- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടുകച്ചവടത്തിന് ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടത്; കാസർകോഡ് മുതൽ തിരുവനന്തപുരം വരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണുണ്ടാക്കി; ഒടുവിലത്തെ ഉദാഹരണം തില്ലങ്കേരി; ആരോപണവുമായി മുല്ലപ്പള്ളി
മലപ്പുറം: കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ടുകച്ചവടമുണ്ടായെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നാടാണ് തില്ലങ്കേരി.
സിപിഎമ്മുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന് വത്സൻ തില്ലങ്കേരി നേരത്തെ വ്യക്തമാക്കിയതാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടായിരത്തിൽ അധികം വോട്ടുകളുടെ കുറവാണ് തില്ലങ്കേരി ഡിവിഷനിൽ ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫ് വിജയിക്കുകയും ചെയ്തു.
വോട്ടുകച്ചവടത്തിന് ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തില്ലങ്കേരി ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കും. അതു കൊണ്ട് കരുതിയിരിക്കണം. ഡൽഹിയിൽ വച്ചാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മലപ്പുറത്ത് പറഞ്ഞു.
വർഗ്ഗീയതയെ വാരിപ്പുണർന്നവരാണ് സിപിഎം. വിലകുറഞ്ഞ രാഷ്ട്രീയമാണ് അവർ ഇപ്പോൾ പ്രയോഗിക്കുന്നത്. ഹൈന്ദവ, ഹൈന്ദവേതര വർഗ്ഗീയതെയ വാരിപ്പുണർന്ന ചരിത്രമുള്ളവരാണ് സിപിഎം. എന്നിട്ടാണ് എ വിജയരാഘവനെ പോലുള്ളവർ കപട മതേതരത്വം പറയുന്നതെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.