തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്ന കേസ് അട്ടിമറിക്കാനാണ് അഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ളപൂശാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുമാണ് മുഖ്യപ്രതിയുടെ പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്. ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇത്തരമൊരു ശബ്ദസന്ദേശം ജയിലിനകത്ത് നിന്നും പുറത്തുവരില്ല.

കുറ്റാരോപിതയായ പ്രതിയുടെ പേരിൽ പുറത്തുവന്ന ശബ്ദസന്ദേശമാണ് സിപിഎം ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറിവരെ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ നിന്നു തന്നെ ഈ ശബ്ദസന്ദേശത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സിപിഎമ്മാണെന്ന് മനസിലാകും.ആ തിരിച്ചറിവാണ് കേസെടുക്കാൻ പൊലീസും ജയിൽ വകുപ്പും വിമുഖത കാട്ടുന്നതിന് പിന്നിലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം ചോർന്നതിൽ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.അന്വേഷണത്തിന് അനുമതിവാങ്ങി നൽകിയാൽ കേസെടുക്കാമെന്ന വിചിത്ര നിലപാട് പൊലീസിന്റേത്. എന്നാൽ അനുമതി നേടിയെടുക്കേണ്ട ഉത്തരവാദിത്വം പൊലീസിനാണെന്നും തങ്ങൾക്കല്ലെന്നുമാണ് ജയിൽ അധികൃതർ സ്വീകരിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ആർക്കുവേണ്ടിയാണ് പൊലീസും ജയിൽവകുപ്പും സ്വീകരിക്കുന്നതെന്ന് പരിശോധിക്കണം.

സ്വപ്നയുടെ പേരിൽ തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു സന്ദേശം പുറത്തുവന്നതിൽ വൻ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്.ശബ്ദരേഖ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിന്മേലും ഒരു നടപടിയും കേരള പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.