- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷട്ടറിന് അടുത്തേക്ക് അതിവേഗം എത്തുന്നത് ആനയാണെന്ന് ആദ്യം കരുതി; വരുന്നത് മരക്കുറ്റിയാണെന്ന് ബോധ്യമായപ്പോൾ നടത്തിയത് ശരവേഗ ഇടപെടൽ; ഷട്ടറുകൾ താഴ്ത്തി ഗൗരവത്തോടെ ഇടപെട്ട് കെ എസ് ഇ ബി; മരക്കുറ്റിയെ കരയ്ക്ക് അടുപ്പിച്ച് ഫയർഫോഴ്സ്; എല്ലാത്തിനും നിമിത്തമായത് ഈ പൊലീസുകാരുടെ കരുതൽ; പെരിയറാനെ രക്ഷിച്ചവർക്ക് ബിഗ് സല്യൂട്ട്
ഇടുക്കി: പേരൂർക്കടയിൽ അനുപമ എന്ന അമ്മയ്ക്ക് നീതി നൽകാത്ത പൊലീസ്. ദൂരദർശനിലെ ഒളിക്യാമറക്കാരനെ വെറുതെ വിടുന്ന ജാമ്യമില്ലാ കേസുകൾ. ആലുവയിൽ പരാതിക്കാരെ വേശ്യയെന്ന് വിളിക്കുന്ന സിഐ, മോൻസൺ മാവുങ്കിനൊപ്പം ഇരിക്കുന്ന ഉന്നതർ, നിശാ പാർട്ടി പിന്നാലെ പോകുന്ന കാക്കികുപ്പായക്കാർ... എവിടേയും എന്തും അട്ടിമറിക്കുന്നത് പൊലീസുകാരണെന്നതാണ് ഇപ്പോഴത്തെ ചർച്ചകളുടെ കാതൽ. ഇതിനിടെയാണ് ഇടുക്കിയിലെ പൊലീസ് കരുതൽ കൈയടി നേടുന്നത്.
മുല്ലപ്പെരിയാറിൽ പൊലീസുകാരുടെ അവസരോജിതമായ ഇടപെടൽ ഒഴിവായത് വൻപ്രതിസന്ധിയാണ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ 4 മീറ്റവരെ ഉയർത്തേണ്ട അടിയന്തിര സാഹചര്യമാണ് ഇവരുടെ ഇടപെടലിലൂടെ ഒഴിവാക്കാനായത്. ഡാമിന്റെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ ജയപ്രകാശ്,വിഷ്ണു എസ് മനയത്ത്,സുനിൽ സെബാസ്റ്റ്യൻ ,അജിത് കുമാർ എന്നിവർ അവസരോജിതമായി ഉണർന്നു പ്രവർത്തിച്ചതുമൂലമാണ് ഒരു ദുരന്തത്തിന് പോലും കാരണമായേക്കാവുന്ന സ്ഥിതിവിശേഷം ഉടൻ പരിഹരിക്കുനായത്.
ഡ്യൂട്ടിയിലായിരുന്ന സുനിൽ സെബാസ്റ്റ്യനാണ് വെള്ളത്തിലൂടെ എന്തോ വലിപ്പമുള്ള വസ്തു അതിവേഗം ഡാമിന്റെ ഷട്ടറിനടുത്തേയ്ക്ക് ഒഴുകിയെത്തുന്നത് കാണുന്നത്. ഉടൻ അടുത്തുണ്ടായിരുന്ന വിഷ്ണുവിനെയും വിളിച്ച് ഈ കാഴ്ച കാണിച്ചു. ആനയാണെന്നാണ് ദൂരക്കാഴ്ചയിൽ തോന്നിച്ചത്. കുറച്ചുകൂടി അടുത്തുവന്നപ്പോൾ അത് അത്യവശ്യം വലിപ്പമുള്ള ഒരു മരക്കുറ്റിയാണെന്ന് ബോദ്ധ്യമായി. ഉടൻ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് സഹപ്രവർത്തകരെ വിവരം അറിയിച്ചു. പിന്നെ എല്ലാം ശരവേഗത്തിൽ. നാടിനോടുള്ള കടമ മറക്കാതെ ഉണർന്നിരുന്ന പൊലീസുകാരുടെ കരുതലാണ് ദുരന്തത്തെ ആട്ടിയകറ്റിയത്.
ഡാമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ഇ ബി എഞ്ചിനിയറെ വിവിരം ധരിപ്പിച്ചു. ഉടൻ ഇദ്ദേഹം ഉന്നതങ്ങളിലേയ്ക്ക് വിവരം കൈമാറി.ചെയർമാൻ ജില്ലാ കളക്ടറെ വിവരം അറിയിച്ചു. ഞൊടിയിടയിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഈ സമയം മരം ഷട്ടറിനോടടുത്തിരുന്നു. ഷട്ടർ അതിവേഗം അടച്ചു. അതുകൊണ്ട് തന്നെ വെള്ളമൊഴുകുന്നിടത്ത് ഗുരുതര പ്രശ്നമുണ്ടാക്കാതെ നോക്കാനുമായി. ഇതിനൊപ്പം മരക്കുറ്റിയെ കരയ്ക്കും അടുപ്പിച്ചു.
ഫയർഫോഴ്സ് സംഘം ബോട്ടിലെത്തി മരക്കുറ്റി കയറിൽ ബന്ധിച്ച് വലിച്ച് കരയ്ക്കടുപ്പിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മരത്തിന്റെ വേരിന് 1.5 മീറ്റർ വീതിയുണ്ടായിരുന്നു. 8 അടിയായിരുന്നു നീളം. മരം കുടങ്ങിയിരുന്നെങ്കിൽ ഷട്ടർ അടിയന്തിരമായി 4 മീറ്റർ ഉയർത്തേണ്ടി വരുമായിരുന്നു. ജലനിരപ്പ് 2373 അടിവരെ വെള്ളം തുറന്നുവിടേണ്ടിയും വരുമായിരുന്നു. 2400-ന് മുകളിലായിരുന്നു ഈ സമയം ഡാമിലെ ജലനിരപ്പ്.
അടിയന്തിരമായി വെള്ളം തുറന്നുവിടുന്നത് താഴ്ഭാഗത്ത് പെരിയാറിൽ നീരൊഴുക്ക് വർദ്ധിയിക്കുന്നതിനും തീരങ്ങളിൽ നാശനഷ്ടങ്ങൾക്കും ഇടയാക്കുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പൊലീസ് ഉദ്യഗസ്ഥരുടെ അഭിമാനർഹമായ ഈ ഇടപെടൽ വ്യക്തമാക്കി പൊലീസ് മീഡിയ സെൽ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.