- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാമനിർദ്ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ്; സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം; സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്.സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ വെളിപ്പെടുത്തിയതിന് പിന്നാലെ എൻഎഡിഎ സ്ഥാനാർത്ഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനക്ഷേമ ഭരണം വാഗ്ദാനം ചെയ്താണ് യുഡിഎഫ് ജനവിധി തേടുന്നത്.അതിന് തെളിവാണ് യുഡിഎഫിന്റെ പ്രകടന പത്രിക.ശബരിമല വിഷയത്തിൽ സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഒളിച്ചുകളി വെളിപ്പെടുത്തുന്നതാണ് അവരുടെ പ്രകടനപത്രിക.വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഒരക്ഷരം പോലും എൽഡിഎഫിന്റെ പ്രകടന പത്രികയിലില്ല.40 ലക്ഷം പേർക്ക് തൊഴിൽ എന്നതും മറ്റൊരു തട്ടിപ്പാണ്.പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് എൽഡിഎഫ് പ്രകടന പ്രതികയിലുള്ളത്.
പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ എന്ന കണക്കിൽ പ്രതിവർഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാന ഉറപ്പ് പദ്ധതിയാണ് കോൺഗ്രസും യുഡിഎഫും മുന്നോട്ട് വയ്ക്കുന്ന സുപ്രധാന വാഗ്ദാനം.സമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിത്.ഇതിന്റെ ഗുണഫലം താഴെത്തട്ടിലുള്ള ജനങ്ങൾക്ക് യുഡിഎഫ് ഉറപ്പാക്കും. ഇതിന് പുറമെ ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുകയും ചെയ്യും.അടിസ്ഥാന വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകരുതെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ