- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും; ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി വേണമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി; പ്രതികരണം, അണക്കെട്ട് സന്ദർശനത്തിന് ശേഷം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള ആശങ്കകൾ നിലനിൽക്കെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ജലനിരപ്പ് ഉയർത്തുന്നത് സംബന്ധിച്ച് വിശദീകരിച്ചത്.
പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ദീർഘകാലങ്ങളായുള്ള ആവശ്യം തള്ളിയാണ് മന്ത്രിയുടെ പ്രതികരണം. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കു.
ഇതിനു തടസ്സമാകുന്നതു കേരളത്തിന്റെ നിസ്സഹകരണമാണ്. ബേബി ഡാമിനു സമീപമുള്ള മരങ്ങൾ മുറിക്കാൻ കേരളം ഇതുവരെ തയാറായിട്ടില്ല. വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണു വിശദീകരണം.
റിസർവ് വനമായതിനാൽ മരം മുറിക്കാൻ പറ്റില്ലെന്നാണു വനം വകുപ്പിന്റെയും നിലപാട്. ഇക്കാര്യത്തിലെ നടപടികൾ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തൽ വൈകുന്നതെന്നും റൂൾ കർവ് പാലിച്ചാണു നിലവിൽ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകൻ പറഞ്ഞു
ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വന വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. ഇത്തരത്തിൽ പുതുക്കി പണിതാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് ദുരൈ മുരുകൻ മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ ഒ. പനീർശെൽവവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും 10 വർഷക്കാലത്തേക്ക് ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാർ വിഷയത്തിൽ വന്ന് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദർശിച്ചതിനെ തുടർന്നാണ് തമിഴ്നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തർക്കത്തിനു പ്രസക്തിയില്ലെന്നു ദുരൈമുരുകൻ ആവർത്തിച്ചു.
ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് തമിഴ്നാടിൽ വ്യാപക സമരത്തിനിറങ്ങുന്നുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുഗനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ