കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് അടുക്കുമ്പോൾ അദ്ദേഹം തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തള്ളിപ്പറയുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ ചരിത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രവീന്ദ്രന്റെയും കുടുംബത്തിന്റെയും ആസ്തി പരിശോധിക്കാൻ അന്വേഷണ ഏജൻസികൾ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തന്റെ വീട്ടിലേക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്ത മന്ത്രി കെ.ടി ജലീൽ ആദർശധീരനായ നേതാവാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇ.ഡിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ജലീലിന്റെ വിദേശ ബന്ധം അന്വേഷിക്കാൻ അന്വേഷണ ഏജൻസികൾ തയ്യാറാകണം. അദ്ദേഹം എൻ.ഐ.എ കൂടി സ്വാഗതം ചെയ്യണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ നടന്ന പൊറാട്ടു നാടകത്തിൽ സിപിഎം നിലപാട് പറയണം. മയക്കുമരുന്ന് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നയാളെ സഹായിക്കാനുള്ള ശ്രമമാണ് നടത്തിയത്.. കേന്ദ്ര ഏജനസികളുടെ അന്വേഷണത്തെ തടയാൻ ആരാണ് ഉത്തരവിട്ടത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണോ എന്ന് വിശദീകരിക്കണം.

വയനാട്ടിലെ വ്യജ ഏറ്റുമുട്ടലിൽ വേൽമുരുകൻ കൊല്ലപ്പെട്ടത് പൈശാചികമായ സംഭവമാണ്. തമിഴ്‌നാട് സർക്കാർ തലയ്ക്ക് രണ്ടു ലക്ഷം രൂപ വില പറഞ്ഞയാളെയാണ് വധിച്ചതെന്ന് മുഖ്യമന്ത്രി വീരവാദം പറയുന്നു. പ്രതിഫലത്തുക കിട്ടാനാണോ അതോ മാവോയിസ്റ്റുകളെ കൊല്ലാനാണോ സർക്കാർ ശ്രമിച്ചത്. മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടാനോ അതോ കൊല്ലാനാണോ സർക്കാരിന്റെ തീരുമാനമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.