തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ തമിഴ് നാടിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 15 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്. മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി ജലവിഭവ -വനം വകുപ്പുകൾ തമ്മിലെ തർക്കം പരസ്യ പോരിലേക്ക് നീങ്ങിയിരുന്നു. ഉത്തരവ് വിവാദമായതിനെ തുടർന്ന് സർക്കാർ മരവിപ്പിച്ചിരുന്നു.

നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാന താൽപര്യം പരിഗണിക്കാത്ത ഉത്തരവെന്നും മന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു.

ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ശനിയാഴ്ച കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഈ മാസം ഒന്നിനു ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ചേംബറിൽ വിളിച്ച യോഗത്തിലാണു മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത്. യോഗത്തിലെ നടപടിക്രമങ്ങൾ ഉത്തരവായി ഈ മാസം 5നു ബെന്നിച്ചൻ തോമസ് പുറത്തിറക്കി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായ ടി.കെ.ജോസിനും വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്കും അന്നുതന്നെ ഇതേക്കുറിച്ചു ബെന്നിച്ചൻ കത്തും നൽകിയിരുന്നു.