- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ശിവശങ്കറിനെ പോലെ സി.എം.രവീന്ദ്രനെയും മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവരും; ഇഡിയുടെ ചോദ്യങ്ങളെ ഫലപ്രദമായി നേരിടാനും തന്ത്രം മെനയാനും രവീന്ദ്രന് കോവിഡ് നിരീക്ഷണകാലം ഉപയോഗപ്പെടുത്താം; പരിഹാസവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആദ്യം ന്യായീകരിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്തതിന് സമാനമായി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും കോഴി കൂവുന്നതിന് മുൻപായി മൂന്ന് വട്ടം മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അന്വേഷണം തന്നിലേക്ക് അടുക്കുമ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. ലാവ്ലിൻ കേസിലും അതു കേരളം കണ്ടതാണ്.കഴിഞ്ഞ ദിവസം സിഎം രവീന്ദ്രന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രി രവീന്ദ്രന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനുള്ള ഇ ഡിയുടെ നടപടിയെ എന്തുകൊണ്ട് സ്വാഗതം ചെയ്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.
രവീന്ദ്രൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ വിനീതവിധേയൻ മാത്രമല്ല മന:സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ്. മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളിലും രവീന്ദ്രൻ ഒപ്പമുണ്ടായിരുന്നു.അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒന്നും നടക്കില്ല.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രാഥമിക സമ്പർക്കത്തിൽ വരുന്ന മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകാത്തത് വിചിത്രമാണ്. സിഎം രവീന്ദ്രന് ഇ ഡിയുടെ ചോദ്യങ്ങളെ ഫലപ്രദമായി നേരിടാനും തന്ത്രം മെനയാനും ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
സിഎം രവീന്ദ്രന്റെ സാമ്പത്തിക വളർച്ചയും ബിനാമി ഇടപാടുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടെയും സാമ്പത്തിക സ്രോതസ്‌കൂടി അന്വേഷിക്കണം.എൻഫോഴ്സ്മെന്റിനെ വീട്ടിലേക്ക് സ്വാഗതം ചെയ്ത മന്ത്രി ജലീലിന്റെ ക്ഷണം അന്വേഷണ ഏജൻസികൾ സ്വീകരിക്കണം.കെ.ടി.ജലീൽ ആദർശധീരനാണെങ്കിൽ വിദേശ എംമ്പസികളുമായുള്ള ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾകൂടി അന്വേഷിക്കാൻ എൻ.ഐ.എയെയും ക്ഷണിക്കാൻ തയ്യാറാകണം. ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തടയാൻ കേരള പൊലീസിന് ഉത്തരവ് നൽകിയത് ആരാണെന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയ സ്പീക്കറുടെ ഉത്തരവ് അസാധാരണമാണ്. ലൈഫ് പദ്ധതിയിലെ വിദേശഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അറിയാനുള്ള ആഗ്രഹം ജനങ്ങൾക്കുണ്ട്.ബിജെപിയുടെ ഇടപെടലുകളില്ലാതെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ പോയാൽ സ്വർണ്ണക്കടത്തിലേയും കള്ളപ്പണ,മയക്കുമരുന്നു കേസുകളിലെയും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ മുന്നിൽ വരുമെന്നതിൽ സംശയമില്ല.കേരളത്തിൽ വിജിലൻസിനെ കൂച്ചുവിലങ്ങിട്ട് തളച്ചിരിക്കുന്നു.യജമാനന്മാരുടെ ഉത്തരവിനായി കാത്തിരിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്.വിജിലൻസിന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകുന്നില്ലെന്നും നല്ല ഉദ്യോഗസ്ഥരെ നിശബ്ദരാക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വ്യാജ ഏറ്റുമുട്ടൽ മനുഷ്യത്വരഹിതം
മാവോവാദികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് കേന്ദ്രഫണ്ടിന് വേണ്ടിയാണെന്ന സിപിഐ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറയണം.സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പെട്ടന്നുള്ള മന:പരിവർത്തനത്തെ അഭിനന്ദിക്കുന്നുവെന്നും ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ള വിഷയത്തിൽ കാനം ഇത്തരം നിലപാട് സ്വീകരിക്കാനുള്ള ആർജ്ജവം കാട്ടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുന്നതിന് പകരം വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തുന്നത് പ്രാകൃതവും മനുഷ്യത്വരഹിതവുമാണ്.മാവോയിസ്റ്റുകളെ തോക്കിൻ കുഴലിലൂടെ ഉന്മൂലനം ചെയ്യുന്നതാണോ സർക്കാരിന്റെ നയം.കേരളത്തിലെ മാവോയിസ്റ്റ് വിഭാഗം ശക്തമല്ല.സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കൽക്കത്ത തീസീസ് അംഗീകരിച്ച സിപിഎമ്മിന് എങ്ങനെ ഇവരെ കൊന്നൊടുക്കാനാകും.സിപിഎമ്മിന്റെ അഖിലേന്ത്യാ നിലപാടാണോ മാവോയിസ്റ്റ് വേട്ട എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എൽഡിഎഫ് സർക്കാർ നാലര വർഷം കൊണ്ട് വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒൻപത് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നത്.ഇത്രയും വലിയ മനുഷ്യാവകാശ ധ്വംസനം നടന്നിട്ടും ഇവിടത്തെ മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നായകരും പ്രതിഷേധിക്കാത്തത് നിർഭാഗ്യകരമാണ്.
മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിൽ ദുരൂഹതയുണ്ട്.വയനാട് പടിഞ്ഞാറത്തറയിൽ പൊലീസ് വെടിവച്ചു കൊന്ന മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം നടപടികൾ സന്ദർശിക്കാൻ തന്റെ നിർദ്ദേശം അനുസരിച്ച് എത്തിയ കോൺഗ്രസ് നേതാക്കളോട് പൊലീസ് വളരെ മോശമായിട്ടാണ് പെരുമാറിയത്.ഇത് പൊലീസിന് പലതും മറച്ചുപിടിക്കാനുള്ളതുകൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ബാലാവകാശ കമ്മീഷൻ സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്.എൽഡിഎഫ് സർക്കാരിന്റെ നാലുവർഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണം.കേരള ജനതയെ നാണം കെടുത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു
വോട്ടർപട്ടിക കുറ്റമറ്റതല്ല
പുതുക്കിയ വോട്ടർപട്ടികയിൽ നിരവധി ക്രമക്കേടുകളുണ്ട്. കോൺഗ്രസ് ജനശക്തി പ്രോഗ്രാമിലൂടെ നിലവിലെ വോട്ടർപട്ടികയിൽ 55000 ഇരട്ടവോട്ടുകൾ കണ്ടെത്തി.ഇതുസംബന്ധിച്ച വ്യക്തമായ രേഖകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണ്.ഒരു തരത്തിലുള്ള അച്ചടക്ക ലംഘനങ്ങളും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ