തിരുവനന്തപുരം: സത്യന്ധവും സുതാര്യവുമായി നടത്തേണ്ട ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി ഉത്തരവ്. ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്നതാണ് വിധി.നീതി നിഷേധിക്കപ്പെടുന്നവർക്ക് അവസാന ആശ്രയം ജുഡീഷ്യറിയാണ്.

സംസ്ഥാനത്ത് 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോൺഗ്രസ് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകിയെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല.തുടർന്നാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.കോൺഗ്രസ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു.വ്യാജവോട്ടിലൂടെ കൃത്രിമ വിജയം നേടി ഭരണത്തുടർച്ചയാണ് സിപിഎം സ്വപ്നം കണ്ടത്. വോട്ടർ പട്ടികയിലെ ക്രമക്കേട് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമമാണ്. ഇതിന് പിന്നിൽ ഇടതു അനുഭാവികളായ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്.

വ്യാജവോട്ടും ബൂത്തുപിടുത്തവും വ്യാപകമായി സിപിഎം നടത്തുന്നത് പരാജയ ഭീതികൊണ്ടാണ്. സിപിഎം തപാൽ ബാലറ്റിലും വ്യാപകമായി ക്രമക്കേട് നടത്തുകയാണ്.തപാൽ ബാലറ്റ് കൈപ്പറ്റുമ്പോൾ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും പ്രാദേശിക ഏജന്റുമാരെ അറിയിക്കണം എന്നാണ് ചട്ടം. എന്നാൽ എൽഡിഎഫ് ഇതര മുന്നണികളിലെ പാർട്ടി ഏജന്റുമാരെ ഈ വിവരം അറിയിക്കുന്നില്ല.കണ്ണൂർ പേരാവൂർ മണ്ഡലത്തിലും എറണാകുളത്ത് എളമക്കരയിലും സമാനസംഭവങ്ങളുണ്ടായി.ഇത് ഒറ്റപ്പെട്ട സംഭവമല്ല.കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്കോട്ട്കാവ് പഞ്ചായത്തിലെ 80 വയസ്സുകാരിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

സംസ്ഥാനവ്യാപകമായി ഇത്തരം ക്രമക്കേടുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്നു. അതിനായി ചില പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഓഫീസർമാരും സിപിഎമ്മിന് ഒത്താശ ചെയ്യുന്നുണ്ട്.ഇവരിൽ പലർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് പോലുമില്ലെന്നതാണ് വസ്തുത.തപാൽ വോട്ട് ശേഖരിക്കുന്നതിലും ഒരു സുരക്ഷയുമില്ല. സഞ്ചിയിലും പ്ലാസ്റ്റിക് കവറുകളിലുമാണ് തപാൽ വോട്ട് ശേഖരിക്കുന്നത്.ഇപ്രകാരം ശേഖരിക്കുന്നതുകൊണ്ട് ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.