- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരിയും പി ജയരാജനും കാനം രാജേന്ദ്രനും ക്യാപ്റ്റൻ പദപ്രയോഗത്തെ തള്ളിക്കളയുമ്പോൾ വ്യക്തി ആരാധനയിൽ അഭിരമിക്കുന്ന നേതാവായി പിണറായി മാറി; ഇല്ലാത്ത പ്രതിച്ഛായ വർധിപ്പിക്കാൻ 800 കോടി ചെലവാക്കിയ ആളിൽ നിന്ന് വേറെന്ത് മറുപടി? തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസം ഇരട്ടിയായെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ജനം പൂർണ്ണമായും തള്ളിക്കളഞ്ഞു.ജനങ്ങളിൽ നിന്നും ഒരുപാട് അകന്നുപോയ സർക്കാരാണ് ഇപ്പോൾ കേരളത്തിലേത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാക്കും പ്രവർത്തിയും രണ്ടായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. ജനക്ഷേമ പ്രവർത്തനങ്ങളെക്കാൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താൽപ്പര്യം ആഡംബരത്തിലും ധൂർത്തിലുമായിരുന്നു.കേരളത്തിന്റെ യശസ്സ് ദേശീയതലത്തിൽ തകർത്തു.സ്വർണ്ണക്കടത്തിന് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കൂട്ടുനിന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യം.കോവിഡ് കാലത്തും പോലും അഴിമതിയിൽ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധ. ഡാറ്റകച്ചവടവും ആഴക്കടൽ മത്സ്യബന്ധന കാരാറും ഒടുവിൽ പുറത്തു വന്ന ഉയർന്ന നിരക്കിൽ അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള കാരാറും അഴിമതി മണക്കുന്നതാണ്. ഈ ഇടപാടുകളിലെ ക്രമക്കേട് പ്രതിപക്ഷം കൈയോടെ പിടികൂടിയപ്പോൾ വ്യക്തമായ വിശദീകരണം കേരളീയ പൊതുസമൂഹത്തിന് നൽകാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.
വികസനം തൊട്ടുതീണ്ടാത്ത അഞ്ചുവർഷമാണ് കടന്ന് പോയത്.യുഡിഎഫ് സർക്കാർ തുടങ്ങിയ വമ്പൻ പദ്ധതികളെ സ്വന്തം അക്കൗണ്ടിൽ ചേർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.സർക്കാർ ജോലിക്കായി യുവാക്കൾ തെരുവിലിറങ്ങി സമരം ചെയ്തതും സമൂഹം മറന്നിട്ടില്ല.സ്വന്തക്കാരെയും ബന്ധുക്കളേയും പാർട്ടി അനുഭാവികളേയും സർക്കാർ ജോലിയിൽ പിൻവാതിൽ വഴി തിരുകിക്കയറ്റി.കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടതുസർക്കാർ തകർത്തെറിഞ്ഞു.
മദ്യ-ക്വാറി മാഫിയകൾക്ക് ആശ്വാസമായിരുന്നു പിണറായിയുടെ ഭരണകാലം.മനുഷ്യനിർമ്മിത പ്രളയത്തിൽ ജനങ്ങളെ മുക്കിക്കൊന്ന സർക്കാരാണിത്.അഞ്ചൂറോളം പേരുടെ മരണത്തിനും അരലക്ഷം കോടിയുടെ നാശനഷ്ടങ്ങൾക്കും ഇടവരുത്തിയതിന് ഉത്തരവാദി ഈ സർക്കാർ തന്നെയാണ്. അതിന് തെളിവാണ് ബംഗ്ലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്.
പാവപ്പെട്ട നികുതി ദായകന്റെ പണവും അതിനുപുറമെ കോടികളുടെ കടം എടുത്തും ധൂർത്തു നടത്തിയതാണ് ഈ സർക്കാരിന്റെ ഭരണ നേട്ടം.മാർച്ച് മാസത്തിൽ മാത്രം 8000 കോടി കടം എടുത്ത ശേഷം ട്രഷറിയിൽ 5000 കോടി മിച്ചമുണ്ടെന്ന് പറയുന്നത് വലിയ തമാശയാണ്.എൽഡിഎഫ് സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3.28 ലക്ഷം കോടിയാണ്. ഇതിനെല്ലാം പുറമെയാണ് കിഫ്ബിയെടുത്ത 12000 കോടിയുടെ കടം. ചുരുക്കത്തിൽ രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സർക്കാർ മാത്രം വരുത്തിവച്ച കടബാധ്യതയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് സഖാവെന്ന വിളിപ്പേര് പോലും ഇഷ്ടമല്ല. അതുകൊണ്ടാണ് അദ്ദേഹം ക്യാപ്റ്റനെന്ന് സ്വയംവിശേഷിപ്പിക്കുന്നത്.വ്യക്തി ആരാധനയിൽ അഭിരമിക്കുന്ന നേതാവായി മുഖ്യമന്ത്രി മാറി. കോടിയേരി ബാലകൃഷ്ണനും പി ജയരാജനും കാനം രാജേന്ദ്രനും ക്യാപ്റ്റൻ പദപ്രയോഗത്തെ തള്ളിക്കളയുമ്പോൾ തന്നെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഇല്ലാത്ത പ്രതിച്ഛായ വർധിപ്പിക്കാൻ 800 കോടി ചെലവാക്കിയ മുഖ്യമന്ത്രിയിൽ നിന്നും ഇതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കേണ്ടതില്ല. ബിംബവത്കരണത്തിൽ വിശ്വസിച്ചവരാണ് ലോകം കണ്ട ഏറ്റവും വലിയ സേച്ഛാധിപതികളായ ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും.അവരുടെ കോപ്ലക്സ് തന്നെയാണ് മുഖ്യമന്ത്രിയിലും പൂർണ്ണമായി സ്വാധീനിച്ചത്. അതുകൊണ്ടാണ് താൻ അദ്ദേഹത്തെ തുടരെത്തുടരെ സർവാധിപതിയെന്ന് വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ തികഞ്ഞ ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയുമാണ് കോൺഗ്രസിനും യുഡിഎഫിനും.രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ തടിച്ച് കൂടിയ ജനസാഗരം അതിന് തെളിവാണ്.കൃത്രിമമായി വാഹനങ്ങളിൽ കൊണ്ടുവന്ന നിർജീവ ജനക്കൂട്ടം അല്ലയിത്.ഹർഷാരവം മുഴക്കി കോൺഗ്രസിനും യുഡിഎഫിനും പിന്തുണ പ്രഖ്യാപിക്കുന്ന ജനസാഗരമാണിത്.മാറ്റത്തിനായി ജനം ആഗ്രഹിക്കുന്നു.
സർക്കാരുകളുടെ കടമയായ ക്ഷേമ പെൻഷനും കിറ്റ് വിതരണത്തിനും അതീതമായി ജനം പല വിഷയങ്ങളും ചർച്ച ചെയ്യുന്നു.പരാജയ ഭീതികൊണ്ടാണ് സിപിഎം സംഘപരിവാർ ശക്തികളുമായി ചേർന്ന് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയത്.ആ സഖ്യത്തിന്റെ ബലത്തിലാണ് കേരളത്തിൽ 35 സീറ്റ് നേടുമെന്ന് ബിജെപി അവകാശപ്പെടുന്നത്. കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മും ബിജെപിയും ഒന്നായി പ്രവർത്തിക്കുന്നു.പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ജനം നിരാശരും ദുഃഖിതരുമാണ്. ഒന്നും പറയാൻ കഴിയാതെ സിപിഎമ്മുമായുള്ള രഹസ്യ ബന്ധം ഒരിക്കൽക്കൂടി ഉറപ്പിക്കുന്ന രൂപത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗവും ശരീരഭാഷയുമെല്ലാം. ഇതിനെല്ലാം എതിരായ ജനവിധിയാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ