തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരളത്തിന്റെ മത്സ്യസമ്പത്തുകൊള്ളയടിക്കാൻ അന്തർദേശീയ ശക്തികൾക്ക് കേരള സർക്കാർ ഒത്താശ ചെയ്യുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഎംസിസി ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനിക്ക് നമ്മുടെ മത്സ്യമേഖലയേയും കടലിനേയും കേരള സർക്കാർ തീറെഴുതി നൽകി.ഇതിനായി 5000 കോടിയുടെ ധാരണപത്രം ഒപ്പിട്ടശേഷമാണ് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ജനങ്ങളുടെ മുന്നിൽ പൊട്ടൻ കളിക്കുന്നത്.

പ്രതിപക്ഷ നേതാവ് ഇതുസംബന്ധമായ ആരോപണം ഉന്നയിച്ചപ്പോൾ അസംബന്ധം എന്ന് തള്ളിപ്പറഞ്ഞ മന്ത്രിമാർ തെളിവുകൾ ഓരോന്നായി പുറത്തു വന്നപ്പോൾ ഇഎംസിസി അധികൃതരുമായി ചർച്ച നടത്തിയെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നു.ഇതേ കരാറുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അമേരിക്കൻ സന്ദർശന വേളയിൽ സംസാരിച്ചിരുന്നെന്ന് കമ്പനി അധികൃതരും സമ്മതിച്ചിട്ടുണ്ട്. സർക്കാരും ഇഎംസിസി കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കെഎസ് ഐഡിസിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്കിൽ നാല് ഏക്കർ ഭൂമിയും അനുവദിച്ച് നൽകിയത്.ഇതിലൂടെ സർക്കാർ കോടികളുടെ അഴിമതിക്കാണ് കളം ഒരുക്കിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ആഴക്കടലിൽ മീൻ ലഭ്യത കുറഞ്ഞുവരികയാണ്.അപ്പോഴാണ് 400 അത്യാധുനിക ട്രോളറുകളും അഞ്ചു കൂറ്റൻ കപ്പലുകളും ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ ശേഷിയുള്ള മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന ധാരണപത്രത്തിന് ഇഎംസിസി കമ്പനിയുമായി സർക്കാർ ഒപ്പിട്ടത്. ഈ കരാർ യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം പൂർണ്ണമായും ദുസ്സഹമാകും.

ജീവിക്കാൻ വകയില്ലാതെ മറ്റു തൊഴിലിടങ്ങൾ തേടേണ്ട ഗതികേടിലേക്കാണ് സർക്കാർ മത്സ്യത്തൊഴിലാളികളെ തള്ളിവിടാൻ ശ്രമിച്ചത്. ഇന്ധന വർധനവിനെ തുടർന്നുള്ള ചെലവുകളാൽ കടലിൽ പോയിവന്നാലും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളതെന്നും അവരുടെ വയറ്റത്തടിക്കുന്ന കരാറാണ് സർക്കാർ ഒപ്പിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.