- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗത്തിന് വിധേയമാക്കി കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെന്ന വിർശനം ലക്ഷ്യമിട്ടത് സോളാറിനേയും സരിതയേയും; ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറയാതെ പറഞ്ഞെന്ന് മന്ത്രി ശൈലജയും; റോക് സ്റ്റാറിനും നിപാ രാജകുമാരിക്കും ശേഷം വീണ്ടും മുല്ലപ്പള്ളി വിവാദത്തിൽ; ആവേശം വിനയായെന്ന് തിരിച്ചറിഞ്ഞ് ഖേദ പ്രകടനവും
തിരുവനന്തപുരം: ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദത്തിൽ. സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്‌തെന്ന് വിലപിക്കുന്ന സ്ത്രീയാണത്. ഒരു സ്ത്രീ ഒരിക്കൽ ബലാത്സംഗത്തിന് ഇരയായാൽ മരിക്കും. അല്ലെങ്കിൽ പിന്നീട് സംഭവിക്കാതെ നോക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
സോളാർ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നു ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചറിനെതിരെ നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സോളാറിൽ ചർച്ചയായ സരിതാ നായരെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന വിർശനവും ചർച്ചകളിൽ എത്തിയത്.
അതേസമയം, സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. മുല്ലപ്പള്ളിയുടേത് പൊള്ളയായ ഖേദപ്രകടനമെന്നും അവർ ആരോപിച്ചു. ഇതിന് പിന്നാലെ മന്ത്രി കെകെ ശൈലജയും അതിശക്തമായ പ്രതികരണവുമായി എത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിക്കുമ്പോഴാണ് വിവാദം മുല്ലപ്പള്ളിയുടെ നാവിൽ നിന്ന് പുറത്തെത്തിയത്. കോൺഗ്രസിലെ വനിതാ നേതാക്കൾ പോലും ഇതിനെതിരെ രംഗത്തു വന്നു. ഇതോടെയാണ് ഖേദപ്രകടനം നടത്തിയത്.
ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകിൽ അവർ മരിക്കും അല്ലെങ്കിൽ ഒരിക്കൽ പോലും ആവർത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവൻ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിർത്തിക്കൊണ്ട് നിങ്ങൾ രംഗത്തുവരാൻ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്മാർ പറഞ്ഞിരിക്കുന്നത്.'-ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ. യു.ഡി.എഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു പരാമർശം. പരാമർശം വിവാദമായതോടെ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് അതേ ചടങ്ങിൽ അദ്ദേഹം വിശദീകരണവും നൽകി. സർക്കാർ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുകയാണ്. ആർക്കെങ്കിലും എതിരായിട്ടുള്ള പരാമർശമല്ല ഇത്. മറ്റുള്ള വ്യാഖ്യാനങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
അതേസമയം പരാമർശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ മുല്ലപ്പള്ളി നടത്തിയ സ്ത്രീവിരുദ്ധ പരാമാർശത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്തെത്തുകയായിരുന്നു.സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പ്രതികരിച്ചിരുന്നത്. പിന്നാലെ മന്ത്രി ശൈലജയും പ്രതികരണവുമായി എത്തി.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ചെന്ന ആരോപണം നേരത്തേയും മുല്ലപ്പള്ളിയ്‌ക്കെതിരെ ഉയർന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി 'ഗസ്റ്റ് ആർട്ടിസ്റ്റ്' ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ 'കോവിഡ് റാണി'യാകാൻ ശ്രമിക്കുന്നതുപോലെയാണ് അന്ന് 'നിപാ രാജകുമാരി' ആകാൻ ശ്രമിച്ചതെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞതും വിവാദമായിരുന്നു.
ലോറ 'ദി ഗാർഡിയൻ' ദിനപത്രത്തിൽ ആരോഗ്യമന്ത്രിയെ കേരളത്തിന്റെ 'റോക്ക് സ്റ്റാർ' എന്ന് വിശേഷിപ്പിച്ച് മെയ് 14-ന് ലേഖനം എഴുതിയിരുന്നു. ലോറ മന്ത്രിയെ 'റോക്ക് ഡാൻസർ' എന്ന് വിളിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചിരുന്നു. ഇതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയും വിവാദമാകുന്നത്.
സ്ത്രീ വിരുദ്ധ നിലപാട് മനസിൽ സൂക്ഷിക്കുന്നത് അപകടകരം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ
ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസിൽ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത് ശരിയല്ല. പ്രത്യേകിച്ചും വലിയ നേതാക്കൾ. ഉള്ളിലുള്ളതല്ലേ പുറത്ത് വരാൻ പറ്റൂ. ബലാത്സംഗം എന്ന് പറയുന്നത് സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യ സമൂഹത്തിന് തന്നെ ഏറ്റവും അസഹനീയവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീയുടെ കുറ്റമാണോ ബലാത്സംഗം. സ്ത്രീകളുടെ അന്തസ് കുറവ് കൊണ്ടാണോ ആത്മഹത്യ ചെയ്യാത്തത്. അതിന് വിധേയയാകുന്ന സ്ത്രീ ഒരിക്കലും കുറ്റവാളിയല്ല. ബലാത്സംഗം ചെയ്യുന്ന ആളുകളാണ് കുറ്റവാളി. അവർ ശിക്ഷിക്കപ്പെടണം. വലിയ ശാരീരികവും മാനസികവുമായ പ്രയാസമാണ് അവർ അനുഭവിക്കുന്നത്. ആ സ്ത്രീകൾ ഉടൻ ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് അപകടകരമായിട്ടുള്ള മനസുള്ളവർക്കേ കഴിയൂ. ഇത് അങ്ങയറ്റത്തെ തെറ്റാണ്.
ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. പക്ഷെ ഇടയ്ക്കിടയ്ക്ക് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാർട്ടിക്കാർ ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമൊക്കെയാണ് നോക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് ഡെസ്ക്