- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെന്നിച്ചൻ തോമസിന്റെ ഉത്തരവ് പിണറായിയും അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു തന്നെ; വനംമന്ത്രിയെ 'പൂച്ചക്കുട്ടിയാക്കി' ഈച്ച പോലും അറിയാതെ ആ ഉത്തരവ് സ്റ്റാലിന്റെ കൈയിലെത്തി; ഇരട്ട ചങ്കൻ ഭരിക്കുന്ന കേരള നാട്ടിൽ ഉദ്യോഗസ്ഥർ തന്നിഷ്ടം കാട്ടുമോ?
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ക്യാപ്ടൻ പിണറായി വിജയനാണ്. വനം വകുപ്പിനെ നോക്കുന്നത് എകെ ശശീന്ദ്രൻ എന്ന എൻസിപിക്കാരനും. ജലവിഭവ വകുപ്പ് കേരളാ കോൺഗ്രസിലെ റോഷി അഗസ്റ്റിനും. ഇടുക്കിയിൽ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി റോഷി മുല്ലപ്പെരിയാറിൽ നിന്ന് മലയാളിയെ രക്ഷിക്കാൻ ഓടി നടക്കുന്നു. ഇതിനിടെയിൽ വേണ്ടതെല്ലാം കേരളത്തിൽ നിന്ന് തന്നെ തമിഴ്നാട് നേടുന്നു. പിണറായി വിജയൻ അറിയാത്തത് ചെന്നൈയിലുള്ള തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയുന്നു. ഇതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ.
ഈ സാഹചര്യമാണ് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നത്. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കില്ലത്രേ. സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. 2 ദിവസം മുൻപാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ മരം മുറിക്കുന്നതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുത്തത്. ഇതേക്കുറിച്ച് ബെന്നിച്ചൻ തോമസിന്റെ പ്രതികരണത്തിന് ഉദ്യോഗസ്ഥൻ തയ്യാറായിട്ടില്ല.
മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകുകയായിരുന്നു. ഉന്നത നിർദ്ദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു തീരുമാനമെടുത്തത്. മരങ്ങൾ മുറിക്കാനുള്ള തീരുമാനം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു പറഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയിച്ചു. വനം മേധാവി പി.കെ.കേശവനോടും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സങ്കീർണമായ വിഷയത്തിൽ എടുക്കുന്ന തീരുമാനം മന്ത്രി അറിയേണ്ടതല്ലേയെന്ന ചോദ്യത്തിന് ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നില്ലെന്ന വെളിപ്പെടുത്തൽ എത്തുന്നത്.
മുല്ലപ്പെരിയാർ മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിക്കുന്നത്. ഇതുകൊടുംചതിയെന്നും പ്രേമചന്ദ്രൻ പറയുന്നു. ഉത്തരവിലാകെ അവ്യക്തത നിലനിൽക്കെ സർക്കാരിനെതിരെ ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഹിഡൺ അജണ്ട ഇതിന് പിന്നിലുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറയുന്നു. തുടർ ഭരണം കിട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കരുത്തനാണ്. അതുകൊണ്ട് തന്നെ എല്ലാ വകുപ്പിലും നിർണ്ണായക സ്വാധീനവുമുണ്ട്. അതുകൊണ്ട് തന്നെ ഈ ഉത്തരവിന് പിന്നിൽ കള്ളക്കളിയുണ്ടാകുമെന്ന സംശയമാണ് പ്രതിപക്ഷം ചർച്ചയാക്കുക.
ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങൾ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്നാടിന് നൽകുന്നത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള റോഡിലെ മരങ്ങൾ മുറിക്കാനാണ് അനുമതിയെന്നാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും ഇങ്ങനെയല്ല അനുമതിക്കുറിപ്പിലുള്ളത്. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിച്ച് നീക്കണമെന്നും അതിന് കേരളം സഹകരിക്കുന്നില്ലെന്നുമാണ് മന്ത്രി എസ് ദുരൈമുരുഗൻ നേരത്തേ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ അനുമതി എത്തി.
എന്നാൽ അനുമതി വന്നതോടെ, വർഷങ്ങളായുള്ള തമിഴ്നാട് സർക്കാരിന്റെ ആവശ്യം അംഗീകരിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിക്ക് കത്തെഴുതി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനിത് സഹായിക്കുമെന്നും കത്തിൽ സ്റ്റാലിൻ പറയുന്നു. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സ്റ്റാലിൻ പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്ത് കിട്ടിയപ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രിയും വനം മന്ത്രിയും തീരുമാനം അറിയുന്നത്.
ഏതായാലും അനുമതി കിട്ടിയതിനാൽ മരം മുറി ഉടൻ തുടങ്ങാനാണ് തീരുമാനം. മരങ്ങൾ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഇതൊന്നും കേരളത്തിലെ വനം വകുപ്പിലെ ഉന്നതർ അറിയുന്നില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ