്ചിട്ടില്ല.

ബേബി ഡാമിനു സമീപമുള്ള മരങ്ങൾ മുറിക്കാൻ കേരളം ഇതുവരെ തയാറായിട്ടില്ലെന്നായിരുന്നു മന്ത്രിതല സംഘത്തിലെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈമുരുകൻ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് കേരള സർക്കാർ പറയുന്നത്. റിസർവ് വനമായതിനാൽ മരം മുറിക്കാൻ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലെ നടപടികൾ നീളുന്നതിനാലാണ് ബേബി ഡാം ബലപ്പെടുത്തൽ വൈകുന്നത്. തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും.

ഇത്തരത്തിൽ പുതുക്കി പണിതാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ദുരൈ മുരുകൻ പറഞ്ഞിരുന്നു. എന്നാൽ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തിൽ പരാമർശമില്ല. റൂൾ കർവ് പാലിച്ചാണ് നിലവിൽ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകൻ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ പനീർശെൽവവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും ദുരൈമുരുകൻ പറഞ്ഞു.

കഴിഞ്ഞ 10 വർഷക്കാലത്തേക്ക് ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാർ വിഷയത്തിൽ വന്ന് പരിശോധിച്ചിട്ടില്ല. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് മന്ത്രി തള്ളിക്കളഞ്ഞു. എല്ലാ പഠനങ്ങളും അണക്കെട്ട് സുരക്ഷിതമാണെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞു.കേരളത്തിലെയും തമിഴ്‌നാടിലെയും നിലവിലെ സർക്കാരുകളുടെ കാലത്ത് തന്നെ മുല്ലപ്പെരിയാർ വിഷയത്തിൽ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുരൈമുരുകൻ പറഞ്ഞു.