- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പള്ളിയുടെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ മലയാളികൾ; കണ്ണൂരിലെ കരുത്തനെ ഇന്ദിരാ ഭവന്റെ താക്കോൽ സ്ഥാനത്ത് എത്താതിരിക്കാൻ കരുക്കൾ നീക്കുന്നത് കെസിയും എകെയും സംയുക്തമായി; കണ്ണൂരിലെ സുരക്ഷിത സീറ്റ് ഓഫർ ചെയ്ത സുധാകരനെ കണ്ടില്ലെന്ന് നടിച്ച് മുല്ലപ്പള്ളി; ചെന്നിത്തലയും ചാണ്ടിയും നിശബ്ദരും; കെപിസിസി അധ്യക്ഷൻ ഉടനൊന്നും മാറില്ല
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്താതിരിക്കുന്നതിന് പിന്നിൽ ഹൈക്കമാണ്ടിലെ കേരള കളികൾ. ഇത് മനസ്സിലാക്കിയാണ് മത്സരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുന്നതെന്നാണ് സൂചന. മുല്ലപ്പള്ളി മത്സരിക്കാനെത്തിയാൽ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരന് നൽകേണ്ടി വരും. സുധാകരനെ അംഗീകരിക്കാൻ ഹൈക്കമാണ്ടിലെ മലയാളികൾക്ക് കഴിയാത്തതാണ് മുല്ലപ്പള്ളിക്ക് വിനയാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ ആഗ്രഹം. ഏത്ര വലിയ വെല്ലുവിളിയും ഏറ്റെടുക്കാനും മുല്ലപ്പള്ളി തയ്യാറാണ്. ധർമ്മടത്തും നേമത്തും പോലും മത്സരിക്കാമെന്നും നിലപാട് എടുത്തു. എന്നാൽ മുല്ലപ്പള്ളി മാറിയാൽ പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കേണ്ടി വരും. കെ സുധാകരനെയാണ് രാഹുൽ ഗാന്ധി മനസ്സിൽ കാണുന്നത്. സുധാകരന് ചുമതല കൈമാറിയില്ലെങ്കിൽ അത് പൊട്ടിത്തെറിയായി മാറുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കി നിലനിർത്താനുള്ള നീക്കം തുടരുന്നത്. ഇത് മനസ്സിലാക്കിയാണ് മുല്ലപ്പള്ളി മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുന്നതും.
സുധാകരൻ കെപിസിസിയുടെ നേതൃത്വത്തിൽ എത്തുന്നതിനെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാൽ അംഗീകരിക്കുന്നില്ല. രാഹുലിന്റെ വലം കൈയാണ് വേണുഗോപാൽ. ഇതിനപ്പുറം എകെ ആന്റണിയുടെ അതിവിശ്വസ്തനും. വേണുഗോപാലിനെ സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സോണിയാ ഗാന്ധിയിൽ അതിശക്തമായ സമ്മർദ്ദം ഉണ്ട്. ഇതിനെ സോണിയാ കാര്യമായെടുക്കാത്തത് ആന്റണിയുടെ നിർദ്ദേശ പ്രകാരമാണ്. വേണുഗോപാലും ആന്റണിയും ചേർന്നാണ് കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ സഖ്യമാണ് മുല്ലപ്പള്ളിയെ മത്സരത്തിൽ നിന്നും പിന്മാറ്റുന്നതും.
സുധാകരൻ കെപിസിസിയിൽ എത്തുന്നതിനെ രമേശ് ചെന്നിത്തലയും പൂർണ്ണ മനസോടെ അംഗീകരിക്കുന്നില്ല. എന്നാൽ ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയിൽ പരസ്യമായി എതിർക്കുന്നുമില്ല. ഉമ്മൻ ചാണ്ടിക്ക് സുധാകരനോട് എതിർപ്പില്ല. എന്നാൽ എ ഗ്രൂപ്പിലെ രണ്ടാം നിരയ്ക്ക് സുധാകരനെ അംഗീകരിക്കാനും കഴിയുന്നില്ല. അതായത് എ ഗ്രൂപ്പും സുധാകരന് അനുകൂലമല്ല. രാഹുൽ ഗാന്ധിയാണ് സുധാകരനെ കെപിസിസി അധ്യക്ഷനായി മുമ്പോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങി ഇതു പൊളിക്കാനാണ് കെസിയുടെ ശ്രമം. അതുകൊണ്ട് തന്നെ മത്സരിക്കാൻ തയ്യാറണെന്ന് പരസ്യമായി പറയരുതെന്ന് മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം അതിശക്തമാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം ആന്റണിയും കെസി വേണുഗോപാലും അടങ്ങുന്ന ഹൈക്കമാണ്ടിലെ മലയാളികൾ മുൻതൂക്കം നേടുമെന്ന ഭയം ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. വിശ്വസ്തർക്ക് പോലും സീറ്റ് നിഷേധിക്കാൻ ചിലർ നടത്തുന്ന ഇടപെടലുകളിൽ ഉമ്മൻ ചാണ്ടിക്ക് വേദനയുമുണ്ട്. എങ്കിലും തൽകാലം ഹൈക്കമാണ്ടിൽ സ്വാധീനമുള്ളവരെ തള്ളിപ്പറയാൻ ഉമ്മൻ ചാണ്ടി തയ്യാറാവില്ല. നേരത്തെ ഹൈക്കമാണ്ടിലെ ചിലരാണ് താൻ കെപിസിസി അധ്യക്ഷനാകുന്നതിനെ എതിർക്കുന്നതെന്ന് സുധാകരനും ആരോപിച്ചിരുന്നു. സുധാകരൻ പ്രസിഡന്റായാൽ തങ്ങൾ പറയുന്നത് കേൾക്കില്ലെന്ന ഭയമാണ് ഈ നീക്കങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കാൻ മുല്ലപ്പള്ളിയെ സുധാകരൻ ക്ഷണിച്ചിരുന്നു. മുല്ലപ്പള്ളിയെ സ്ഥാനാർത്ഥിയാക്കി ഇന്ദിരാ ഭവനിൽ ചുവടുറപ്പിക്കാനാണ് സുധാകരൻ ഈ നീക്കം നടത്തിയത്. ഇത് മനസ്സിലാക്കി നടന്ന ഇടപെടലുകളാണ് മുല്ലപ്പള്ളിയുടെ മത്സരിക്കാൻ ഇല്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ. അതിനിടെ പ്രചരണം മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാകും നയിക്കുക. പ്രധാന പത്ര സമ്മേളനങ്ങൾ പോലും മൂവരും ചേർന്ന് നടത്തും. ബിജെപിയേയും ഇടതിനേയും കടന്നാക്രമിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മൂവരും ഇന്നും രംഗത്ത് വന്നു.
സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണെന്നും കെപിസിസി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറയാനുള്ള തന്റേടമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണിക്കേണ്ടത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരിൽ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
1980-ൽ കൂത്തുപറമ്പിൽ നിന്ന് പിണറായി ജനസംഘവുമായി കൈകോർത്ത് മത്സരിച്ചാണ് ജയിച്ചത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങൾക്കറിയാം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സിപിഎമ്മിന്റെ ഓഫീസാണ് ബിജെപിയുടെതായി മാറിയത്. ആരാണ് ബിജെപിയുടെ വളർത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പച്ചില കാട്ടി ആടിനെ കൊണ്ടുപോകുന്നത് പോലെയാണ് കോൺഗ്രസിനെ ബിജെപി കൊണ്ടുപോകുന്നത് എന്ന് പ്രസ്താവന പിണറായി വിജയൻ നടത്തി. ഇതുപോലൊരു നാണം കെട്ട പ്രസ്താവന പിണറായിക്കല്ലാതെ ആർക്കും നടത്താനാവില്ല. മലർന്നുകിടന്ന് തുപ്പുകയാണ് അദ്ദേഹം.
കോൺഗ്രസിന് ഒരിക്കലും ഹിന്ദുമഹാ സംഘവുമായി, ജനസംഘവുമായിട്ടൊന്നും ബന്ധമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ലാവലിൻ കേസ് 26 തവണ മാറ്റിവെച്ചത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസ് ഇഴയുന്നത് എന്തുകൊണ്ടണെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യമല്ല ഉത്തരമാണ് ജനങ്ങൾക്ക് വേണ്ടതെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ