- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകവാതക ഇന്ധന വില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി; ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒഴിഞ്ഞുമാറാനാകില്ല; ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളിയെന്ന് മുല്ലപ്പള്ളി
കൊച്ചി: പാചകവാതക ഇന്ധന വില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒഴിഞ്ഞുമാറാനാകില്ല.പെട്രോൾ/ ഡീസൽ ഉൽപ്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോൾ കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അവശ്യസാധനങ്ങളുടെ വില വർധനവിന് ഇടയാക്കുന്നതാണ് പെട്രോളിയം ഉത്പ്പന്നങ്ങളുടെ പേരിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിക്കൊള്ളയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനുവരിയിൽ മാത്രം ഏഴുതവണയാണ് ഇന്ധനവില വർധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് 55.99 ഡോളർ മാത്രമുള്ളപ്പോഴാണ് രാജ്യത്ത് ഇന്ധനവില ക്രമാതീതമായി കുതിക്കുന്നത്.ഒരു ലിറ്റർ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതിയായി കേന്ദ്ര സർക്കാർ ഈടാക്കുന്നത്. സംസ്ഥാന സർക്കാർ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ ജനങ്ങളെ പിഴിയുന്നത്.
കേന്ദ്ര സർക്കാർ ഇന്ധവില കുറയ്ക്കാൻ നടപടി സ്വീകരിക്കാത്ത സ്ഥിതിക്ക് കേരള സർക്കാർ അമിത നികുതി കുറയ്ക്കാൻ തയ്യാറാകണം.രാജസ്ഥാൻ കോൺഗ്രസ് സർക്കാർ ഇന്ധനവില നിയന്ത്രിക്കാൻ മുല്യവർധിത നികുതി 2 ശതമാനം കുറച്ചു ജനങ്ങളോടുള്ള പ്രതിബദ്ധതകാട്ടി.മുൻ ഉമ്മൻ ചാണ്ടി സർക്കാരും ഇന്ധനവില വർധനവിന്റെ അധികനികുതി ഒഴിവാക്കി 620 കോടിയുടെ ആശ്വാസം ജനങ്ങൾക്ക് നൽകിയിരുന്നു.ഇതേ മാതൃക പിന്തുടരാൻ കേരള സർക്കാരും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെയാണ് വിലവർധിപ്പിച്ചത്. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് അവതാളത്തിലാക്കും. ഇപ്പോൾ 25 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ പാചകവാതകത്തിന് വില ഉയർത്തിയിരുന്നു. ഇത് പ്രതിഷേധാർഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.