തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമർശം നടത്തിയ ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്ത്രീത്വത്തെയാണ് ജോയ്സ് ജോർജ് അപമാനിച്ചത്. സ്ത്രീവിരുദ്ധത ഇടതുനയമാണ്. ജോയ്സിന്റെ മനോവൈകൃതമാണ് ഇത്തരം ഒരു പരാമർശത്തിന് ആധാരം. സിപിഎമ്മിന് സ്ത്രീസുരക്ഷ വെറും വാക്കുകളിൽ മാത്രമാണുള്ളതെന്നതിന്റെ ഒടുവിലത്തെ തെളിവാണിത്. എൽഡിഎഫ് കൺവീനറായ എ.വിജയരാഘവനും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ രമ്യാഹരിദാസിനെതിരെ നടത്തിയിരുന്നു.

ജോയ്സ് നടത്തിയ അശ്ലീല പരാമർശത്തെ പിന്തുണയ്ക്കുന്ന എംഎം മണിയും സ്ത്രീത്വത്തെ തുടർച്ചായി അധിക്ഷേപിക്കുന്ന വ്യക്തിയാണ്.രാഹുൽ ഗാന്ധിയുടെ മഹത്വം തിരിച്ചറിയാനുള്ള വിവേകവും അറിവും ഇല്ലാതെ പോയതുകൊണ്ടാണ് ഇത്തരം ഒരു പരാമർശം ജോയ്സ് നടത്തിയത്. പൊതുപ്രവർത്തകർ ഉയർത്തിപിടിക്കേണ്ട രാഷ്ട്രീയ അന്തസ്സും സഭ്യതയും ഇടതുപക്ഷ നേതാക്കൾക്ക് നഷ്ടമായി.ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശത്തിന് എതിരെ ശക്തമായി പ്രതികരിക്കാൻ ഇടതുപക്ഷ സഹയാത്രികരായ വനിതകൾ രംഗത്ത് വരണമെന്നും ജോയ്സ് ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.